ധോണിയുടെ ആ സിക്സ് കണ്ട് കണ്ണടക്കണം;അന്ത്യാഭിലാഷം വെളിപ്പെടുത്തി സുനില്‍ ഗവാസ്കര്‍

By Web TeamFirst Published Aug 19, 2020, 12:24 PM IST
Highlights

ധോണിയെ അവിടെവെച്ച് നേരില്‍ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, എന്റെ കണ്ണടയാന്‍ പോകുന്ന നിമിഷം അവിടെയുള്ള ആരോടെങ്കിലും ആ സിക്സ് ഒന്നു കൂടി എന്നെ കാണിക്കാന്‍ ഞാന്‍ ആവശ്യപ്പെടും.

മുംബൈ: ശ്രീലങ്കക്കെതിരായ ലോകകപ്പ് ഫൈനലില്‍ നുവാന്‍ കുലശേഖരയെ ലോംഗ് ഓണിന് മുകളിലൂടെ സിക്സറിന് പറത്തി ധോണി ബാറ്റുയര്‍ത്തിയപ്പോള്‍ ഒരു രാജ്യത്തിന്റെ 28വര്‍ഷം നീണ്ട കാത്തിരിപ്പിനായിരുന്നു വിരാമമായത്. ഏകദിന ലോകകപ്പില്‍ 1983നുശേഷം ഇന്ത്യയുടെ രണ്ടാം കിരീടം. ധോണിയുടെ വിജയ സിക്സര്‍ അങ്ങനെ ഇന്ത്യന്‍ ആരാധകരുടെ മനസിലെ മായാത്ത ചിത്രമാവുകയും ചെയ്തു.

ആരാധകര്‍ക്ക് മാത്രമല്ല ഇതിഹാസ താരങ്ങള്‍ക്കും ആ സിക്സ് മറക്കാനാവില്ല. ധോണിയുടെ വിരമിക്കലിന് പിന്നാലെ ആ സിക്സിനുപിന്നിലെ രസകരമായൊരു കഥ തുറന്നുപറയുകയാണ് ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സുനില്‍ ഗവാസ്കര്‍. 2011ലെ ലോകകപ്പിനുശേഷം നടന്ന ഐപിഎല്ലില്‍ ചെന്നൈ ആദ്യ മത്സരം കളിക്കാനിറങ്ങുകയായിരുന്നു. ആ സമയം ഗ്രൗണ്ടില്‍ ഞാനും ഉണ്ടായിരുന്നു.


ധോണിയെ അവിടെവെച്ച് നേരില്‍ കണ്ടപ്പോള്‍ ഞാന്‍ അദ്ദേഹത്തോട് പറഞ്ഞു, എന്റെ കണ്ണടയാന്‍ പോകുന്ന നിമിഷം അവിടെയുള്ള ആരോടെങ്കിലും ആ സിക്സ് ഒന്നു കൂടി എന്നെ കാണിക്കാന്‍ ഞാന്‍ ആവശ്യപ്പെടും. കാരണം, ആ സിക്സ് കണ്ട് ഈ ലോകത്തോട് വിടപറയണമെന്നാണ് എന്റെ ആഗ്രഹം. കാരണം അത് കണ്ട് ചുണ്ടിലൊരു ചെറുപുഞ്ചിരിയുമായി എനിക്ക് കണ്ണടക്കാം. ഞാന്‍ പറഞ്ഞതുകേട്ട്, ഒന്ന് ചിരിച്ചതല്ലാതെ അദ്ദേഹം ഒന്നും പറഞ്ഞില്ല-ഗാവസ്കര്‍ ഇന്ത്യാ ടുഡേയോട് പറഞ്ഞു.

ഓഗസ്റ്റ് 15ന് സ്വാതന്ത്ര്യദിനത്തില്‍ രാത്രി 7.29ന് ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്ത രണ്ട് വരി കുറിപ്പിലൂടെയാണ് ധോണി രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചത്. ധോണിക്ക് പിന്നാലെ സഹതാരം സുരേഷ് റെയ്നയും വിരമിക്കല്‍ പ്രഖ്യാപിച്ചിരുന്നു. രാജ്യാന്തര ക്രിക്കറ്റില്‍ നിന്ന് വിരമിക്കല്‍ പ്രഖ്യാപിച്ചെങ്കിലും ഐപിഎല്ലില്‍ ചെന്നൈക്കായി ധോണി തുടര്‍ന്നും കളിക്കും.

click me!