
മുംബൈ: ടെസ്റ്റ് ക്രിക്കറ്റില്‍ മിന്നുന്ന ഫോമിലുള്ള മുന്‍ ഇംഗ്ലീഷ് നായകന്‍ ജോ റൂട്ട്(Joe Root) ന്യൂസിലന്‍ഡിനെതിരായ ടെസ്റ്റ് പരമ്പരയില്‍ തുടര്‍ച്ചയായി രണ്ട് സെഞ്ചുറികള്‍ നേടിയതിനൊപ്പം ടെസ്റ്റില്‍ 10000 റണ്‍സെന്ന നേട്ടവും സ്വന്തമാക്കിയിരുന്നു. ഈ സാഹചര്യത്തില്‍ റൂട്ട് ടെസ്റ്റ് റണ്‍വേട്ടയില്‍ ഇന്ത്യന്‍ ബാറ്റിംഗ് ഇതിഹാസം സച്ചിന്‍ ടെന്‍ഡുല്‍ക്കറുടെ(Sachin Tendulkar) റെക്കോര്‍ഡ് തകര്‍ക്കുമോ എന്നും ചര്‍ച്ചാ വിഷമായി. ഇപ്പോഴിതാ റൂട്ട് സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുമോ എന്ന ചോദ്യത്തിന് ഉത്തരവുമായി രംഗത്തെത്തിയിരിക്കുകയാണ് മുന്‍ ഇന്ത്യന്‍ നായകനായ സുനില്‍ ഗവാസ്കര്‍.
സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കുക റൂട്ടിനെ സംബന്ധിച്ചിടത്തോളം അസാധ്യമല്ലെങ്കിലും റണ്‍മലകയറ്റം ദുഷ്കരമായിരിക്കുമെന്ന് ഗവാസ്കര്‍ പറഞ്ഞു. സച്ചിനൊപ്പമെത്താന്‍ റൂട്ട് ഇനിയും ഒരു 6000 റണ്‍സെങ്കിും നേടേണ്ടിവരും. അതിനര്‍ത്ഥം ഓരോവര്‍ഷവും 800-1000 റണ്‍സെങ്കിലും സ്കോര്‍ ചെയ്താലെ റൂട്ടിന് അടുത്ത ഏഴോ എട്ടോ വര്‍ഷം കൊണ്ട് സച്ചിനൊപ്പം എത്താനാവു. എന്നാല്‍ 31കാരനായ റൂട്ടിന് പ്രായം അനുകൂല ഘടകമാണ്. അതുകൊണ്ടുതന്നെ റൂട്ടിന് സാധിക്കും. പക്ഷെ ഇപ്പോഴുള്ള അതേ അഭിനിവേശം വരും വര്‍ഷങ്ങളിലും റൂട്ട് നിലനിര്‍ത്തേണ്ടിവരുമെന്നും ഗവാസ്കര്‍ ഇന്ത്യ ടുഡേയോട് പറഞ്ഞു.
സച്ചിന്‍റെ റെക്കോര്‍ഡ് തകര്‍ക്കാന്‍ സാധ്യത കല്‍പ്പിക്കപ്പെട്ടിരുന്ന അലിസ്റ്റര്‍ കുക്ക് വിരമിച്ചു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ അദ്ദേഹം ഇപ്പോഴും കളിക്കുന്നുണ്ട്. തുടര്‍ച്ചയായി സെഞ്ചുറിയും 150ന് മുകളിലുള്ള സ്കോറുമെല്ലാം നേടുമ്പോള്‍ മാനസികമായും ശാരീരികമായും തളരാം. എങ്കിലും ക്രിക്കറ്റില്‍ എന്തും സാധ്യമാണ്. ടെസ്റ്റ് വിക്കറ്റ് വേട്ടയില്‍ റിച്ചാര്‍ഡ് ഹാഡ്‌ലിയുടെ 431 വിക്കറ്റ് നേട്ടം ആരും മറികടക്കില്ലെന്ന് നമ്മളെല്ലാം കരുതിയില്ല. പിന്നീട് കരുതി കോര്‍ട്നി വാല്‍ഷിന്‍റെ 519 വിക്കറ്റ് നേട്ടം ആരും മറികടക്കില്ലെന്ന്. അതു മറികടക്കപ്പെട്ടു. അതുകൊണ്ട് എന്തും സാധ്യമാണ്. പക്ഷെ അതുപോലെ ദുഷ്കരവും-ഗവാസ്കര്‍ പറഞ്ഞു.
ടെസ്റ്റിലെ റണ്‍വേട്ടയില്‍119 ടെസ്റ്റില്‍ 50.20 ശരാശരിയില്‍ 10191 റണ്‍സാണ് നിലവില്‍ റൂട്ടിന്‍റെ പേരിലുള്ളത്. 101 ടെസ്റ്റില്‍ 8043 റണ്‍സുമായി വിരാട് കോലിയും 85 ടെസ്റ്റില്‍ 8010 റണ്‍സുള്ള സ്റ്റീവ് സ്മിത്തും 87 ടെസ്റ്റില്‍ 7289 റണ്‍സടിച്ച വില്യംസണും റൂട്ടിനും ഏറെ പിറകിലാണ്. ഇന്ത്യക്കായി 200 ടെസ്റ്റുകള്‍ കളിച്ച സച്ചിന്‍ ടെസ്റ്റില്‍ 15921 റണ്‍സാണ് അടിച്ചത്. 168 ടെസ്റ്റില്‍ 13378 റണ്‍സടിച്ചിട്ടുള്ള മുന്‍ ഓസീസ് നായകന്‍ റിക്കി പോണ്ടിംഗാണ് ടെസ്റ്റിലെ റണ്‍വേട്ടയില്‍ രണ്ടാം സ്ഥാനത്താണ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!