ചര്‍ച്ചില്‍ ബ്രദേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതോടെ മോഹന്‍ ബഗാന്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു.
ഭുവനേശ്വര്‍: സൂപ്പര്‍ കപ്പ് ക്വാര്‍ട്ടര്‍ ഫൈനലില്‍ കേരള ബ്ലാസ്റ്റേഴ്‌സ് നാളെ ഇറങ്ങും. ഐഎസ്എല്‍ ജേതാക്കളായ മോഹന്‍ ബഗാനാണ് എതിരാളികള്‍. കലിങ്കാ സ്റ്റേഡിയത്തില്‍ വൈകീട്ട് 4.30നാണ് മത്സരം. ഈസ്റ്റ് ബംഗാളിനെ എതിരില്ലാത്ത രണ്ട് ഗോളിന് തോല്‍പ്പിച്ചാണ് ബ്ലാസ്റ്റേഴ്‌സ് ക്വാര്‍ട്ടറിലേക്ക് മുന്നേറിയത്. പുതിയ സ്പാനിഷ് പരിശീലകന്‍ ദവീദ് കറ്റാലയക്ക് കീഴില്‍ ജയിച്ചു തുടങ്ങിയതിന്റെ ആത്മവിശ്വാസമുണ്ടെങ്കിലും മോഹന്‍ ബഗാനുമായുള്ള പോരാട്ടം ബ്ലാസ്റ്റേഴ്‌സിന് എളുപ്പമാകില്ല.
ചര്‍ച്ചില്‍ ബ്രദേഴ്‌സ് ടൂര്‍ണമെന്റില്‍ നിന്ന് പിന്മാറിയതോടെ മോഹന്‍ ബഗാന്‍ നേരിട്ട് ക്വാര്‍ട്ടര്‍ ഫൈനല്‍ ഉറപ്പിക്കുകയായിരുന്നു. ഈസ്റ്റ് ബംഗാളിനെതിരായ മത്സരത്തില്‍ പരിക്കേറ്റ അഡ്രിയാന്‍ ലൂണ നാളെ കളിക്കാന്‍ സാധ്യതയില്ലെന്നാണ് റിപ്പോര്‍ട്ടുകള്‍. പകരം ക്വാമി പെപ്ര ആദ്യ ഇലവനില്‍ കളിച്ചേക്കും. കഴിഞ്ഞ ഐഎസ്എല്‍ സീസിണില്‍ ഏറ്റുമുട്ടിയ രണ്ട് മത്സരങ്ങളിലും ബ്ലാസ്റ്റേഴ്‌സിന് മോഹന്‍ ബഗാനെ വീഴ്ത്താനായിട്ടില്ല.
ഐഎസ്എല്‍ ലീഗ് ഷീല്‍ഡും കിരീടവും നേടിയ ബഗാന്‍ ഹാട്രിക്ക് നേട്ടമാണ് സൂപ്പര്‍ കപ്പിലൂടെ ലക്ഷ്യമിടുന്നത്. നാളെ നടക്കുന്ന മറ്റൊരു മത്സരത്തില്‍ എഫ്‌സി ഗോവ പഞ്ചാബ് എഫ്‌സിയുമായി ഏറ്റുമുട്ടും. രാത്രി എട്ടുമണിക്കാണ് മത്സരം.
അതേസമയം, ജംഷഡ്പൂര്‍ എഫ്‌സി ക്വാര്‍ട്ടര്‍ ഫൈനലില്‍ കടന്നു. ഹൈദരാബാദ് എഫ്‌സിയെ എതിരില്ലാത്ത രണ്ട് ഗോളുകള്‍ക്ക് തോല്‍പ്പിച്ചു. 38- മിനുട്ടില്‍ ലഭിച്ച പെനാല്‍റ്റി ലക്ഷ്യത്തിലെത്തിച്ച് ഹാവി സിവേറിയോ ആണ് ജംഷഡ്പൂരിനെ മുന്നിലെത്തിച്ചത്. 64- മിനുട്ടില്‍ നൈജീരിയന്‍ താരം സ്റ്റീഫന്‍ ഈസ് ജംഷഡ്പൂരിന്റെ ജയം ഉറപ്പിച്ചു. മറ്റൊരു മത്സരത്തില്‍ നോര്‍ത്ത് ഈസ്റ്റ് യുണൈറ്റഡിന് തകര്‍പ്പന്‍ ജയം. മുഹമ്മദന്‍സ് സ്‌പോര്‍ട്ടിംഗ് ക്ലബിനെ എതിരില്ലാത്ത 6 ഗോളുകള്‍ക്ക് തോല്‍പ്പിച്ച് നോര്‍ത്ത് ഈസ്റ്റ് ക്വാര്‍ട്ടര്‍ ഫൈനലിലേക്ക് മുന്നേറി. അലഡിന്‍ അജാറൈയുടെ ഹാട്രിക്ക് മികവിലാണ് മുന്നേറ്റം.
കളിയുടെ മൂന്നാം മിനുട്ടില്‍ മലയാളി താരം ജിതിന്‍ എംഎസിലൂടെയാണ് നോര്‍ത്ത് ഈസ്റ്റ് ലീഡ് നേടിയത്. 18- മിനുട്ടില്‍ അലഡിന്‍ അജാറൈ ലീഡ് ഇരട്ടിയാക്കി. ആദ്യ പകുതി അവസാനിക്കും മുന്‍പ് നെസ്റ്ററും നോര്‍ത്ത് ഈസ്റ്റിനായി വല കുലുക്കി. രണ്ടാം പകുതിയിലും മുഹമ്മദന്‍സിന് നോക്കി നില്‍ക്കാനേ കഴിഞ്ഞുള്ളൂ. 66-മിനുട്ടില്‍ ഗില്ലര്‍മോ ഫെര്‍ണാണ്ടസും ഗോള്‍ കണ്ടെത്തിയപ്പോള്‍ അജാറൈ എക്‌സ്ട്രാ ടൈമില്‍ ഹാട്രിക്ക് പൂര്‍ത്തിയാക്കി.

