
ചെന്നൈ: ഐപിഎഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സിനെതിരെ 155 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന സണ്‍റൈസേഴ്‌സ് ഹൈദരാബാദിന് പതിഞ്ഞ തുടക്കം. ചെന്നൈ, ചെപ്പോക്കില്‍ പുരോഗമിക്കുന്ന മത്സരത്തില്‍ ഒടുവില്‍ വിവരം ലഭിക്കുമ്പോള്‍ ഹൈദരാബാദ് ആറ് ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 37 റണ്‍സെന്ന നിലയിലാണ്. അഭിഷേക് ശര്‍മ (0), ട്രാവിസ് ഹെഡ് (19) എന്നിവരുടെ വിക്കറ്റാണ് ഹൈദരാബാദിന് നഷ്ടമായത്. ഖലീല്‍ അഹമ്മദിന്റെ പന്തില്‍ ആയുഷ് മാത്രെയ്ക്ക് ക്യാച്ച് നല്‍കിയാണ് അഭിഷേക് മടങ്ങിയത്. ട്രാവിസ് ഹെഡ് ആറാം ഓവറില്‍ അന്‍ഷൂല്‍ കാംബോജിന്റെ പന്തില്‍ ബൗള്‍ഡായി. ഹെന്റിച്ച് ക്ലാസന്‍ (0), ഇഷാന്‍ കിഷന്‍ (17) എന്നിവരാണ് ക്രീസില്‍.
നേരത്തെ, ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിനെത്തിയ ആതിഥേയര്‍ 19.5 ഓവറില്‍ എല്ലാവരും പുറത്താവുകയായിരുന്നു. നാല് വിക്കറ്റ് നേടിയ ഹര്‍ഷല്‍ പട്ടേലാണ് ചെന്നൈയെ തകര്‍ത്തത്. 25 ന്തില്‍ 42 റണ്‍സെടുത്ത അരങ്ങേറ്റക്കാരന്‍ ഡിവാള്‍ഡ് ബ്രേവിസാണ് ചെന്നൈയുടെ ടോപ് സ്‌കോറര്‍. ആയുഷ് മാത്രെ 19 പന്തില്‍ 30 റണ്‍സെടുത്തു. ക്യാപ്റ്റന്‍ എം എസ് ധോണിക്ക് ആറ് റണ്‍സെടുക്കാന്‍ മാത്രമാണ് സാധിച്ചത്. ഹര്‍ഷലിന് പുറമെ പാറ്റ് കമ്മിന്‍സ്, ജയദേവ് ഉനദ്കട്ട് രണ്ട് വിക്കറ്റെടുത്തു.
മോശം തുടക്കമായിരുന്നു ചെന്നൈക്ക്. 47 റണ്‍സിനിടെ ഷെയ്ഖ് റഷീദ് (0), സാം കറന്‍ (9), ആയുഷ് മാത്രെ (30) എന്നിവരുടെ വിക്കറ്റുകള്‍ ചെന്നൈക്ക് നഷ്ടമായി. മത്സരത്തിലെ ആദ്യ പന്തില്‍ തന്നെ റഷീദ്, അഭിഷേഖ് ശര്‍മയ്ക്ക് ക്യാച്ച് നല്‍കി മടങ്ങി. മുഹമ്മദ് ഷമിക്കായിരുന്നു വിക്കറ്റ്. അഞ്ചാം ഓവറില്‍ കറനും തിരിച്ചെത്തി. മൂന്നാമനായി ഇറങ്ങിയ താരത്തെ ഹര്‍ഷല്‍ പട്ടേല്‍ മടക്കുകയായിരുന്നു. മാത്രെ, നന്നായി തുടങ്ങിയെങ്കിലും അധിക നേരം മുന്നോട്ട് പോവാന്‍ സാധിച്ചില്ല. കമ്മിന്‍സിന്റെ പന്തില്‍ മിഡ് ഓഫില്‍ ഇഷാന്‍ കിഷന് ക്യാച്ച് നല്‍കി മടങ്ങി.
