ഐപിഎല്‍ കളിക്കും; ക്രിക്കറ്റിലേക്കുള്ള തിരിച്ചുവരവിനൊരുങ്ങി സുരേഷ് റെയ്‌ന

By Web TeamFirst Published Dec 10, 2020, 2:27 PM IST
Highlights

എന്നാല്‍ ഇനിയും ഐപിഎല്ലിനെത്തുമെന്നാണ് റെയ്‌ന പറയുന്നത്. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റെയ്‌ന.

ദില്ലി: ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ ചെന്നൈ സൂപ്പര്‍ കിംഗ്‌സ് നേരിട്ട പ്രധാന പ്രശ്‌നം. മധ്യനിരയില്‍ ഒരു കരുത്തുറ്റ ബാറ്റ്‌സ്മാന്‍ ഇല്ലാത്തതായിരുന്നു. ഐപിഎല്ലിന് തൊട്ടുമുമ്പാണ് സുരേഷ് റെയ്‌ന നാട്ടിലേക്ക് മടങ്ങിയത്. അദ്ദേഹത്തിന്റെ അഭാവം സീസണിലുടനീളം കാണാമായിരുന്നു. ഫ്രാഞ്ചൈസിയുമായി വഴക്കിട്ടാണ് താരം ടീം വിട്ടതെന്ന് വാര്‍ത്തകള്‍ പുറത്തുവന്നിരുന്നു. പിന്നീട് താരത്തെ സിഎസ്‌കെയില്‍ ഉള്‍പ്പെടുത്തില്ലെന്ന് സിഇഒ കാശി വിശ്വനാഥന്‍ പറഞ്ഞിരുന്നു. 

എന്നാല്‍ ഇനിയും ഐപിഎല്ലിനെത്തുമെന്നാണ് റെയ്‌ന പറയുന്നത്. ഹിന്ദി ദിനപത്രമായ ദൈനിക് ജാഗരണിന് നല്‍കിയ അഭിമുഖത്തില്‍ സംസാരിക്കുകയായിരുന്നു റെയ്‌ന. ''ഒരാഴ്ച്ചയ്ക്കകം ഞാന്‍ മത്സരരംഗത്തേക്കെത്തും. വരുന്ന സയ്യീദ് മുഷ്താഖ് അലി ടി20യില്‍ ഉത്തര്‍ പ്രദേശിനെ ഞാനായിരിക്കും നയിക്കുന്നത്. അതേടൊപ്പം ഐപിഎല്‍ സീസണിലും ഞാന്‍ കളിക്കും. ഇക്കഴിഞ്ഞ സീസണില്‍ കളിച്ചില്ലെങ്കില്‍കൂടി വിരമിക്കാന്‍ തീരുമാനിച്ചിട്ടില്ല.'' റെയ്‌ന വ്യക്തമാക്കി. 

മുഷ്താഖ് അലി ട്രോഫിയുടെ ഫിക്സ്ചര്‍ ബിസിസിഐ ഇനിയും പ്രഖ്യാപിച്ചിട്ടില്ലെങ്കിലും അടുത്ത ഐപിഎല്‍ ലേലത്തിനു മുമ്പ് ടൂര്‍ണമെന്റുണ്ടാവുമെന്നാണ് സൂചനകള്‍. ഏകദേശം രണ്ടു വര്‍ഷത്തിനു ശേഷമാണ് റെയ്ന ആഭ്യന്തര ക്രിക്കറ്റില്‍ യുപിക്കു വേണ്ടി കളിക്കാനൊരുങ്ങുന്നത്. നേരത്തേ യുപിയുടെ നിശ്ചിത ഓവര്‍ ടീമിലെ സ്ഥിരം സാന്നിധ്യമായിരുന്ന അദ്ദേഹം.

click me!