
മെല്‍ബണ്‍: ഓസ്ട്രേലിയക്കെതിരായ മെല്‍ബണ്‍ ടെസ്റ്റിന്‍റെ രണ്ടാം ഇന്നിംഗ്സില്‍ യശസ്വി ജയ്സ്വാളിന്‍റെ വിവാദ ഔട്ടില്‍ പ്രതികരിച്ച് മുന്‍ ഇന്ത്യൻ താരം സുനില്‍ ഗവാസ്കര്‍. പാറ്റ് കമിന്‍സിന്‍റെ ഷോര്‍ട്ട് പിച്ച് പന്ത് ഹുക്ക് ചെയ്യാൻ ശ്രമിച്ച ജയ്സ്വാളിന്‍റെ ഗ്ലൗസില്‍ പന്ത് തട്ടിയെന്നായിരുന്നു മൂന്നാം അമ്പയറുടെ കണ്ടെത്തല്‍. ഫീല്‍ഡ് അമ്പയര്‍ നോട്ടൗട്ട് വിളിച്ചപ്പോള്‍ ഓസ്ട്രേലിയ തീരുമാനം റിവ്യു ചെയ്യുകയായിരുന്നു. റീപ്ലേകളില്‍ പന്ത് ജയ്സ്വാളിന്‍റെ ബാറ്റിനും ഗ്ലൗസിനും സമീപത്തുകൂടെ കടന്നുപോകുമ്പോള്‍ വ്യതിയാനമുണ്ടാകുന്നുണ്ടെങ്കിലും സ്നിക്കോ മീറ്ററില്‍ നേര്‍രേഖയാണ് കാണിച്ചത്.
എന്നിട്ടും ബംഗ്ലാദേശുകാരനായ മൂന്നാം അമ്പയര്‍ ഷര്‍ഫുദൗള സൈകാത് ഔട്ട് വിളിച്ചത് ആരാധകരെ ഞെട്ടിച്ചിരുന്നു. മൂന്നാം അമ്പയറുടെ തീരുമാനത്തില്‍ പ്രതിഷേധിച്ച് ക്രീസില്‍ നിന്ന ജയ്സ്വാളിനെ ഫീല്‍ഡ് അമ്പയര്‍ ഔട്ട് വിളിച്ച് തിരിച്ചയക്കുകയായിരുന്നു. എന്നാല്‍ അമ്പയറുടെ തീരുമാനം തെറ്റാണെന്നും പന്തിലെ വ്യതിയാനം ഒപ്റ്റിക്കല്‍ ഇല്യൂഷന്‍ മൂലം സംഭവിച്ചതാകാമെന്നും സ്റ്റാര്‍ സ്പോര്‍ട്സിന്‍റെ ഹിന്ദി കമന്‍ററിയില്‍ സുനില്‍ ഗവാസ്കര്‍ പറഞ്ഞു.
ലീഡ് 300 കടന്നിട്ടും ഓസ്ട്രേലിയ ഡിക്ലയര്‍ ചെയ്യാതിരുന്നതിനുള്ള കാരണം തുറന്നുപറഞ്ഞ് രവി ശാസ്ത്രി
സ്നിക്കോ മീറ്റര്‍ പോലെ ആധുനിക സാങ്കേതികവിദ്യകൾ ലഭ്യമായിട്ടും അമ്പയര്‍ അതിനെ വിശ്വസിക്കാതെ ഒപ്റ്റിക്കല്‍ ഇല്യൂഷനെ മാത്രം വിശ്വസിച്ച് എങ്ങനൊയണ് ഒരു ബാറ്ററെ ഔട്ട് വിധിക്കുകയെന്ന് ഗവാസ്കര്‍ ചോദിച്ചു. സ്നിക്കോ മീറ്ററില്‍ പന്ത് ബാറ്റിൽ കൊണ്ടതായി കാണിച്ചിരുന്നുവെങ്കില്‍ മൂന്നാം അമ്പയറുടെ തീരുമാനം ന്യായീകരിക്കാമായിരുന്നു. ഇത് പൂര്‍ണമായും തെറ്റായ തീരുമാനമാണ്. ഒപ്റ്റിക്കല്‍ ഇല്യൂഷനെ ആണ് ആശ്രയിക്കുന്നതെങ്കില്‍ പിന്നെ സ്നിക്കോ മീറ്റര്‍ പോലെയുള്ള ആധുനിക സാങ്കേതിക വിദ്യകളുടെ ആവശ്യമില്ലെന്നും ഗവാസ്കര്‍ തുറന്നടിച്ചു.
നിര്‍ണായക സമയത്ത് ജയ്സ്വാളിന്‍റെ വിക്കറ്റ് നഷ്ടമായതാണ് മെല്‍ബണ്‍ ടെസ്റ്റില്‍ ഇന്ത്യ തോല്‍വി വഴങ്ങുന്നതില്‍ നിര്‍ണായകമായത്. ജയ്സ്വാളും വാഷിംഗ്ടണ്‍ സുന്ദറും ക്രീസിലുള്ളപ്പോള്‍ ഇന്ത്യക്ക് സമനില പ്രതീക്ഷയുണ്ടായിരുന്നു. എന്നാല് ജയ്സ്വാള്‍ വീണതോടെ പിന്നാലെ ആകാശ്ദീപിനെയും ജസ്പ്രീത് ബുമ്രയെയും മുഹമ്മദ് സിറാജിനെയും വീഴ്ത്തി ഓസീസ് 184 റണ്‍സിന്‍റെ ജം സ്വന്തമാക്കി. അവസാന ദിനത്തിലെ കളി തീരാന്‍ 11 ഓവറുകള്‍ ബാക്കിയിരിക്കെയായിരുന്നു ഓസീസ് വിജയം പിടിച്ചെടുത്തത്.