ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാവാന്‍ സര്‍പ്രൈസ് താരം

By Web TeamFirst Published Mar 3, 2020, 8:31 PM IST
Highlights

1996-2001 കാലയളവില്‍ ഇന്ത്യക്കായി 15 ടെസ്റ്റുകളിലും 69 ഏകദിനങ്ങളിലും കളിച്ച സുനില്‍ ജോഷി ബംഗ്ലാദേശ് ടീമിന്റെ ബൗളിംഗ് കണ്‍സള്‍ട്ടന്റും അമേരിക്കന്‍ ടീമിന്റെ സ്പിന്‍ പരിശീലകനുമായിരുന്നു.

മുംബൈ:  ഇന്ത്യന്‍ ക്രിക്കറ്റ് ടീം സെലക്ഷന്‍ കമ്മിറ്റിയിലെ ഒഴിവുളള രണ്ട് സ്ഥാനങ്ങളിലേക്ക് ബിസിസിഐ ഉപദേശക സമിതി നാളെ അഭിമുഖം നടത്തും. നിലവിലെ സെലക്ഷന്‍ കമ്മിറ്റിയിലുണ്ടായിരുന്ന എംഎസ്കെ പ്രസാദിനും ഗഗന്‍ ഖോഡയ്ക്കും പകരക്കാരായി രണ്ടുപേരെയാണ് സെലക്ഷന്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തുക. ഇവരില്‍ സീനിയര്‍ താരം സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനാകും.

നേരത്തെ അജിത് അഗാര്‍ക്കര്‍, ലക്ഷ്മണ്‍ ശിവരാമകൃഷ്ണന്‍, വെങ്കിടേഷ് പ്രസാദ് എന്നിവരുടെ പേരുകളാണ്  ഉയര്‍ന്നുകേട്ടതെങ്കില്‍  മുന്‍ ഇന്ത്യന്‍ താരവും ഇടംകൈയന്‍ സ്പിന്നറുമായിരുന്ന സുനില്‍ ജോഷിയെ സെലക്ഷന്‍ കമ്മിറ്റി ചെയര്‍മാനായി തെരഞ്ഞെടുക്കാനാണ് സാധ്യതയെന്ന് ഇന്ത്യ ടുഡേ റിപ്പോര്‍ട്ട് ചെയ്തു.ഹര്‍വീന്ദര്‍ സിംഗും ജോഷിക്കൊപ്പം സെലക്ഷന്‍ കമ്മിറ്റിയില്‍ എത്തുമെന്ന് റിപ്പോര്‍ട്ടുണ്ട്.

1996-2001 കാലയളവില്‍ ഇന്ത്യക്കായി 15 ടെസ്റ്റുകളിലും 69 ഏകദിനങ്ങളിലും കളിച്ച സുനില്‍ ജോഷി ബംഗ്ലാദേശ് ടീമിന്റെ ബൗളിംഗ് കണ്‍സള്‍ട്ടന്റും അമേരിക്കന്‍ ടീമിന്റെ സ്പിന്‍ പരിശീലകനുമായിരുന്നു.രണ്ടാമത്തെ സെലക്ടറാവാനായി ഹര്‍വീന്ദര്‍ സിംഗും രാജേഷ് ചൗഹാനും തമ്മിലാണ് മത്സരമെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മദന്‍ ലാല്‍, ആര്‍ പി സിംഗ്, സുലക്ഷണ നായ്ക് എന്നിവരടങ്ങിയ ക്രിക്കറ്റ് ഉപദേശക സമിതിയാണ് സെലക്ടര്‍മാരെ തെരഞ്ഞെടുക്കുക. പുതിയ സെലക്ഷന്‍ കമ്മിറ്റിയാകും ദക്ഷിണാഫ്രിക്കയ്ക്കെതിരായ ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ടീമിനെ തെരഞ്ഞെടുക്കുക. മേഖലാ അടിസ്ഥാനത്തില്‍ സെലക്ടര്‍മാരെ തെരഞ്ഞെടുക്കുന്ന രീതി തന്നെ തുടരാനാണ് നിലവില്‍ ബിസിസിഐയുടെ തീരുമാനം.

click me!