മഞ്ഞപ്പടയ്ക്ക് ഒട്ടും എളുപ്പമാവില്ല! സൂപ്പര്‍ കപ്പില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ മോഹന്‍ ബഗാനെതിരെ
തുടര്‍ന്നെത്തിയവരില്‍ ബ്രേവിസ് മാത്രമാണ് അല്‍പമെങ്കിലും പിടിച്ചുനിന്നത്. രവീന്ദ്ര ജഡേജ (21), ശിവം ദുബെ (12), ധോണി (6) എന്നിവര്‍ നിരാശപ്പെടുത്തി. 13-ാം ഓവറില്‍ ബ്രേവിസ് മടങ്ങിയതും ചെന്നൈക്ക് തിരിച്ചടിയായി. നാല് സിക്‌സും ഒരു ഫോറും ഉള്‍പ്പെടുന്നതായിരുന്നു ഇന്നിംഗ്‌സ്. ദീപക് ഹൂഡയുടെ (21 പന്തില്‍ 22) ഇന്നിംഗ്‌സ് ചെന്നൈയെ 150 കടത്താന്‍ സഹായിച്ചു. അന്‍ഷൂല്‍ കാംബോജ് (2), നൂര്‍ അഹമ്മദ് (2) എന്നിവരാണ് പുറത്തായ മറ്റുതാരങ്ങള്‍. ഖലീല്‍ അഹമ്മദ് (1) പുറത്താവാതെ നിന്നു.
കളിച്ച എട്ട് മത്സരങ്ങളില്‍ ആറിലും തോറ്റാണ് ചെന്നൈയും ഹൈദരാബാദും ഇന്ന് നേര്‍ക്കുനേര്‍ ഇറങ്ങുന്നത്. പ്ലേ ഓഫ് സാധ്യത നിലനിര്‍ത്താന്‍ ഇരുടീമുകള്‍ക്കും ഇന്ന് ജയം അനിവാര്യമാണ്. ഐപിഎല്ലിലെ ഫേവറേറ്റ് ടീമുകള്‍ക്ക് പ്ലേ ഓഫ് പ്രതീക്ഷ കാക്കണമെങ്കില്‍ ഇനിയുള്ള മത്സരങ്ങളെല്ലാം ജയിച്ചേ തീരൂ. ഇരു ടീമുകളുടേയും പ്ലേയിംഗ് ഇലവന്‍ അറിയാം.
സണ്‍റൈസേഴ്സ് ഹൈദരാബാദ്: അഭിഷേക് ശര്‍മ, ഇഷാന്‍ കിഷന്‍, നിതീഷ് കുമാര്‍ റെഡ്ഡി, ഹെന്റിച്ച് ക്ലാസെന്‍ (വിക്കറ്റ് കീപ്പര്‍), അനികേത് വര്‍മ, കമിന്ദു മെന്‍ഡിസ്, പാറ്റ് കമ്മിന്‍സ് (ക്യാപ്റ്റന്‍), ഹര്‍ഷല്‍ പട്ടേല്‍, ജയദേവ് ഉനദ്കട്ട്, സീഷന്‍ അന്‍സാരി, മുഹമ്മദ് ഷമി.
ചെന്നൈ സൂപ്പര്‍ കിംഗ്സ്: ഷെയ്ക് റഷീദ്, ആയുഷ് മാത്രെ, ദീപക് ഹൂഡ, സാം കുറാന്‍, രവീന്ദ്ര ജഡേജ, ഡെവാള്‍ഡ് ബ്രെവിസ്, ശിവം ദുബെ, എംഎസ് ധോണി (ക്യാപ്റ്റന്‍ / വിക്കറ്റ് കീപ്പര്‍), നൂര്‍ അഹമ്മദ്, ഖലീല്‍ അഹമ്മദ്, മതീശ പതിരാന.