
മുംബൈ: ഓസ്‌ട്രേലിയക്ക് എതിരായ ഏകദിന പരമ്പരയ്ക്ക് മുന്നോടിയായി രോഹിത് ശര്‍മ്മയുള്‍പ്പടെയുള്ള ഇന്ത്യന്‍ താരങ്ങള്‍ മുംബൈയിലെത്തി. ടെസ്റ്റ് പരമ്പരയില്‍ കളിച്ച വിരാട് കോലി, ശുഭ്‌മാന്‍ ഗില്‍, രവീന്ദ്ര ജഡേജ, അക്സര്‍ പട്ടേല്‍ എന്നിവര്‍ മുംബൈയിലെത്തിയ സംഘത്തിലുണ്ട്. മുംബൈയില്‍ മാര്‍ച്ച 17നാണ് ഇന്ത്യ-ഓസീസ് ഏകദിന പരമ്പര ആരംഭിക്കുന്നത്. മാര്‍ച്ച് 15ന് ആദ്യ പരിശീലന സെഷന്‍ മുംബൈയില്‍ ആരംഭിക്കും. മുംബൈക്ക് പുറമെ വിശാഘപട്ടണം, ചെന്നൈ എന്നിവിടങ്ങളിലാണ് മറ്റ് മത്സരങ്ങള്‍.
നായകന്‍ രോഹിത് ശര്‍മ്മ ആദ്യ ഏകദിനത്തില്‍ വ്യക്തിപരമായ കാരണങ്ങളാല്‍ കളിക്കില്ല. ഈ മത്സരത്തില്‍ ഹാര്‍ദിക് പാണ്ഡ്യയാവും ടീമിനെ നയിക്കുക. ഏഴ് മാസത്തെ ഇടവേളയ്ക്ക് ശേഷം ഏകദിനം കളിക്കാനൊരുങ്ങുകയാണ് ഓള്‍റൗണ്ടര്‍ രവീന്ദ്ര ജഡേജ. 10 വര്‍ഷത്തെ ഇടവേളയ്ക്ക് ശേഷം പേസര്‍ ജയ്‌ദേവ് ഉനദ്‌കട്ട് ഏകദിന സ്ക്വാഡിലുള്ളതും സവിശേഷതയാണ്. പരിക്കേറ്റ ശ്രേയസ് അയ്യരുടെ പകരക്കാരനെ ഇന്ത്യന്‍ സീനിയര്‍ സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചിട്ടില്ല.
ഓസീസ് നിരയിലാവട്ടെ പരിക്കേറ്റ ജോഷ് ഹേസല്‍വുഡും ജേ റിച്ചാര്‍ഡ്‌സണും ഏകദിന മത്സരങ്ങള്‍ നഷ്‌ടമാകും. അമ്മയുടെ വേര്‍പാടിനെ തുടര്‍ന്ന് നാട്ടിലുള്ള പാറ്റ് കമ്മിന്‍സിന്‍റെ അഭാവത്തില്‍ സ്റ്റീവ് സ്‌മിത്താവും ഓസീസ് സ്ക്വാഡിനെ ഏകദിന മത്സരങ്ങളില്‍ നയിക്കുക. ടെസ്റ്റ് പരമ്പരയ്ക്കിടെ പരിക്കേറ്റ ഡേവിഡ് വാര്‍ണര്‍ ഏകദിന മത്സരങ്ങളില്‍ കളിക്കുമെന്ന് ഉറപ്പായിട്ടുണ്ട്. ടെസ്റ്റ് പരമ്പര പൂർത്തിയാക്കാതെ നാട്ടിലേക്ക് മടങ്ങിയ സ്‌പിന്നര്‍ ആഷ്‌ടണ്‍ അഗറും തിരിച്ചെത്തും.
ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), ശുഭ്‌മാന്‍ ഗില്‍, വിരാട് കോലി, ശ്രേയസ് അയ്യര്‍, സൂര്യകുമാര്‍ യാദവ്, കെ എല്‍ രാഹുല്‍, ഇഷാന്‍ കിഷന്‍(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ(വൈസ് ക്യാപ്റ്റന്‍), രവീന്ദ്ര ജഡേജ, കുല്‍ദീപ് യാദവ്, വാഷിംഗ്ടണ്‍ സുന്ദര്‍, യുസ്‌വേന്ദ്ര ചാഹല്‍, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്, ഉമ്രാന്‍ മാലിക്, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, അക്‌സര്‍ പട്ടേല്‍, ജയ്‌ദേവ് ഉനദ്‌കട്ട്.
ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിന് മുമ്പ് വന്‍ നീക്കവുമായി ഇന്ത്യ; പദ്ധതി വെളിപ്പെടുത്തി രോഹിത് ശർമ്മ