'വെയിലടിച്ചു'; ന്യൂസിലന്‍ഡ്-പാക്കിസ്ഥാന്‍ ടി20 മത്സരം തടസപ്പെട്ടു

By Web TeamFirst Published Dec 22, 2020, 8:32 PM IST
Highlights

ന്യൂസിലന്‍ഡ് ഇന്നിംഗ്സിലെ പന്ത്രണ്ടാം ഓവറിലായിരുന്നു സംഭവം. കിവീസ് ബാറ്റ്സ്മാന്‍ ഗ്ലെന്‍ ഫിലിപ്സായിരുന്നു ഈ സമയം ക്രീസില്‍. ഹാരിസ് റൗഫ് ആയിരുന്നു പാക്കിസ്ഥാനു വേണ്ടി പന്തെറിഞ്ഞത്.

നേപ്പിയര്‍: ക്രിക്കറ്റില്‍ മഴ കാരണം മത്സരങ്ങള്‍ നിര്‍ത്തിവെക്കുന്നതും ഉപേക്ഷിക്കുന്നതും സാധാരണമാണ്. എന്നാല്‍ ഒരു ക്രിക്കറ്റ് മത്സരം വെയിലടിച്ചതിനെ തുടര്‍ന്ന് നിര്‍ത്തിവെച്ചാലോ. ന്യൂസിലന്‍ഡും പാക്കിസ്ഥാനും തമ്മിലുള്ള ടി20 പരമ്പരയിലെ മൂന്നാം മത്സരമാണ് കുറച്ചുനേരം നിര്‍ത്തി വെക്കേണ്ടിവന്നത്.

സൂര്യപ്രകാശം നേരിട്ട് ബാറ്റ്സ്മാന്‍റെ മുഖത്തേക്ക് അടിച്ച് പന്ത് കാണാന്‍ കഴിയാത്തതിനാല്‍ ന്യൂസിലന്‍ഡ് ബാറ്റിംഗിനിടെയാണ് മത്സരം കുറച്ചു നേരത്തേക്ക് നിര്‍ത്തിവെക്കേണ്ടി വന്നത്. കഴിഞ്ഞ വര്‍ഷം ജനുവരിയില്‍ ഇന്ത്യയുടെ ന്യൂസിലന്‍ഡ് പര്യടനത്തിനിടെയും സമാനമായ രീതിയില്‍ കളി നിര്‍ത്തിവെക്കേണ്ടി വന്നിരുന്നു.

Bright shining sun stops the play between New Zealand and Pakistan at Napier. pic.twitter.com/RTdLAGPD6D

— VARUN BHASIN (@varun4bhasin)

ന്യൂസിലന്‍ഡ് ഇന്നിംഗ്സിലെ പന്ത്രണ്ടാം ഓവറിലായിരുന്നു സംഭവം. കിവീസ് ബാറ്റ്സ്മാന്‍ ഗ്ലെന്‍ ഫിലിപ്സായിരുന്നു ഈ സമയം ക്രീസില്‍. ഹാരിസ് റൗഫ് ആയിരുന്നു പാക്കിസ്ഥാനു വേണ്ടി പന്തെറിഞ്ഞത്. എന്നാല്‍ വെയില്‍ മുഖത്തേക്ക് നേരിട്ട് അടിക്കുന്നതിനാല്‍ പന്ത് കണാന്‍ കഴിയുന്നില്ലെന്ന് ഗ്ലെന്‍ ഫിലിപ്സ് മൈക്രോഫോണിലൂടെ കമന്‍റേറ്റര്‍മാരോട് പരാതിപ്പെട്ടതിനെത്തുടര്‍ന്ന് മത്സരം അല്‍പനേരം നിര്‍ത്തിവെക്കാന്‍ അമ്പയര്‍മാര്‍ തീരുമാനിക്കുകയായിരുന്നു.

ബാറ്റ്സ്മാന്‍റെ മുഖത്ത് വെയിലടിക്കാതിരിക്കാനായി സാധാരണഗതിയില്‍ ക്രിക്കറ്റ് ഗ്രൗണ്ടുകള്‍ തെക്ക്-വടക്ക് ദിശയിലായിരിക്കും സ്ഥിതി ചെയ്യുന്നത്. എന്നാല്‍ നേപ്പിയറിലെ മക്‌ലാരന്‍ പാര്‍ക്ക് കിഴക്ക്-പടിഞ്ഞാറ് ദിശയിലാണ് സ്ഥിതി ചെയ്യുന്നത്. ഇതുമൂലം സൂര്യനുദിക്കുന്ന സമയത്തും അസ്തമയ സമയത്തും ബാറ്റ്സ്മാന്‍റെ മുഖത്തേക്ക് നേരിട്ട് സൂര്യപ്രകാശമടിക്കും.

ആദ്യം ബാറ്റ് ചെയ്ത ന്യൂസിലന്‍ഡ് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 173 റണ്‍സെടുത്തെങ്കിലും രണ്ട് പന്ത് ബാക്കി നിര്‍ത്തി പാക്കിസ്ഥാന്‍ ലക്ഷ്യത്തിലെത്തി. ടി20 പരമ്പര നേരത്തെ കിവീസ് നേടിയിരുന്നു.

click me!