- Home
- Sports
- Cricket
- ഗൗതം ഗംഭീറിനെ പ്രണയിച്ച ബിസിനസ് കുടുംബാംഗം; നടാഷ ജെയ്‌നിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത രഹസ്യങ്ങള്‍
ഗൗതം ഗംഭീറിനെ പ്രണയിച്ച ബിസിനസ് കുടുംബാംഗം; നടാഷ ജെയ്‌നിനെ കുറിച്ച് നിങ്ങള്‍ക്ക് അറിയാത്ത രഹസ്യങ്ങള്‍
ട്വന്‍റി 20 ലോകകപ്പിനിടെ ദില്ലിയിലെ വസതിയില്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന് മുഖ്യ കോച്ച് ഗൗതം ഗംഭീര്‍ ഒരുക്കിയ വിരുന്ന്. വന്‍ താരനിര വസതിയിലേക്ക് എത്തിയപ്പോള്‍, ഗംഭീറിനൊപ്പം ടീമിന് ഊഷ്‌മള സ്വീകരണം നല്‍കാന്‍ അദേഹത്തിന്‍റെ പത്നി നടാഷയുമുണ്ടായിരുന്നു.

ഇന്ത്യന്‍ ക്രിക്കറ്റ് ടീമിന്‍റെ മുഖ്യ പരിശീലക സ്ഥാനം എന്നാല്‍ ലോക ക്രിക്കറ്റിലെ ഗ്ലാമര്‍ റോളുകളിലൊന്നാണത്. ഇന്ത്യന്‍ മുന്‍ ഓപ്പണറും ലോകകപ്പ് ഹീറോയുമായ ഗൗതം ഗംഭീറാണ് നിലവില്‍ ടീം ഇന്ത്യയുടെ പ്രധാന കോച്ച്. ഗംഭീര്‍ ആഗോള പ്രശസ്‌തനായ ക്രിക്കറ്ററാണെങ്കില്‍ പത്നി നടാഷ ജെയ്‌നിനെ അധികം ആളുകള്‍ക്ക് അറിയില്ലായിരിക്കും. ഗംഭീറിന്‍റെ കരിയറില്‍ എക്കാലവും പിന്തുണ നല്‍കിവരുന്ന നടാഷ ജെയ്‌നിനെ കുറിച്ച് വിശദമായി അറിയാം.
നടാഷ ജെയ്‌ന്‍ അഥവാ നടാഷ ഗംഭീര്‍ പഞ്ചാബിലെ അമൃതസറില്‍ ഒരു ബിസിനസ് കുടുംബത്തിലാണ് ജനിച്ചുവളര്‍ന്നത്. 1984 ജൂലൈ 26നായിരുന്നു നടാഷ ജെയ്‌ന്‍റെ ജനനം. നടാഷയുടെ പിതാവ് രവീന്ദ്ര ജെയ്‌ന്‍ അറിയപ്പെടുന്ന ബിസിനസുകാരനായിരുന്നു. ബിസിനസ് അഡ്‌മിനിസ്‌ട്രേഷനില്‍ (ബിബിഎ) നടാഷ ബിരുദം നേടി. 2007 മുതലാണ് ഗൗതം ഗംഭീറും നടാഷയും അടുപ്പത്തിലായത് എന്നാണ് മുന്‍ റിപ്പോര്‍ട്ടുകള്‍ പറയുന്നത്. 2011ല്‍ ടീം ഇന്ത്യയുടെ ലോകകപ്പ് വിജയത്തിന് പിന്നാലെ ഇരുവരും ഒരു സ്വകാര്യ ചടങ്ങില്‍ വിവാഹിതരായി.
പൊതുവിടങ്ങളില്‍ അധികം പ്രത്യക്ഷപ്പെടാറില്ലെങ്കിലും ക്രിക്കറ്റര്‍ ആയിരിക്കേയും പരിശീലകനായിരിക്കേയും ഗൗതം ഗംഭീറിന് ഏറ്റവുമധികം പിന്തുണ നല്‍കിയത് നടാഷയായിരുന്നു. രണ്ട് പെണ്‍മക്കളാണ് ഗംഭീര്‍- നടാഷ ദമ്പതികള്‍ക്കുണ്ട്. പല ഇന്ത്യന്‍ പുരുഷ ക്രിക്കറ്റര്‍മാരുടെയും പങ്കാളികള്‍ വലിയ സെലിബ്രിറ്റികളായി ആഘോഷിക്കപ്പെടുമ്പോള്‍ എന്നും സ്വകാര്യതയ്‌ക്ക് പ്രാധാന്യം നല്‍കിയിരുന്നയാളാണ് നടാഷ ജെയ്‌ന്‍.
ട്വന്‍റി 20 ക്രിക്കറ്റ് ലോകകകപ്പ് 2026-നിടെ ടീം ഇന്ത്യ ദില്ലിയിലെത്തിയപ്പോള്‍ ഗൗതം ഗംഭീര്‍ ഇന്ത്യന്‍ താരങ്ങള്‍ക്ക് വിരുന്നൊരുക്കിയിരുന്നു. ഈ പരിപാടിയില്‍ ഏറ്റവും ശ്രദ്ധയാകര്‍ഷിച്ചത് നടാഷ ഗംഭീറിന്‍റെ ആതിഥേയത്വവും നേതൃപാടവവുമായിരുന്നു. ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് അടക്കമുള്ള ഇന്ത്യന്‍ താരങ്ങളെയും മോണി മോര്‍ക്കല്‍ അടക്കമുള്ള സപ്പോര്‍ട്ട് സ്റ്റാഫിനെയും മറ്റ് മാനേജ്‌മെന്‍റ് അംഗങ്ങളെയും ഏറ്റവും ഊഷ്‌മളമായി വീട്ടിലേക്ക് നടാഷ സ്വാഗതം ചെയ്‌തു. ടീം ഇന്ത്യയെ ഒന്നാകെ പരിചയപ്പെടുകയും മക്കളെ പരിചയപ്പെടുത്തുകയും ചെയ്‌തു നടാഷ ഗംഭീര്‍.
ഡയമണ്ട് ഡിസൈനിംഗിലും പാചകത്തിലും വലിയ വൈദഗ്‌ധ്യമുണ്ട് നടാഷ ഗംഭീറിന് എന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുന്നത്. രണ്ട് പതിറ്റാണ്ടായി ഗൗതം ഗംഭീറിന്‍റെ ഏറ്റവും വലിയ കരുത്ത് നടാഷയാണ് നിസംശയം പറയാം. സോഷ്യല്‍ മീഡിയയില്‍ സജീവമായ നടാഷ ഗംഭീര്‍ കുടംബത്തിന്‍റെയും മക്കളുടെയും ചിത്രങ്ങള്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെക്കാറുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

