ശ്രേയസിന് പ്രശംസ; പന്തിന്‍റെ പരാജയത്തില്‍ കോലിയെ വിമര്‍ശിച്ച് ഗാവസ്‌കര്‍

By Web TeamFirst Published Aug 12, 2019, 11:13 AM IST
Highlights

ഋഷഭ് പന്തിനെ നാലാം നമ്പറില്‍ നിലനിര്‍ത്തിയ നായകന്‍ വിരാട് കോലിയുടെ തീരുമാനത്തെ വിമര്‍ശിച്ച് സുനില്‍ ഗാവസ്‌കര്‍

പോര്‍ട്ട് ഓഫ് സ്‌പെയ്‌ന്‍: വെസ്റ്റ് ഇന്‍ഡീസിനെതിരെ രണ്ടാം ഏകദിനത്തില്‍ തിളങ്ങിയ ശ്രേയസ് അയ്യരെ പ്രശംസിച്ചും ഋഷഭ് പന്തിനെ നാലാമതിറക്കിയ നായകന്‍ വിരാട് കോലിയെ വിമര്‍ശിച്ചും ഇതിഹാസ താരം സുനില്‍ ഗാവസ്‌കര്‍. അഞ്ചാമനായി ഇറങ്ങിയ ശ്രേയസ് 71 റണ്‍സ് നേടി മധ്യനിരയില്‍ കോലിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കിയിരുന്നു. എന്നാല്‍ നാലാമനായ പന്ത് വെറും 20 റണ്‍സ് മാത്രമാണ് നേടിയത്. 

'ഋഷഭ് മികച്ച താരമാണ്. അഞ്ച്, ആറ് നമ്പറുകളിലാണ് താരത്തിന് സ്വതസിദ്ധമായ ശൈലിയില്‍ ബാറ്റ് ചെയ്യാനാവുക. രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും വിരാട് കോലിയും 40-45 ഓവര്‍ വരെ ബാറ്റ് ചെയ്താല്‍ ഋഷഭ് നാലാം നമ്പറിലിറങ്ങണം. എന്നാല്‍ 30-35 ഓവറുകള്‍ക്കിടയില്‍ ബാറ്റ് ചെയ്യേണ്ടിവന്നാല്‍ പന്തിനെ മറികടന്ന് ശ്രേയസാണ് നാലാം നമ്പറിലെത്തേണ്ടത്. രണ്ടാം ഏകദിനത്തില്‍ ശ്രേയസ് ലഭിച്ച അവസരം മുതലാക്കി. കോലിക്കൊപ്പം മികച്ച കൂട്ടുകെട്ടുണ്ടാക്കി. മധ്യനിരയില്‍ ശ്രേയസിന് മികച്ച ഇന്നിംഗ്‌സുകള്‍ കളിക്കാനാകും' എന്നും ഗാവസ്‌കര്‍ പറഞ്ഞു. 

നാലാം നമ്പറില്‍ യുവതാരം ഋഷഭ് പന്തും അഞ്ചാമനായി ശ്രേയസ് അയ്യരും കളിക്കുമെന്ന് കോലി മത്സരത്തിന് മുന്‍പ് വ്യക്തമാക്കിയിരുന്നു. എന്നാല്‍ ഓപ്പണര്‍മാരായ രോഹിത് ശര്‍മ്മയും ശിഖര്‍ ധവാനും വേഗം മടങ്ങിയിട്ടും ബാറ്റിംഗ് ക്രമത്തില്‍ കോലി മാറ്റംവരുത്തിയില്ല. ഋഷഭ് പന്ത് ബാറ്റിംഗ് പരാജയം വീണ്ടുമാവര്‍ത്തിച്ചതോടെയാണ് കോലിയുടെ തീരുമാനം ഗാവസ്‌കര്‍ ചോദ്യം ചെയ്തത്. 35 പന്തില്‍ 20 റണ്‍സെടുത്ത് നില്‍ക്കവെ ബ്രാത്ത്‌വെയ്റ്റിന്‍റെ പന്തില്‍ ഋഷഭ് ബൗള്‍ഡാവുകയായിരുന്നു. 

click me!