
മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യക്കെതിരായ മത്സരം ബഹിഷ്‌കരിക്കാനുള്ള പാകിസ്ഥാന്‍റെ തീരുമാനം രാഷ്ട്രീയ പ്രേരിതമാണെന്ന് ഇന്ത്യൻ ക്രിക്കറ്റ് ഇതിഹാസം സുനിൽ ഗവാസ്കർ. ബംഗ്ലാദേശിൽ നടക്കാനിരിക്കുന്ന പൊതുതിരഞ്ഞെടുപ്പിന് മുന്നോടിയായി അവിടുത്തെ സർക്കാരിനെ സുഖിപ്പിക്കാനുള്ള നീക്കമാണിതെന്ന് ഗവാസ്കര്‍ കുറ്റപ്പെടുത്തി. ബംഗ്ലാദേശിനോട് ഐക്യദാർഢ്യം പ്രകടിപ്പിക്കാനാണ് പാകിസ്ഥാൻ ആഗ്രഹിച്ചതെങ്കിൽ ഒരു മത്സരം മാത്രമല്ല, ടൂർണമെന്‍റ് മുഴുവനായും ബഹിഷ്കരിക്കണമായിരുന്നുവെന്നും ഗവാസ്കർ പരിഹസിച്ചു.
ബംഗ്ലാദേശിൽ ഫെബ്രുവരി 12-ന് പൊതുതിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് പാകിസ്ഥാന്‍റെ ഈ നീക്കം. നിലവിലെ മുഹമ്മദ് യൂനുസ് സർക്കാർ പാക് അനുകൂല നിലപാടാണ് സ്വീകരിക്കുന്നത്. ഈ സാഹചര്യത്തിൽ ബംഗ്ലാദേശിനോട് കൂടുതൽ അടുക്കാനുള്ള അവസരമായാണ് പാകിസ്ഥാൻ ഇതിനെ കാണുന്നത്. ബംഗ്ലാദേശിനോട് ഐസിസി കാണിച്ചത് നീതികേടാണെന്ന് പാകിസ്ഥാന് തോന്നുന്നുണ്ടെങ്കിൽ അവർ ടൂർണമെന്റിൽ നിന്ന് പൂർണ്ണമായും വിട്ടുനിൽക്കണമായിരുന്നു. പകരം ഇന്ത്യക്കെതിരെ മാത്രം കളിക്കില്ലെന്ന് പറയുന്നത് വിചിത്രമാണെന്നും സ്പോർട്സ്റ്റാറിലെ കോളത്തിൽ ഗവാസ്കർ വ്യക്തമാക്കി.
ഐസിസി യോഗത്തില്‍ ഇന്ത്യ മറ്റ് രാജ്യങ്ങളെ ഭീഷണിപ്പെടുത്തി വോട്ട് ചെയ്യിക്കുന്നു എന്ന പാക് ആരോപണത്തെയും ഗവാസ്കർ ചോദ്യം ചെയ്തു. ബംഗ്ലാദേശിന്‍റെ ആവശ്യത്തെ പിന്തുണച്ച് വോട്ട് ചെയ്ത ഏക രാജ്യം പാകിസ്ഥാനായിരുന്നു. ഇന്ത്യ എങ്ങനെയാണ് മറ്റ് രാജ്യങ്ങളെ സ്വാധീനിക്കുന്നതെന്ന് പാകിസ്ഥാൻ തന്നെ വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു.
ഇന്ത്യയുമായി അടുത്ത ബന്ധം പുലർത്തിയിരുന്ന ഷെയ്ഖ് ഹസീന സർക്കാർ പുറത്തായതിന് പിന്നാലെയാണ് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഇന്ത്യയിലേക്ക് വരാൻ വിസമ്മതിച്ച് കടുത്ത നിലപാട് സ്വീകരിച്ചത്. ഇതിനെ പിന്തുണച്ചാണ് പാകിസ്ഥാൻ ഇന്ത്യക്കെതിരായ പോരാട്ടത്തിൽ നിന്ന് പിന്മാറുമെന്ന് പ്രഖ്യാപിച്ചത്. എന്നാൽ ഐസിസിയുടെ കടുത്ത സമ്മർദ്ദത്തെത്തുടർന്ന് പാകിസ്ഥാൻ ഈ തീരുമാനത്തിൽ നിന്ന് ഉടൻ പിന്മാറാൻ സാധ്യതയുണ്ടെന്നാണ് പുതിയ റിപ്പോർട്ടുകൾ.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!