ഇതിലും ഭേദം മെഡിക്കല്‍ സംഘത്തെ സെലക്ടര്‍മാരാക്കുന്നതാണ്, യോ യോ ടെസ്റ്റിനെതിരെ ഗവാസ്കര്‍

By Web TeamFirst Published Jan 9, 2023, 3:03 PM IST
Highlights

യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെ എല്ലാവരുടെയും കായികക്ഷമത പരിശോധിക്കാന്‍ ഒരേയൊരു യോ യോ ടെസ്റ്റ് നടത്തുന്നത് അനുചിതമാണ്. ഓരോരുത്തരുടെ ശാരീരിക പ്രത്യേകതകള്‍ അനുസരിച്ചാണ് കായികക്ഷമത വിലയിരുത്തേണ്ടത്.

മുംബൈ: ഇന്ത്യന്‍ ക്രിക്കറ്റ് താരങ്ങളുടെ ഫിറ്റ്നെസ് പരിശോധനക്കായി യോ യോ ടെസ്റ്റ് നിര്‍ബന്ധമാക്കാനുള്ള ബിസിസിഐ തീരുമാനത്തിനെതിരെ മുന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. യോ യോ ടെസ്റ്റ് വീണ്ടും കൊണ്ടുവരുന്നതിലും നല്ലത് സെലക്ടര്‍മാരായി മെഡിക്കല്‍ സംഘത്തെ ഉള്‍പ്പെടുത്തുന്നതാണെന്ന് ഗവാസ്കര്‍ മിഡ് ഡേ പത്രത്തിലെഴുതിയ കോളത്തില്‍ പറഞ്ഞു.

സ്പിന്നര്‍മാര്‍ക്കും പേസര്‍മാര്‍ക്കും വിക്കറ്റ് കീപ്പര്‍മാര്‍ക്കും ബാറ്റര്‍മാര്‍ക്കും വെവ്വേറെ ശാരീരികക്ഷമതയാണ് വേണ്ടതെന്നതിനാല്‍ എല്ലാ കളിക്കാരുടെയും ഫിറ്റ്നെസ് പരിശോധനക്ക് യോ യോ ടെസ്റ്റ് നടത്തുന്നത് അര്‍ത്ഥശൂന്യമാണെന്നും ഗവാസ്കര്‍ പറഞ്ഞു. കായികക്ഷമത എന്നത് വ്യക്തിപരമായ കാര്യമാണ്. കായികക്ഷമത എല്ലാവര്‍ക്കും ഒരുപോലെയാകില്ല. സ്പിന്നര്‍മാരെ അപേക്ഷിച്ച് പേസര്‍മാര്‍ക്ക് കായികക്ഷമത കൂടുതല്‍ വേണ്ടിവരും. എന്നാല്‍ പേസര്‍മാരെ അപേക്ഷിച്ച് വിക്കറ്റ് കീപ്പര്‍മാര്‍ക്ക് കായികക്ഷമത വേണ്ടിവരും. ബാറ്റര്‍മാര്‍ക്ക് താരതമ്യേന കുറഞ്ഞ കായികക്ഷമത മതിയാവും.

വീണ്ടും ട്വിസ്റ്റ്, ജസ്പ്രീത് ശ്രീലങ്കക്കെതിരായ ഏകദിന പരമ്പരയില്‍ ജസ്പ്രീത് ബുമ്ര കളിക്കില്ല

യാഥാര്‍ത്ഥ്യം ഇതാണെന്നിരിക്കെ എല്ലാവരുടെയും കായികക്ഷമത പരിശോധിക്കാന്‍ ഒരേയൊരു യോ യോ ടെസ്റ്റ് നടത്തുന്നത് അനുചിതമാണ്. ഓരോരുത്തരുടെ ശാരീരിക പ്രത്യേകതകള്‍ അനുസരിച്ചാണ് കായികക്ഷമത വിലയിരുത്തേണ്ടത്. ഫിറ്റ്നെസ് പ്രധാനമാണ് എന്നത് സമ്മതിക്കുന്നു. എന്തുകൊണ്ട് ക്രിക്കറ്റ് താരങ്ങളുടെ കായികക്ഷമതാ പരിശോധന മാധ്യമങ്ങള്‍ക്കൊ ആരാധകര്‍ക്കോ മുമ്പില്‍ നടത്താത്തതെന്നും അങ്ങനെ നടത്തിയാല്‍ ആരൊക്കെയാണ് യോ യോ എല്ലാവര്‍ക്കും അറിയാമല്ലോ എന്നും ഗവാസ്കര്‍ ചോദിച്ചു.

ടി20 ലോകകപ്പിലെ തോല്‍വി ചര്‍ച്ച ചെയ്യാനായി ഈ മാസമാദ്യം ചേര്‍ന്ന ബി സി സി ഐ യോഗമാണ് കളിക്കാര്‍ക്ക് യോ യോ ടെസ്റ്റും എല്ലുകളുടെ പരിശോധനയിലൂടെ പരിക്കേല്‍ക്കാനുള്ള സാധ്യത മുന്‍കൂട്ടി കണ്ടെത്തുന്ന ഡെക്സ ടെസ്റ്റും നടത്താന്‍ തീരുമാനിച്ചത്. കൊവിഡ് പശ്ചാത്തലത്തില്‍ രണ്ട് മൂന്ന് വര്‍ഷമായി കായിക്ഷമതാ പരിശോധനക്ക് യോ യോ ടെസ്റ്റ് നിര്‍ബന്ധമാക്കിയിരുന്നില്ല.

click me!