ബംഗ്ലാദേശിനോടേറ്റ നാണംകെട്ട തോല്‍വിയുടെ കാരണക്കാരന്‍ അവന്‍ തന്നെ; പേരെടുത്ത് പറഞ്ഞ് ഗവാസ്‌കര്‍

By Web TeamFirst Published Dec 5, 2022, 4:45 PM IST
Highlights

തോല്‍വിക്ക് പിന്നാലെ ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. കെ എല്‍ രാഹുല്‍ കൈവിട്ട ക്യാച്ചിനെയാണ് ഗവാസ്‌കര്‍ പഴിക്കുന്നത്.

ധാക്ക: നാണംകെട്ട തോല്‍വിയാണ് ബംഗ്ലാദേശിനെതിരെ ആദ്യ ഏകദിനത്തില്‍ ഇന്ത്യന്‍ ടീം ഏറ്റുവാങ്ങിയത്. ഷേര്‍ ബംഗ്ലാ നാഷണല്‍ സ്‌റ്റേഡിയത്തില്‍ ഇന്ത്യ ഒരു വിക്കറ്റിന് തോല്‍ക്കുകയായിരുന്നു. ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ഇന്ത്യ 41.2 ഓവറില്‍ 186ന് എല്ലാവരും പുറത്തായി. മറുപടി ബാറ്റിംഗില്‍ ആതിഥേയര്‍ 46 ഓവറില്‍ ഒരു വിക്കറ്റ് ശേഷിക്കെ ലക്ഷ്യം മറികടന്നു. 39 പന്തില്‍ 38 റണ്‍സുമായി പുറത്താവാതെ നിന്ന മെഹിദി ഹസന്‍ മിറാസാണ് ബംഗ്ലാദേശിന് വിജയത്തിലേക്ക് നയിച്ചത്. 

തോല്‍വിക്ക് പിന്നാലെ ടീമിനെതിരെ കടുത്ത വിമര്‍ശനവുമായി എത്തിയിരിക്കുകയാണ് മുന്‍ ക്യാപ്റ്റനും ഇപ്പോള്‍ കമന്റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍. കെ എല്‍ രാഹുല്‍ കൈവിട്ട ക്യാച്ചിനെയാണ് ഗവാസ്‌കര്‍ പഴിക്കുന്നത്. മത്സരം കൈവിടാനുള്ള പ്രധാന കാരണം ആ ക്യാച്ച് വിട്ടുകളഞ്ഞതാണെന്ന് ഗവാസ്‌കര്‍ കുറ്റപ്പെടുത്തി. ''ബാറ്റര്‍മാര്‍ നിരാശപ്പെടുത്തുന്ന പ്രകടനമാണ് പുറത്തെടുത്തത്. 70-80റണ്‍സെങ്കിലും ഇന്ത്യ കൂടുതല്‍ നേടണമായിരുന്നു. ചെറിയ സ്‌കോറില്‍ പുറത്തായിട്ടും ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് വിജയപ്രതീക്ഷ നല്‍കാന്‍ സാധിച്ചു. രാഹുല്‍ കൈവിട്ട ക്യാച്ചാണ് മത്സരം ഇന്ത്യക്ക് നഷ്ടമാക്കിയത്. ബംഗ്ലാദേശിന് ഒമ്പത് വിക്കറ്റ് നഷ്ടമായിരിക്കെ രാഹുല്‍ ആ ക്യാച്ച് എടുക്കണമായിരുന്നു.'' ഗവാസ്‌കര്‍ പറഞ്ഞു. 

136ന് 9 എന്ന നിലയില്‍ നിന്നാണ് ബംഗ്ലാദേശ് 187 റണ്‍സില്‍ എത്തിയത്. മെഹ്ദി ഹസന്‍ 17 റണ്‍സില്‍ നില്‍ക്കെയായിരുന്നു ക്യാച്ച് കൈവിട്ടത്. പിന്നീട് പുറത്താകാതെ 38 റണ്‍സെടുത്ത മെഹ്ദിയാണ് കളി ബംഗ്ലാദേശിന് അനുകൂലമാക്കിയത്. നേരത്തെ, 73 റണ്‍സെടുത്ത രാഹുല്‍ മാത്രമാണ് ബാറ്റിംഗില്‍ ഇന്ത്യന്‍ നിരയില്‍ തിളങ്ങിയിരുന്നത്. രോഹിത് ശര്‍മ (27), ശ്രേയസ് അയ്യര്‍ (24) എന്നിവരാണ് ഭേദപ്പെട്ട പ്രകടനം പുറത്തെടുത്ത മറ്റുതാരങ്ങള്‍. വിരാട് കോലി (9), ശിഖര്‍ ധവാന്‍ (7) എന്നിവര്‍ പാടെ നിരാശപ്പെടുത്തി. അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഷാക്കിബ് അല്‍ ഹസ്സന്റെയും നാല് വിക്കറ്റ് വീഴ്ത്തിയ എബാദത്ത് ഹൊസൈനുമാണ് ഇന്ത്യയെ 186ല്‍ എറിഞ്ഞിട്ടത്. പരമ്പരയിലെ രണ്ടാം മത്സരം മറ്റന്നാള്‍ നടക്കും.

2027 ഏഷ്യന്‍ കപ്പ് ഫുട്‌ബോള്‍: വേദിയാവാന്‍ ഇന്ത്യയില്ല; പിന്മാറ്റം ഏഷ്യന്‍ ഫുട്‌ബോള്‍ ഫെഡറേഷനെ അറിയിച്ചു

click me!