
മുംബൈ: ഏകദിന ലോകകപ്പിന്‍റെ മത്സരക്രമം പ്രഖ്യാപിച്ചതോടെ ആവേശം മുറുകുകയാണ്. വെസ്റ്റ് ഇന്‍ഡീസ് ഒഴികെയുള്ള കൂറ്റനടി ടീമുകളെല്ലാം ഉള്ള ലോകകപ്പില്‍ ഇന്ത്യയിലെ ഫ്ലാറ്റ് പിച്ചുകളില്‍ എത്ര റണ്‍സ് വരെ പിറക്കാനിടയുണ്ട് എന്നത് ആകാംക്ഷയാണ്. ഇന്ത്യന്‍ പിച്ചുകളില്‍ പേസര്‍മാര്‍ക്ക് വളരെ കുറവ് ആനുകൂല്യം മാത്രമേ ലഭിക്കുകയുള്ളൂ. സ്‌പിന്നര്‍മാരെ തുണയ്‌ക്കുന്നതാണ് ഇന്ത്യയിലെ മിക്ക പിച്ചുകളുടേയും സ്വഭാവം. ലോകകപ്പില്‍ വമ്പന്‍ സ്കോറുകള്‍ പിറക്കാനുള്ള സാധ്യത ഇന്ത്യന്‍ മുന്‍ നായകനും കമന്‍റേറ്ററുമായ സുനില്‍ ഗവാസ്‌കര്‍ കാണുന്നുണ്ട്.
'പിച്ചുകള്‍ ഫ്ലാറ്റുകളാണെങ്കില്‍ എല്ലാ മത്സരത്തിലും കുറഞ്ഞത് 300 റണ്‍സെങ്കിലും പിറക്കുമെന്നാണ് തോന്നുന്നത്. 400-450 സ്കോറുകള്‍ നേടാന്‍ സാധ്യതയുള്ള ഇന്ത്യയെയും ഓസ്ട്രേലിയയേയും പോലുള്ള ടീമുകളുമുണ്ട്. എന്തായാലും കുറഞ്ഞത് 300 റണ്‍സ് പ്രതീക്ഷിക്കാം. വിക്കറ്റുകള്‍ മികച്ചതായിരിക്കും. പന്ത് ബാറ്റിലേക്ക് വരും. ഏറെ സിക്‌സുകള്‍ പ്രതീക്ഷിക്കാം. ഇപ്പോഴത്തെ താരങ്ങള്‍ക്ക് ഏറെ കരുത്തുണ്ട്, അതിനൊപ്പം ബാറ്റുകളുടെ നിര്‍മ്മാണവും ഏറെ പവര്‍ നല്‍കുന്നു' എന്നും സുനില്‍ ഗവാസ‌്കര്‍ കൂട്ടിച്ചേര്‍ത്തു.
ഏകദിന ലോകകപ്പ് ചരിത്രത്തില്‍ മുമ്പ് 400+ റണ്‍സ് പിറന്നിട്ടുണ്ട്. 2015 ലോകകപ്പില്‍ അഫ്‌ഗാനിസ്ഥാനെതിരെ ഓസ്ട്രേലിയ ആറ് വിക്കറ്റിന് 417 റണ്‍സ് നേടി. 2007 ലോകകപ്പില്‍ ടീം ഇന്ത്യ ബര്‍മുഡയോട് 413/5 ഉം സ്കോര്‍ ബോര്‍ഡില്‍ എഴുതി. 2015 ലോകകപ്പില്‍ ദക്ഷിണാഫ്രിക്ക രണ്ട് വട്ടം നാനൂറിലധികം റണ്‍സ് സ്വന്തമാക്കി. അയര്‍ലന്‍ഡിനെതിരെ നാല് വിക്കറ്റിന് 411 റണ്‍സും വെസ്റ്റ് ഇന്‍ഡീസിനെതിരെ അഞ്ച് വിക്കറ്റിന് 408 റണ്‍സുമായിരുന്നു അടിച്ചുകൂട്ടിയത്. ഇന്ത്യയിലെ 10 വേദികളിലായാണ് ഇത്തവണ ഏകദിന ലോകകപ്പ് നടക്കുന്നത്. ലോകകപ്പ് ആവേശമാക്കാന്‍ റണ്‍സേറെ പിറക്കുന്ന പിച്ചുകള്‍ ഒരുക്കാനാണ് സാധ്യത.
Read more: സ്റ്റാര്‍ക്ക് എടുത്തത് ക്യാച്ചോ; നിയമം വിശദീകരിച്ച് എംസിസി, ഇനി സംശയം വേണ്ട
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!