'നീയാണ് ഇപ്പോള്‍ എന്‍റെ പ്രചോദനം': ലിസ്റ്റ് എ റെക്കോര്‍ഡുകള്‍ തകര്‍ത്ത വൈഭവ് സൂര്യവംശിയെ പ്രശംസകൊണ്ട് മൂടി സൂര്യകുമാര്‍ യാദവ്

Published : Nov 25, 2026, 02:13 PM IST
Vaibhav Sooryavanshi

Synopsis

റൈസിംഗ് സ്റ്റാർസ് ഏഷ്യ കപ്പിൽ യുഎഇയ്‌ക്കെതിരെ ഇന്ത്യ എയ്ക്കായി വൈഭവ് സൂര്യവംശി ഇരട്ട സെഞ്ചുറി നേടി റെക്കോർഡുകൾ തിരുത്തി. വെറും 52 പന്തിൽ ഇരട്ടസെഞ്ചുറി തികച്ച താരത്തെ സൂര്യകുമാർ യാദവ് അടക്കമുള്ള പ്രമുഖർ പ്രശംസിച്ചു.

ദോഹ: റൈസിംഗ് സ്റ്റാര്‍സ് ഏഷ്യാ കപ്പില്‍ യുഎഇയ്‌ക്കെതിരെ ഇന്ത്യ എയ്ക്കായി വെറും 53 പന്തില്‍ 204 റണ്‍സ് അടിച്ചുകൂട്ടിയ കൗമാര ബാറ്റിംഗ് വിസ്മയം വൈഭവ് സൂര്യവംശിക്ക് ക്രിക്കറ്റ് ലോകത്തിന്റെ നാനാഭാഗത്തുനിന്നും പ്രശംസാപ്രവാഹം. ഇന്നിംഗ്‌സിലെ 6.3 ഓവറില്‍ വെറും 28 പന്തിലാണ് സൂര്യവംശി സെഞ്ചുറി തികച്ചത്. 2023-ല്‍ ഓസ്ട്രേലിയയുടെ ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക് സ്ഥാപിച്ച 29 പന്തിലെ സെഞ്ചുറി റെക്കോര്‍ഡാണ് ഇതോടെ പഴങ്കഥയായത്. സെഞ്ചുറിക്ക് ശേഷവും ആക്രമണം തുടര്‍ന്ന താരം 40 പന്തില്‍ 150 റണ്‍സിലെത്തി.

കഴിഞ്ഞ വര്‍ഷം അരുണാചല്‍ പ്രദേശിനെതിരെ ബീഹാറിനായി കളിക്കുമ്പോള്‍ താന്‍ തന്നെ കുറിച്ച 59 പന്തിലെ റെക്കോര്‍ഡാണ് 19 പന്തുകളുടെ വ്യത്യാസത്തില്‍ സൂര്യവംശി തിരുത്തിയത്. വെറും 52 പന്തിലാണ് താരം ഇരട്ടസെഞ്ചുറി പൂര്‍ത്തിയാക്കിയത്. ഫോര്‍ഡ് ട്രോഫിയില്‍ ഒട്ടാഗോയ്‌ക്കെതിരെ കാന്റര്‍ബറിക്കായി ന്യൂസിലന്‍ഡ് താരം ചാഡ് ബോസ് കുറിച്ച 103 പന്തിലെ മുന്‍ റെക്കോര്‍ഡിന്റെ ഏതാണ്ട് പകുതി പന്തുകള്‍ മാത്രമാണ് സൂര്യവംശിക്ക് വേണ്ടിവന്നത്. ഇപ്പോള്‍ മുന്‍ ഇന്ത്യന്‍ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവും സൂര്യവംശിയെ വാഴ്ത്തി രംഗത്ത് വന്നിരിക്കുകയാണ്.

സൂര്യകുമാര്‍ എക്‌സില്‍ കുറിച്ചിട്ടതിങ്ങനെ... ''വൈഭവ് സൂര്യവംശി. നീയാണ് ഇപ്പോള്‍ എന്റെ പ്രചോദനം. എന്തൊരു കളിക്കാരന്‍.''' ഇന്ത്യയുടെ ടി20 ലോകകപ്പ് ജേതാവായ ക്യാപ്റ്റന്‍ സൂര്യകുമാര്‍ യാദവ് എക്‌സില്‍ കുറിച്ചു. തന്റെ തകര്‍പ്പന്‍ ഇന്നിംഗ്‌സില്‍ ഏഴ് ഫോറുകളും 28 കൂറ്റന്‍ സിക്‌സറുകളുമാണ് സൂര്യവംശി പറത്തിയത്. ഒരു ലിസ്റ്റ് എ ഇന്നിംഗ്‌സില്‍ ഒരു ബാറ്റര്‍ നേടുന്ന ഏറ്റവും കൂടുതല്‍ സിക്‌സറുകളാണിത്. 2018ല്‍ ഡാര്‍സി ഷോര്‍ട്ട് നേടിയ 23 സിക്‌സറുകളുടെ റെക്കോര്‍ഡാണ് ഇതോടെ മറികടന്നത്. ഒടുവില്‍ 204 റണ്‍സെടുത്ത് പുറത്താകുമ്പോഴേക്കും റെക്കോര്‍ഡ് പുസ്തകങ്ങള്‍ താരം തിരുത്തിക്കുറിച്ചിരുന്നു.

മുന്‍ ഇന്ത്യന്‍ താരം സുരേഷ് റെയ്നയും കൗമാരതാരത്തെ പ്രശംസകൊണ്ട് മൂടി. ''അസാധാരണ പ്രതിഭ! ഇത്രയും ചെറുപ്രായത്തില്‍ ഒരു ഇരട്ടസെഞ്ചുറി നേടുന്നത് വൈഭവ് സൂര്യവംശിയുടെ നിര്‍ഭയമായ മനോഭാവത്തെയും അസാമാന്യ കഴിവിനെയുമാണ് കാണിക്കുന്നത്. വലിയ സ്വപ്നങ്ങള്‍ കാണുക, തിളങ്ങുക.'' റെയ്ന എക്‌സില്‍ കുറിച്ചു.

''വെറും 53 പന്തില്‍ 204 റണ്‍സ്, 28 സിക്‌സറുകള്‍. വൈഭവ് സൂര്യവംശി റെക്കോര്‍ഡുകള്‍ തകരാന്‍ കാത്തിരിക്കുകയല്ല; അവന്‍ ക്രിക്കറ്റ് ചരിത്രം തിരുത്തിയെഴുതുകയാണ്. ഒരു സൂപ്പര്‍താരം പിറവിയെടുക്കുന്നു.'' മുഹമ്മദ് കൈഫ് പ്രതികരിച്ചു.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

'ഇന്ത്യ-പാകിസ്ഥാന്‍ താരങ്ങളുടെ മൈതാനത്തെ പെരുമാറ്റം ലജ്ജാകരം': ഐസിസി ഇടപെടണമെന്ന് ഹര്‍ഭജന്‍ സിംഗ്
ഐപിഎല്‍ 2027 താരലേലം: ബെന്‍ സ്റ്റോക്‌സും ഡേവിഡ് വാര്‍ണറും രണ്ട് കോടി പട്ടികയില്‍; യുവനിരയില്‍ ആര്യവീര്‍ സെവാഗും