
മുംബൈ: ജൂണില്‍ ഇംഗ്ലണ്ടിലെ ഓവലില്‍ ഓസ്ട്രേലിയക്കെതിരായ ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീമിനെ കഴിഞ്ഞ ദിവസമാണ് സെലക്ടര്‍മാര്‍ പ്രഖ്യാപിച്ചത്. ഒന്നര വര്‍ഷത്തെ ഇടവേളക്കുശേഷം അജിങ്ക്യാ രഹാനെ ടെസ്റ്റ് ടീമിലേക്ക് തിരിച്ചെത്തിയതും സൂര്യകുമാര്‍ യാദവ് ടെസ്റ്റ് ടീമില്‍ നിന്ന് പുറത്തായതുമായിരുന്നു ടീം സെലക്ഷനിലെ ഏറ്റവും വലയി പ്രത്യേകത.
ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി പുറത്തെടുത്ത മിന്നുന്ന പ്രകടനങ്ങളുടെയും കഴിഞ്ഞ രഞ്ജി സീസണില്‍ കാഴ്ചവെച്ച മികച്ച പ്രകടനത്തിന്‍റെയും കരുത്തിലാണ് രഹാനെ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയത്. ഐപിഎല്ലില്‍ ചെന്നൈക്കായി അഞ്ച് ഇന്നിംഗ്സുകളില്‍ നിന്ന് 199.05 സ്ട്രൈക്ക് റേറ്റില്‍ 209 റണ്‍സടിച്ച രഹാനെ രഞ്ജി ട്രോഫിയില്‍ ഏഴ് മത്സരങ്ങളില്‍ 57 റണ്‍സ് ശരാശറിയില്‍ 634 റണ്‍സടിച്ചിരുന്നു.
ഇതിനിടെ ഫൈനലില്‍ ഇന്ത്യന്‍ ഇലവനെ തെരഞ്ഞെടുത്തിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനായ സുനില്‍ ഗവാസ്കര്‍. സ്റ്റാര്‍ സ്പോര്‍ട്സിലെ ടോക് ഷോയിലാണ് ഗവാസ്കര്‍ ഫൈനലില്‍ ആരൊക്കെയാകണം ഇന്ത്യയുടെ അന്തിമ ഇലവനില്‍ ഉണ്ടാകേണ്ടത് എന്ന് തെരഞ്ഞെടുത്തത്.
ഓപ്പണര്‍ സ്ഥാനത്ത് ക്യാപ്റ്റന്‍ രോഹിത് ശര്‍മക്കൊപ്പം ശുഭ്മാന്‍ ഗില്ലിന് തന്നെയാണ് ഗവാസ്കര്‍ അവസരം നല്‍കുന്നത്. വണ്‍ ഡൗണായി ചേതേശ്വര്‍ പൂജാരയും നാലാം നമ്പറില്‍ വിരാട് കോലിയും എത്തുമ്പോള്‍ ടെസ്റ്റ് ടീമില്‍ തിരിച്ചെത്തിയ രഹാനെക്ക് ഗവാസ്കര്‍ പ്ലേയിംഗ് ഇലവനില്‍ ഇടം നല്‍കി. കെ എല്‍ രാഹുലാണ് വിക്കറ്റ് കീപ്പറായി ടീമിലിടം നേടിയത്.
അര്‍ജ്ജുന്‍ എക്സ്ട്രാ ബൗളര്‍, അതുകൊണ്ട് രണ്ടോവര്‍ പന്തെറിഞ്ഞാല്‍ മതി; ന്യായീകരിച്ച് ഓസീസ് പരിശീലകന്‍
സ്പെഷലിസ്റ്റ് വിക്കറ്റ് കീപ്പറായ കെ എസ് ഭരതിന് പകരമാണ് ഗവാസ്കര്‍ രാഹുലിനെ വിക്കറ്റ് കീപ്പറായി പ്ലേയിംഗ് ഇലവനില്‍ ഉള്‍പ്പെടുത്തിയത്. സ്പിന്‍ ഓള്‍ റൗണ്ടര്‍മാരായി രവീന്ദ്ര ജഡേജയും ആര്‍ അശ്വിനും എത്തുമ്പോള്‍ പേസര്‍മാരായി മുഹമ്മദ് സിറാജ്, മുഹമ്മദ് ഷമി, ജയദേവ് ഉനദ്ഘട്ട് എന്നിവരെയാണ് ഗവാസ്കര്‍ ടീമിലെടുത്തത്. പേസ് ഓള്‍ റൗണ്ടറായി ടീമിലുള്ള ഷര്‍ദ്ദുല്‍ ഠാക്കൂറിന് ഗവാസ്കര്‍ പ്ലേയിംഗ് ഇലവനല്‍ ഇടം നല്‍കിയില്ല എന്നതും ശ്രദ്ധേയമാണ്.
ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനലിനുള്ള ഇന്ത്യന്‍ ടീം: രോഹിത് ശർമ്മ, ശുഭ്മാൻ ഗിൽ, ചേതേശ്വര് പൂജാര, വിരാട് കോലി, അജിങ്ക്യ രഹാനെ, കെ എൽ രാഹുൽ, കെ എസ് ഭരത്, രവിചന്ദ്രൻ അശ്വിൻ, രവീന്ദ്ര ജഡേജ, അക്സർ പട്ടേൽ, ഷർദുൽ താക്കൂർ, മുഹമ്മദ് ഷമി, മുഹമ്മദ് സിറാജ്. , ഉമേഷ് യാദവ്, ജയദേവ് ഉനദ്ഘട്ട്.