ഐപിഎല്‍ 2027 താരലേലം: ബെന്‍ സ്റ്റോക്‌സും ഡേവിഡ് വാര്‍ണറും രണ്ട് കോടി പട്ടികയില്‍; യുവനിരയില്‍ ആര്യവീര്‍ സെവാഗും

Published : Nov 25, 2026, 12:40 PM IST
aaryavir sehwag

Synopsis

ഐപിഎല്‍ 2027 താരലേലത്തിനായി 1,220 താരങ്ങള്‍ രജിസ്റ്റര്‍ ചെയ്തു. ബെന്‍ സ്റ്റോക്‌സ്, ഡേവിഡ് വാര്‍ണര്‍ തുടങ്ങിയ പ്രമുഖര്‍ രണ്ട് കോടി അടിസ്ഥാന വിലയുള്ള പട്ടികയിലുണ്ട്. വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗും ലേലപ്പട്ടികയില്‍ ഇടംനേടി.

മുംബൈ: ഐപിഎല്‍ 2027 താരലേലത്തിനായി രജിസ്റ്റര്‍ ചെയ്തത് 1,220 താരങ്ങള്‍. 939 പേര്‍ ഇന്ത്യന്‍ താരങ്ങളും 281 പേര്‍ വിദേശ താരങ്ങളുമാണ് പട്ടികയിലുള്ളത്. 170 അന്താരാഷ്ട്ര മത്സരങ്ങള്‍ കളിച്ച താരങ്ങളും അസോസിയേറ്റ് രാജ്യങ്ങളില്‍ നിന്നുള്ള 42 താരങ്ങളും നിരവധി അണ്‍ക്യാപ്ഡ് ആഭ്യന്തര-വിദേശ താരങ്ങളും ഈ പട്ടികയിലുണ്ട്. ഇംഗ്ലണ്ട് താരം ബെന്‍ സ്റ്റോക്‌സും ഓസ്ട്രേലിയന്‍ താരം ഡേവിഡ് വാര്‍ണറും ഏറ്റവും ഉയര്‍ന്ന അടിസ്ഥാന വിലയായ രണ്ട് കോടി രൂപയുടെ പട്ടികയിലാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്.

ന്യൂസിലന്‍ഡിന്റെ ഡാരില്‍ മിച്ചല്‍, ഡെവണ്‍ കോണ്‍വേ, രചിന്‍ രവീന്ദ്ര, ട്രെന്റ് ബോള്‍ട്ട്, ഓസ്ട്രേലിയയുടെ ജേക്ക് ഫ്രേസര്‍-മക്ഗുര്‍ക്ക്, സ്‌പെന്‍സര്‍ ജോണ്‍സണ്‍, ജൈ റിച്ചാര്‍ഡ്സണ്‍, ഇംഗ്ലണ്ടിന്റെ ജോണി ബെയര്‍‌സ്റ്റോ, സാം ബില്ലിംഗ്‌സ്, ടോം കറന്‍ തുടങ്ങിയ പ്രമുഖ അന്താരാഷ്ട്ര താരങ്ങളും ഈ വിഭാഗത്തിലുണ്ട്. ഇന്ത്യന്‍ താരങ്ങളില്‍ ആവേഷ് ഖാനും ദീപക് ചാഹറുമാണ് രണ്ട് കോടി രൂപ അടിസ്ഥാന വിലയുള്ള പട്ടികയിലുള്ളത്. ഫസല്‍ഹഖ് ഫാറൂഖി, മുജീബ് ഉര്‍ റഹ്മാന്‍, റഹ്മാനുള്ള ഗുര്‍ബാസ്, ആന്റിച്ച് നോര്‍ക്യ, ജെറാള്‍ഡ് കോട്സി, മതീഷ പതിരാന, വാനിന്ദു ഹസരംഗ, ഷായ് ഹോപ്പ്, ഷിംറോണ്‍ ഹെറ്റ്‌മെയര്‍ എന്നിവരാണ് ഈ പട്ടികയിലെ മറ്റ് പ്രമുഖ വിദേശ താരങ്ങള്‍.

