
മുംബൈ: ഏഷ്യാ കപ്പിനുള്ള ഇന്ത്യൻ ടീമിനെ സെലക്ടര്‍മാര്‍ ഇന്നലെ പ്രഖ്യാപിച്ചപ്പോള്‍ ഓപ്പണര്‍മാരായി സഞ്ജു സാംസണെയും അഭിഷേക് ശര്‍മയെയും നിലനിര്‍ത്തിയെങ്കിലും വൈസ് ക്യാപ്റ്റനും ഓപ്പണറുമായി ശുഭ്മാന്‍ ഗില്ലിനെയും ടീമിലെടുത്തിരുന്നു. വൈസ് ക്യാപ്റ്റനായതിനാല്‍ ഗില്‍ സ്വാഭാവികമായും പ്ലേയിംഗ് ഇലവനിലെത്തുമെന്നും അഭിഷേക് ശര്‍മ ടി20 റാങ്കിംഗിലെ ഒന്നാം നമ്പര്‍ ബാറ്ററായതിനാല്‍ പ്ലേയിംഗ് ഇലവനില്‍ തുടരുമെന്നും സ്വാഭാവികമായും സഞ്ജുവിന് പ്ലേയിംഗ് ഇലവനില്‍ അവസരം ലഭിക്കില്ലെന്നുമായിരുന്നു പൊതുവെയുള്ള വിലയിരുത്തല്‍. എന്നാല്‍ സഞ്ജുവിനെയും ഗില്ലിനെയും ഒരേസമയം പ്ലേയിംഗ് ഇലവനില്‍ കളിപ്പിക്കാനാവുമെന്ന് നിര്‍ദേശിച്ചിരിക്കുകയാണ് മുന്‍ ഇന്ത്യൻ നായകന്‍ സുനില്‍ ഗവാസ്കര്‍ ഇപ്പോള്‍. സ്പോര്‍ട്സ് ടുഡേക്ക് നല്‍കിയ അഭിമുഖത്തിലാണ് ഗവാസ്കര്‍ ഏഷ്യാ കപ്പിലെ ഇന്ത്യയുടെ പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുത്ത്.
സഞ്ജുവിന് ഏത് പൊസിഷനിലും ബാറ്റ് ചെയ്യാനുള്ള പ്രതിഭയുണ്ടെന്നും ശുഭ്മാന്‍ ഗില്ലും അഭിഷേക് ശര്‍മയും ഓപ്പണര്‍മാരായാല്‍ സഞ്ജുവിനെ മധ്യനിരയില്‍ കളിപ്പിക്കാനാവുമെന്നും ഗവാസ്കര്‍ പറഞ്ഞു. തിലക് വര്‍മ മൂന്നാം നമ്പറിലും സൂര്യകുമാര്‍ യാദവ് നാലാം നമ്പറിലും എത്തിയാല്‍ ഹാര്‍ദ്ദിക് പാണ്ഡ്യയെ ആറാമനാക്കി സഞ്ജുവിനെ അഞ്ചാം നമ്പറില്‍ കളിപ്പിക്കാനാവും. പ്രതിഭാധനനായ കളിക്കാരനാണ് സഞ്ജു. അവനെ അങ്ങനെ ഒഴിവാക്കേണ്ട കാര്യമില്ല. എല്ലാറ്റിലുമുപരി അവന്‍ വിക്കറ്റ് കീപ്പറുമാണ്. മുമ്പും സഞ്ജു മധ്യനിരയില്‍ ബാറ്റ് ചെയ്തിട്ടുണ്ടെന്നും അതുകൊണ്ട് തന്നെ സഞ്ജുവിന്‍റെ കാര്യത്തില്‍ അധികം ആശങ്കവേണ്ടെന്നും ഗവാസ്കര്‍ വ്യക്തമാക്കി.
പിച്ചും സാഹചര്യങ്ങളും എതിരാളികളുടെ ബൗളിംഗ് നിരയുമെല്ലാം കണക്കിലെടുത്താണ് പ്ലേയിംഗ് ഇലവനെ തെരഞ്ഞെടുക്കുക. അഭിഷേക് ശര്‍മയും ഗില്ലും ഓപ്പണര്‍മാരായി ഇറങ്ങുമെന്നുറപ്പാണ്. എത്ര സ്കോര്‍ ചേസ് ചെയ്യണം അല്ലെങ്കില്‍ എത്ര അടിക്കണം എന്നതിന് അനുസരിച്ച് സഞ്ജുവിനെ അഞ്ചാമനായോ ആറാമനായോ ഇറക്കാവുന്നതാണ്. അതുപോലെ അക്സര്‍പട്ടേലിനെയും സാഹചര്യത്തിന് അനുസരിച്ച് പ്രമോട്ട് ചെയ്യാവുന്നതാണ്. കഴിഞ്ഞ ടി20 ലോകകപ്പ് ഫൈനലില്‍ അക്സര്‍ അത്തരത്തില്‍ പ്രമോട്ട് ചെയ്യപ്പെട്ടിരുന്നു.
ബൗളര്‍മാരില്‍ ഹര്‍ഷിത് റാണ പ്ലേയിംഗ് ഇലവനിലെത്താന്‍ സാധ്യത കുറവാണ്. ജസ്പ്രീത് ബുമ്രയും അര്‍ഷ്ദീപ് സിംഗുമായിരിക്കും ഹാര്‍ദ്ദിക് പാണ്ഡ്യക്കൊപ്പം ഇന്ത്യയുടെ പേസ് നിരയെന്നും ഗവാസ്കര്‍ പറഞ്ഞു. സ്പിന്നര്‍മാരായി കുല്‍ദീപ് യാദവും വരുണ്‍ ചക്രവര്‍ത്തിയും കൂടി ചേരുന്നതായിരിക്കും ഇന്ത്യയുടെ ബൗളിംഗ് നിര. ടീമിലുള്ള ജിതേഷ് ശര്‍മ, ഹര്‍ഷിത് റാങ, റിങ്കു സിംഗ്, ശിവം ദുബെ എന്നിവര്‍ക്ക് പ്ലേയിംഗ് ഇലവനിലെത്തുക ബുദ്ധിമുട്ടായിരിക്കുമെന്നും ഗവാസ്കര്‍ വ്യക്തമാക്കി. അടുത്തമാസം 9ന് യുഎഇയില്‍ തുടങ്ങുന്ന ഏഷ്യാ കപ്പില്‍ 10ന് യുഎഇക്കെതിരെ ആണ് ഇന്ത്യയുടെ ആദ്യ മത്സരം. 14നാണ് ഇന്ത്യ-പാകിസ്ഥാന്‍ പോരാട്ടം. ഒമാനാണ് ഇന്ത്യയുടെ ഗ്രൂപ്പിലുള്ള നാലാമത്തെ ടീം.