
മുംബൈ: ഒരുപാട് കാലമായി പരിക്കും ഫോമിലില്ലായ്മയും കാരണം ഇന്ത്യന്‍ ടീമിന് അകത്തും പുറത്തുമാണ് പേസര്‍ ഭുവനേശ്വര്‍ കുമാര്‍ (Bhuvneshwar Kumar). പഴയ മൂര്‍ച്ചയോ കൃത്യതയോ ഇപ്പോള്‍ താരത്തിന്റെ പന്തുകള്‍ക്കില്ല. ദക്ഷിണാഫ്രിക്കന്‍ പര്യടനത്തില്‍ താരത്തിന് വേണ്ടത്ര തിളങ്ങാന്‍ സാധിച്ചിരുന്നില്ല. ആദ്യ രണ്ട് ഏകദിനങ്ങളില്‍ ഒരു വിക്കറ്റ് പോലും താരം വീഴ്ത്തിയില്ല. പിന്നാലെ മൂന്നാം മത്സരത്തില്‍ നിന്ന് ഒഴിവാക്കുകയും ചെയ്തു.
മുന്‍ ഇന്ത്യന്‍ താരവും കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ (Sunil Gavaskar) ഭുവിയുടെ കാര്യത്തില്‍ ആശങ്ക പ്രകടിപ്പിച്ചു. ഭുവിക്ക് മത്സരത്തില്‍ യാതൊരുവിധ സ്വാധീനവും ഉണ്ടാക്കാന്‍ കഴിയുന്നില്ലെന്നാണ് ഗവാസ്‌കര്‍ പറയുന്നത്. ''പഴയ വേഗതയും കൃത്യതയുമെല്ലാം ഭുവിക്ക് നഷ്്ടമായി. ഡെത്ത് ഓവറുകളിലും നേരത്തേ നന്നായി പന്തെറിയാനായിരുന്നു. ഈ കഴിവെല്ലാം അദ്ദേഹത്തിന് നഷ്ടമായിരിക്കുന്നു. വളരെ അനായാസമാണ് എതിര്‍ ടീം ബാറ്റര്‍മാര്‍ ഭുവിയെ കൈകാര്യം ചെയ്യുന്നത്. ഇന്ത്യയുടെ ഏറ്റവും മികച്ച സ്വിങ് ബൗളറായിരുന്ന ഭുവിക്ക് ഇപ്പോള്‍ ഒരു സ്വാധീനവും ചെലുത്താനാകുന്നില്ല.'' ഗവാസ്‌കര്‍ പറഞ്ഞു.
ഭുവിക്ക് പകരം ദീപക് ചാഹറിനെ വളര്‍ത്തിയെടുക്കാന്‍ ഇന്ത്യ ശ്രദ്ധിക്കണമെന്നും ഗവാസ്‌കര്‍. ''ഇരുവശങ്ങളിലേക്കു പന്ത് സ്വിങ് ചെയ്യിക്കാന്‍ ചാഹറിനു കഴിയും. യുവതാരമാണ്, ഭുവിയെപ്പോലെ തന്നെ ബൗള്‍ ചെയ്യുന്നയാളാണ്. കൂടാതെ വാലറ്റത്തു ബാറ്റിങിലും ടീമിനു വേണ്ടി നല്ല സംഭാവന ചെയ്യാന്‍ കഴിയും.'' ഗവാസ്‌കര്‍ വിശദീകരിച്ചു.
ഭുവിക്ക് ഇനി എന്തു തരത്തിലുള്ള ഭാവിയാണ് ഉണ്ടാവുകയെന്നതില്‍ എനിക്കുറപ്പില്ലെന്നും ഒരു ഇടവേളയെടുത്ത ശേഷം തിരിച്ചുവരുന്നതാണ് നല്ലതെന്നും ഗവാസ്‌കര്‍ കൂട്ടിച്ചേര്‍ത്തു.
വിന്‍ഡീസിനെതിരെ നടക്കാനിരക്കുന്ന ഏകദിന പരമ്പരയില്‍ നിന്നും ഭുവിയെ ഇന്ത്യ ഒഴിവാക്കിയിരുന്നു. എന്നാല്‍ ടി20 പരമ്പരയില്‍ ഇടം നേടി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!