
അഹമ്മദാബാദ്: ഈ വര്‍ഷം ഒക്ടോബര്‍-നവംബര്‍ മാസങ്ങളിലായി ഇന്ത്യയില്‍ നടക്കുന്ന ഏകദിന ലോകകപ്പ് കഴിഞ്ഞാല്‍ ടി20 ക്രിക്കറ്റിന് പിന്നാലെ ഏകദിനങ്ങളിലും രോഹിത് ശര്‍മയുടെ പിന്‍ഗാമിയായി ഹാര്‍ദ്ദിക് പാണ്ഡ്യയെ നായകനാക്കണമെന്ന് മുന്‍ ഇന്ത്യന്‍ താരം സുനില്‍ ഗവാസ്കര്‍. ഏകദിനങ്ങളിലും രോഹിത്തില്‍ നിന്ന് ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുക്കാന്‍ ഏറ്റവും അനുയോജ്യനായ കളിക്കാരനാണ് ഹാര്‍ദ്ദിക്കെന്നും ഗവാസ്കര്‍ പറഞ്ഞു.
ഈ ആഴ്ച തുടങ്ങുന്ന ഓസ്ട്രേലിയക്കെതിരായ ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തില്‍ രോഹിത് ശര്‍മ വ്യക്തിപരമായ കാരണങ്ങളാല്‍ കളിക്കില്ല. രോഹിത്തിന്‍റെ അഭാവത്തില്‍ ഹാര്‍ദ്ദിക് പാണ്ഡ്യയാണ് ആദ്യ മത്സരത്തില്‍ ഇന്ത്യയെ നയിക്കുന്നത്. ഈ സാഹചര്യത്തിലാണ് ലോകകപ്പിനുശേഷം ഏകദിനങ്ങളിലും പാണ്ഡ്യയെ ഇന്ത്യയുടെ സ്ഥിരം നായകനാക്കണമെന്ന് ഗവാസ്കര്‍ പ്രതികരിച്ചത്.
ഓസീസിനെ ഏകദിന പരമ്പരയില്‍ തവിടുപൊടിയാക്കണം, ഇന്ത്യന്‍ ടീം മുംബൈയില്‍; പദ്ധതികള്‍ ഇങ്ങനെ
ടീം അംഗങ്ങള്‍ക്ക് അവരുടെ സ്വാഭാവിക പ്രകടനം പുറത്തെടുക്കാന്‍ അവസരം നല്‍കുന്ന നായകനാണ് ഹാര്‍ദ്ദിക്കെന്നും അത് തന്നെ മികച്ച നായകന്‍റെ ലക്ഷണമാണെന്നും ഗവാസ്കര്‍ സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ടോക് ഷോയില്‍ പറഞ്ഞു. ഹാര്‍ദ്ദിക് നായകനാകുമ്പോള്‍ അദ്ദേഹം കളിക്കാരെ കൈകാര്യം ചെയ്യുന്ന രീതി മൂലം ടീം അംഗങ്ങളെല്ലാം വളരെയേറെ കംഫര്‍ട്ടബിളാണ്. അത് കളിക്കാരെ അവരുടെ സ്വാഭാവിക പ്രകടനം പുറത്തെടുക്കാന്‍ സഹായിക്കും. അതുപോലെ കളിക്കാരെ പ്രചോദിപ്പിക്കുന്നതിലും ഹാര്‍ദ്ദിക് മുന്നിലാണ്. ഇതെല്ലാം ഒരു നല്ല നായകന്‍റെ ലക്ഷണങ്ങളാണ്.
മധ്യനിരയില്‍ കളി മാറ്റിമറിക്കാന്‍ കഴിവുള്ള കളിക്കാരന്‍ കൂടിയാണ് ഹാര്‍ദ്ദിക്. ഐപിഎല്ലില്‍ ഗുജറാത്തിനെ നയിക്കുമ്പോഴും ടീമിന് അതിവേഗം റണ്‍സടിക്കേണ്ട ഘട്ടങ്ങളില്‍ ബാറ്റിംഗ് ഓര്‍ഡറില്‍ സ്വയം പ്രമോട്ട് ചെയ്ത് നേരത്തെ ഇറങ്ങാന്‍ അദ്ദേഹം ശ്രദ്ധിക്കാറുണ്ട്. ഗുജറാത്ത് ടൈറ്റന്‍സിനെയും ഇന്ത്യന്‍ ടി20 ടീമിനെയും ഹാര്‍ദ്ദിക് നയിച്ച രീതി കണ്ട് അദ്ദേഹത്തിന്‍റെ ടി20 ക്യാപ്റ്റന്‍സിയിലും എനിക്കേറെ മതിപ്പാണ്. അതുകൊണ്ടുതന്നെ രോഹിത്തിന്‍റെ അഭാവത്തില്‍ ഓസ്ട്രേലിയക്കെതിരെ മുംബൈയില്‍ നടക്കുന്ന ആദ്യ ഏകദിനത്തില്‍ ഇന്ത്യയെ നയിക്കുന്ന ഹാര്‍ദ്ദിക്കിന് ടീമിനെ ജയത്തിലേക്ക് നയിക്കാനായാല്‍ ഉറപ്പിച്ചോളു, 2023 ലോകകപ്പിനുശേഷം ഹാര്‍ദ്ദിക്ക് ഇന്ത്യയുടെ ഏകദിന നായകനുമാകുമെന്ന് ഗവാസ്കര്‍ പറഞ്ഞു.