
മുംബൈ: ടെസ്റ്റ് ക്രിക്കറ്റിനോട് താല്‍പര്യമുള്ളവരെ മാത്രമെ ടീമിലേക്ക് പരിഗണിക്കൂവെന്ന ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ അഭിപ്രായത്തോട് 100 ശതമാനം യോജിക്കുന്നുവെന്ന് മുന്‍ ഇന്ത്യന്‍ നായകന്‍ സുനില്‍ ഗവാസ്കര്‍. ടെസ്റ്റ് ക്രിക്കറ്റ് ഏറ്റവും കടുപ്പമേറിയ ഫോര്‍മാറ്റാണെന്നും അവിടെ വിജയിക്കാന്‍ അടങ്ങാത്ത അഭിനവേശം വേണമെന്നും രോഹിത് ഇന്നലെ മത്സരശേഷം പറഞ്ഞിരുന്നു. ആ അഭിനിവേശമില്ലാത്തവര്‍ക്ക് ടെസ്റ്റ് ക്രിക്കറ്റില്‍ പിടിച്ചു നില്‍ക്കാനാവില്ലെന്നും അത്തരക്കാരെ ടീമിലേക്ക് പരിഗണിച്ചിട്ട് കാര്യമില്ലെന്നും രോഹിത് പറഞ്ഞിരുന്നു. ഇഷാന്‍ കിഷനെയും ശ്രേയസ് അയ്യരെയും പോലുള്ള യുവതാരങ്ങളെയാണ് രോഹിത് ലക്ഷ്യമിട്ടതെന്ന് ഇതിന് പിന്നാലെ വ്യാഖ്യാനമുണ്ടായി.
രോഹിത് പറഞ്ഞത് 100 ശതമാനം ശരിയാണെന്ന് സുനില്‍ ഗവാസ്കറും പറഞ്ഞു. ക്രിക്കറ്റ് താരങ്ങള്‍ക്ക് പണവും പ്രശസ്തിയുമെല്ലാം നല്‍കുന്നത് ക്രിക്കറ്റാണ്. അതുകൊണ്ട് തന്നെ അവര് അതിനോട് അല്‍പമെങ്കിലും കൂറ് കാട്ടണം.രോഹിത് പറഞ്ഞതുപോലെ ടെസ്റ്റ് ക്രിക്കറ്റ് കളിക്കാന്‍ ആഗ്രഹമുള്ളവരെ മാത്രം ഇനി ടീമിലേക്ക് പരിഗണിച്ചാല്‍ മതി. ഞാനിത് വര്‍ഷങ്ങളായി പറയുന്ന കാര്യമാണ്. ഈ കളിക്കാരെയെല്ലാം ഇന്നത്തെ സൂപ്പര്‍ താരങ്ങളാക്കിയതും അവര്‍ക്ക് പണവും പ്രശസ്തിയുമെല്ലാം നല്‍കിയതും ക്രിക്കറ്റാണ്. അതുകൊണ്ടുതന്നെ അതിനോട് കുറച്ചെങ്കിലും കൂറ് കാട്ടാന്‍ കളിക്കാര്‍ തയാറാവണം.
അത് കാണിക്കാതെ ഞാനതില്‍ കളിക്കില്ല, ഇതില്‍ കളിക്കില്ല എന്ന് പറയുന്നവരെ എന്ത് കാരണം പറഞ്ഞാലും ഒഴിവാക്കണം. ടെസ്റ്റ് ക്രിക്കറ്റിനോട് അഭിനിവേശമുള്ളവരെ ടീമിലേക്ക് പരിഗണിക്കുകയും വേണം. പല കളിക്കാരും അവരുടെ ഇഷ്ടം പോലെ ഏത് ഫോര്‍മാറ്റില്‍ കളിക്കുന്നുവെന്ന് തെരഞ്ഞെടുക്കുന്നു. അത് അനുവദിക്കാന്‍ പറ്റില്ല. അതാണ് സെലക്ടര്‍മാരുടെ തീരുമാനമെങ്കില്‍ ഇന്ത്യന്‍ ക്രിക്കറ്റിനെ സംബന്ധിച്ച് നല്ല കാര്യമാണെന്നും ഗവാസ്കര്‍ സ്പോര്‍ട്സ് ടോക്കിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.
ഇഷാന്‍ കിഷന്‍റെയും ശ്രേയസ് അയ്യരുടെയും പേരെടുത്ത് പറഞ്ഞില്ലെങ്കിലും ചിലര്‍ക്ക് ടെസ്റ്റ് ക്രിക്കറ്റോ രഞ്ജി ട്രോഫിയോ കളിക്കാന്‍ താല്‍പര്യമുണ്ടാകില്ലന്ന് ഗവാസ്കര്‍ പറഞ്ഞു. രോഹിത് പറഞ്ഞപോലെ അവര്‍ക്ക് അതിനോട് അഭിനിവേശമുണ്ടാകില്ല. രഞ്ജി ട്രോഫിയില്‍ കളിക്കാന്‍ താല്‍പര്യമില്ലാത്തവരെ ഒരു കാരണവശാലും ടെസ്റ്റ് ടീമിലേക്ക് പരിഗണിക്കാന്‍ കഴിയില്ലെന്നും ഗവാസ്കര്‍ പറഞ്ഞു.
രഞ്ജി ട്രോഫി ക്രിക്കറ്റ് കുറച്ച് നേരത്തെയാക്കിയാല്‍ കളിക്കാര്‍ക്ക് ടെസ്റ്റ് ക്രിക്കറ്റും ഐപിഎല്ലും കളിക്കാനുള്ള തയാറെടുപ്പിനായി ഉപയോഗിക്കാനാകുമെന്നും കളിക്കാര്‍ രഞ്ജി ട്രോഫിയില്‍ നിന്ന് വിട്ടു നില്‍ക്കുന്നത് ഒഴിവാക്കാനാവുമെന്നും ഗവാസ്കര്‍ പറഞ്ഞു. സാധാരഗതിയില്‍ ഡിസംബര്‍-മാര്‍ച്ച് മാസങ്ങളിലാണ് ടെസ്റ്റ് പരമ്പരകള്‍ നടക്കുക. ഐപിഎല്‍ മാര്‍ച്ച്-ഏപ്രില്‍-മെയ് മാസങ്ങളിലും. അതുകൊണ്ട് രഞ്ജി ട്രോഫി ഒക്ടോബറില്‍ പൂര്‍ത്തിയാവുന്ന രീതിയില്‍ ക്രമീകരിക്കാന്‍ ബിസിസിഐ ശ്രദ്ധിക്കണമെന്നും ഗവാസ്കര്‍ വ്യക്തമാക്കി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!