ബാറ്റിംഗ് നിരയിൽ ഇടങ്കയ്യൻ താരങ്ങൾ കൂടുതലുള്ളതിനാൽ ഓപ്പണിംഗിൽ 'ലെഫ്റ്റ്-റൈറ്റ്' കോമ്പിനേഷൻ കൊണ്ടുവരാൻ മാനേജ്‌മെന്‍റ് ആഗ്രഹിക്കുന്നുണ്ട്.

ഹരാരെ: സിംബാബ്‌വെയ്‌ക്കെതിരായ മൂന്ന് മത്സരങ്ങളുടെ ടി20 പരമ്പര സ്വന്തമാക്കാൻ ലക്ഷ്യമിട്ട് ഇന്ത്യ ഇന്ന് രണ്ടാം പോരാട്ടത്തിന് ഇറങ്ങുന്നു. ആദ്യ മത്സരത്തിൽ ഏഴ് വിക്കറ്റിന്‍റെ തകർപ്പൻ വിജയം നേടിയ ഇന്ത്യ പരമ്പരയിൽ 1-0 ന് മുന്നിലാണ്. എന്നാൽ രണ്ടാം മത്സരത്തിൽ ടീമിൽ ഒരു പ്രധാന മാറ്റത്തിന് സാധ്യതയുണ്ടെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. ആദ്യ മത്സരത്തിൽ 8 പന്തില്‍ ഒരു റൺസ് മാത്രമെടുത്ത് പുറത്തായ ഓപ്പണർ അഭിഷേക് ശർമ്മയ്ക്ക് സ്ഥാനം നഷ്ടമായേക്കും. പകരം ഐപിഎല്ലില്‍ ശ്രേയസ് അയ്യരുടെ പഞ്ചാബ് കിംഗ്സിനായി ഓപ്പണറായി തിളങ്ങിയ വലങ്കയ്യൻ വിക്കറ്റ് കീപ്പർ ബാറ്റർ പ്രഭ്സിമ്രാൻ സിംഗ് പ്ലേയിംഗ് ഇലവനില്‍ എത്തുമെന്നാണ് സൂചന.

ബാറ്റിംഗ് നിരയിൽ ഇടങ്കയ്യൻ താരങ്ങൾ കൂടുതലുള്ളതിനാൽ ഓപ്പണിംഗിൽ 'ലെഫ്റ്റ്-റൈറ്റ്' കോമ്പിനേഷൻ കൊണ്ടുവരാൻ മാനേജ്‌മെന്‍റ് ആഗ്രഹിക്കുന്നുണ്ട്. ആദ്യ മത്സരത്തിൽ 19 പന്തിൽ 50 റൺസ് നേടി റെക്കോർഡിട്ട 15-കാരൻ വൈഭവ് സൂര്യവംശിക്കൊപ്പം പ്രഭ്സിമ്രാൻ ഇന്നിംഗ്സ് ഓപ്പൺ ചെയ്തേക്കും. കഴിഞ്ഞ മത്സരത്തിൽ മികച്ച തുടക്കം ലഭിച്ച ഇഷാൻ കിഷൻ മൂന്നാം നമ്പറിൽ തുടരും. ക്യാപ്റ്റൻ ശ്രേയസ് അയ്യർ നാലാമനായി ക്രീസിലെത്തും. തിലക് വർമ്മ, ഫിനിഷർ റിങ്കു സിംഗ്, ഓൾറൗണ്ടർ ശിവം ദുബെ എന്നിവരാകും മധ്യനിരയില്‍ ടീമിന് കരുത്ത് പകരുക.

ആദ്യ മത്സരത്തിൽ മികച്ച പ്രകടനം പുറത്തെടുത്ത ബൗളിംഗ് നിരയെ ഇന്ത്യ നിലനിർത്തിയേക്കും.: പരിക്കിൽ നിന്ന് തിരിച്ചെത്തി മികച്ച ബൗളിംഗ് പുറത്തെടുത്ത മായങ്ക് യാദവ്, പ്രിൻസ് യാദവ്, അശോക് ശർമ്മ എന്നിവരായിരിക്കും പേസ് ആക്രമണം നയിക്കുക. ആദ്യ മത്സരത്തിൽ മയാങ്കും പ്രിൻസും രണ്ട് വിക്കറ്റുകൾ വീതം വീഴ്ത്തിയിരുന്നു. സ്പെഷ്യലിസ്റ്റ് സ്പിന്നറായി രവി ബിഷ്ണോയ് തുടരും. അഞ്ച് ബൗളിംഗ് ഓപ്ഷനുകളുമായി ഇറങ്ങിയ ആദ്യ മത്സരത്തിലെ കോമ്പിനേഷൻ മാറ്റാൻ മാനേജ്‌മെന്റ് മുതിർന്നേക്കില്ല.

ഇന്ത്യയുടെ സാധ്യത ഇലവൻ: വൈഭവ് സൂര്യവംശി, പ്രഭ്സിമ്രാൻ സിംഗ്, ഇഷാൻ കിഷൻ, ശ്രേയസ് അയ്യർ (ക്യാപ്റ്റൻ), തിലക് വർമ്മ, റിങ്കു സിംഗ്, ശിവം ദുബെ, രവി ബിഷ്ണോയ്, പ്രിൻസ് യാദവ്, അശോക് ശർമ്മ, മായങ്ക് യാദവ്.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക