
മുംബൈ: ഇന്ത്യന്‍ ടി20 ടീമിന്റെ നായകസ്ഥാനത്തുനിന്ന് തന്നെ മാറ്റി ശ്രേയസ് അയ്യരെ ക്യാപ്റ്റനാക്കിയ സെലക്ടര്‍മാരുടെ തീരുമാനത്തില്‍ തനിക്ക് യാതൊരുവിധ പരിഭവവുമില്ലെന്ന് വ്യക്തമാക്കി മുന്‍ നായകന്‍ സൂര്യകുമാര്‍ യാദവ്. ചരിത്രത്തിലാദ്യമായി ടി20 ലോകകപ്പ് കിരീടം നിലനിര്‍ത്തിയ ഇന്ത്യന്‍ ടീമിനെ നയിച്ച സൂര്യകുമാര്‍, തന്റെ ക്യാപ്റ്റന്‍സി നഷ്ടപ്പെട്ടതിനെ വളരെ പോസിറ്റീവായാണ് പ്രതികരിച്ചത്. ഇന്ത്യയുടെ അവസാന മൂന്ന് ടി20 ക്യാപ്റ്റന്മാരും മുംബൈയില്‍ നിന്നുള്ളവരാണെന്നതില്‍ തനിക്ക് ഏറെ സന്തോഷമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.
മുംബൈ ടി20 ലീഗിന്റെ ടോസ് ചടങ്ങില്‍ സംസാരിക്കവെയാണ് ശ്രേയസ് അയ്യരെ ഇന്ത്യന്‍ ടീമിലേക്ക് തിരിച്ചുവിളിച്ചതിനെയും നായകനായി ഉയര്‍ത്തിയതിനെയും സൂര്യകുമാര്‍ അഭിനന്ദിച്ചത്. ഇന്ത്യന്‍ ടീമില്‍ നിന്ന് പുറത്താക്കപ്പെട്ട് മണിക്കൂറുകള്‍ക്കകമായിരുന്നു സൂര്യകുമാറിന്റെ ഈ പ്രതികരണം. ''ശ്രേയസ് അയ്യര്‍ ഇന്ത്യന്‍ ടി20 ടീമിന്റെ ക്യാപ്റ്റനായതില്‍ എനിക്ക് ഒരുപാട് സന്തോഷമുണ്ട്. ഞങ്ങള്‍ ഒരുമിച്ചാണ് മുംബൈയില്‍ ക്രിക്കറ്റ് കളിച്ചു വളര്‍ന്നത്. ഇന്ത്യയുടെ അവസാനത്തെ മൂന്ന് ട്വന്റി-20 ക്യാപ്റ്റന്മാരും (രോഹിത് ശര്‍മ്മ, സൂര്യകുമാര്‍ യാദവ്, ശ്രേയസ് അയ്യര്‍) മുംബൈയില്‍ നിന്നുള്ളവരാണെന്നത് അതീവ സന്തോഷം നല്‍കുന്ന കാര്യമാണ്.'' ശനിയാഴ്ച സൂര്യകുമാര്‍ യാദവ് പറഞ്ഞു.
ക്യാപ്റ്റന്‍ സ്ഥാനം നഷ്ടപ്പെട്ടെങ്കിലും മുംബൈ ക്രിക്കറ്റിന്റെ ഈ അപൂര്‍വ്വ നേട്ടത്തെയും തന്റെ സഹതാരത്തിന്റെ വളര്‍ച്ചയെയും ഹൃദയപൂര്‍വ്വം സ്വാഗതം ചെയ്യുന്ന സൂര്യകുമാറിന്റെ വാക്കുകള്‍ ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ആരാധകരുടെ കയ്യടി നേടുകയാണ്.
കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ആഭ്യന്തര ക്രിക്കറ്റിലും ഐപിഎല്ലിലും നടത്തിയ അവിശ്വസനീയ പ്രകടനമാണ് വെറും 15 വയസ്സുള്ള വൈഭവ് സൂര്യവംശിയെ ഇന്ത്യന്‍ ടീമിലെത്തിച്ചത്. 2026 ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സിന് വേണ്ടി 237.31 എന്ന തകര്‍പ്പന്‍ സ്‌ട്രൈക്ക് റേറ്റില്‍ 776 റണ്‍സാണ് താരം അടിച്ചുകൂട്ടിയത്. സീസണില്‍ ഒരു റെക്കോര്‍ഡ് നേട്ടമായി 72 സിക്‌സറുകള്‍ പറത്തിയ വൈഭവ് ഓറഞ്ച് ക്യാപ്, എമേര്‍ജിംഗ് പ്ലെയര്‍, മോസ്റ്റ് വാല്യുബിള്‍ പ്ലെയര്‍ പുരസ്‌കാരങ്ങളും സ്വന്തമാക്കിയിരുന്നു. 'നീ ഇത് പൂര്‍ണ്ണമായും അര്‍ഹിക്കുന്നു. വരാനിരിക്കുന്ന ക്രിക്കറ്റ് യാത്ര കാണാന്‍ ഞാന്‍ ഏറെ ആവേശഭരിതനാണ്.' വൈഭവിനെ ടാഗ് ചെയ്തുകൊണ്ട് സൂര്യകുമാര്‍ ഇന്‍സ്റ്റഗ്രാം സ്‌റ്റോറിയില്‍ പോസ്റ്റ് ചെയ്തു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!