നിശക്ലബില്‍ നിന്നും അറസ്റ്റിലായ സംഭവം; വിശദീകരണവുമായി സുരേഷ് റെയ്ന രംഗത്ത്

By Web TeamFirst Published Dec 22, 2020, 6:09 PM IST
Highlights

മുംബൈ ഡ്രാഗണ്‍ഫ്ലൈ ക്ലബ്ബ് ഹോട്ടലില്‍ മുംബൈ പൊലീസ് നടത്തിയ റെയ്ഡില്‍ സുരേഷ് റെയ്‌നയും ഗായകന്‍ ഗുരു രന്ധാവയും ബോളിവുഡ് താരം സുസൈന്‍ ഖാനുമടക്കം അടക്കം 34 പേരായിരുന്നു അറസ്റ്റിലായത്. 

മുംബൈ: മുംബൈയിലെ നിശക്ലബില്‍ പാര്‍ട്ടിയില്‍ നടന്ന റെയ്ഡില്‍ അറസ്റ്റിലായ സംഭവത്തില്‍ വിശദീകരണവുമായി ക്രിക്കറ്റ് താരം സുരേഷ് റെയ്‌ന. സുഹൃത്തിന്റെ ക്ഷണം സ്വീകരിക്കുക മാത്രമാണ് ചെയ്തത്. കൊവിഡ് പ്രോട്ടോക്കോള്‍ സമയക്രമം അറിയില്ലായിരുന്നു എന്നാണ് റെയ്‌ന ജാമ്യത്തിലിറങ്ങിയ ശേഷം റെയ്‌നയുമായി ബന്ധപ്പെട്ട വൃത്തങ്ങള്‍ പുറത്തുവിട്ട വാര്‍ത്ത കുറിപ്പ് പറയുന്നു.

‘മുംബൈയില്‍ ഒരു ഷൂട്ടിന്റെ ഭാഗമായാണ് റെയ്‌ന എത്തിയത്. ഷൂട്ട് വൈകി. പിന്നീട് ഒരു സുഹൃത്ത് അത്താഴത്തിന് ക്ഷണിച്ചപ്പോള്‍ പോകുകയായിരുന്നു. പ്രാദേശികമായുള്ള നിയന്ത്രണങ്ങളെയും സമയക്രമങ്ങളെയും കുറിച്ച് അദ്ദേഹത്തിന് അറിയില്ലായിരുന്നു. അധികാരികള്‍ അതേക്കുറിച്ച് സൂചിപ്പിച്ചപ്പോള്‍ തന്നെ അദ്ദേഹം അതനുസരിക്കുകയും ചെയ്തു. സംഭവത്തില്‍ ഖേദം പ്രകടിപ്പിക്കുകയും ചെയ്തു. നിയമങ്ങള്‍ കൃത്യമായി പാലിക്കുന്നതില്‍ എപ്പോഴും ശ്രദ്ധിക്കുന്ന അദ്ദേഹം തുടര്‍ന്നും അതേ രീതിയില്‍ തന്നെ തുടരുന്നതായിരിക്കും,’ പ്രസ്താവനയില്‍ പറയുന്നു.

മുംബൈ ഡ്രാഗണ്‍ഫ്ലൈ ക്ലബ്ബ് ഹോട്ടലില്‍ മുംബൈ പൊലീസ് നടത്തിയ റെയ്ഡില്‍ സുരേഷ് റെയ്‌നയും ഗായകന്‍ ഗുരു രന്ധാവയും ബോളിവുഡ് താരം സുസൈന്‍ ഖാനുമടക്കം അടക്കം 34 പേരായിരുന്നു അറസ്റ്റിലായത്. ഇവരെ പിന്നീട് ജാമ്യത്തില്‍ വിട്ടു. റെയ്ഡില്‍ മുംബൈ ക്ലബിലെ ഏഴ് സ്റ്റാഫ് അംഗങ്ങള്‍ ഉള്‍പ്പെടെയാണ് അറസ്റ്റിലായത്.

click me!