ഈ വര്‍ഷം ആദ്യം അന്താരാഷ്ട്ര ക്രിക്കറ്റില്‍ നിന്ന് വിരമിച്ച 35-കാരനായ ബെന്‍ സ്റ്റോക്‌സ് 2023-ലാണ് അവസാനമായി ഐപിഎല്ലില്‍ ചെന്നൈ സൂപ്പര്‍ കിംഗ്സിനായി കളിച്ചത്. അഞ്ച് സീസണുകളിലായി റൈസിംഗ് പൂനെ സൂപ്പര്‍ജയന്റ്, രാജസ്ഥാന്‍ റോയല്‍സ്, സിഎസ്‌കെ എന്നീ മൂന്ന് ഫ്രാഞ്ചൈസികളെ അദ്ദേഹം പ്രതിനിധീകരിച്ചിട്ടുണ്ട്. 45 ഐപിഎല്‍ മത്സരങ്ങളില്‍ നിന്ന് 935 റണ്‍സും 28 വിക്കറ്റുകളും സ്റ്റോക്‌സ് നേടിയിട്ടുണ്ട്. അതേസമയം, 2026-ലെ ലേലത്തില്‍ ആരും വാങ്ങാതെ പോയ ഡേവിഡ് വാര്‍ണര്‍ ഇത്തവണ ഒരു ഐപിഎല്‍ കരാര്‍ സ്വന്തമാക്കാമെന്ന പ്രതീക്ഷയിലാണ്.

യുവപ്രതീക്ഷയായി ആര്യവീര്‍ സെവാഗും

മുന്‍ ഇന്ത്യന്‍ ഓപ്പണര്‍ വീരേന്ദര്‍ സെവാഗിന്റെ മകന്‍ ആര്യവീര്‍ സെവാഗ് ഉള്‍പ്പെടെയുള്ള യുവതാരങ്ങളും ലേലപ്പട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്. ഒമാനില്‍ നടന്ന അണ്ടര്‍-19 ഏഷ്യാ കപ്പില്‍ ഇന്ത്യയുടെ കിരീടനേട്ടത്തിന് പിന്നാലെ പ്ലെയര്‍ ഓഫ് ദ ടൂര്‍ണമെന്റായി തിരഞ്ഞെടുക്കപ്പെട്ടതോടെ ആര്യവീര്‍ വാര്‍ത്തകളില്‍ ഇടംനേടിയിരുന്നു. ഫൈനലില്‍ നിര്‍ണായക പങ്കുവഹിച്ച മോഹിത് ഉല്‍വയും അണ്ടര്‍ 19 കിരീടം നേടിയ ടീമിലെ അംഗമായ കാവ്യന്‍ പട്ടേലും ലേലത്തിനായി രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്. ഈ മൂന്ന് യുവതാരങ്ങളും 30 ലക്ഷം രൂപ വീതമാണ് അടിസ്ഥാന വില നിശ്ചയിച്ചിരിക്കുന്നത്.

ബംഗ്ലാദേശ് താരങ്ങളായ എന്നാല്‍ മുസ്തഫിസുര്‍ റഹ്മാന്‍, നഹിദ് റാണ, ഷാകിബ് അല്‍ ഹസന്‍ തുടങ്ങിയ പ്രമുഖ ബംഗ്ലാദേശ് താരങ്ങള്‍ പ്രാഥമിക പട്ടികയില്‍ ഇല്ല. ബിസിസിഐ നിര്‍ദ്ദേശത്തെത്തുടര്‍ന്ന് കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്സ് ടീമില്‍ നിന്ന് ഒഴിവാക്കിയതോടെ ഐപിഎല്‍ 2026 സീസണിന് മുന്നോടിയായി മുസ്തഫിസുര്‍ വലിയ വാര്‍ത്താപ്രാധാന്യം നേടിയിരുന്നു. നിലവിലെ രജിസ്‌ട്രേഷന്‍ പട്ടിക അന്തിമ ലേലപ്പട്ടികയല്ല. ഫ്രാഞ്ചൈസികള്‍ തങ്ങള്‍ക്ക് താല്‍പ്പര്യമുള്ള താരങ്ങളുടെ പേരുകള്‍ കൂടി നിര്‍ദ്ദേശിച്ച ശേഷമായിരിക്കും അന്തിമ ചുരുക്കപ്പട്ടിക തയ്യാറാക്കുക.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

Read more Articles on
click me!

Recommended Stories

52 പന്തിൽ 204, അബ്‌സല്യൂട്ട് മാഡ്‌നസ്! വൈഭവ് സൂര്യവംശി, അതാണ് ഇനി ബെഞ്ച്മാർക്ക്
'യുവരാജ് സിംഗുമായുള്ള സംഭാഷണം തുണയായി'; റെക്കോര്‍ഡ് ഇരട്ടസെഞ്ചുറിക്ക് പിന്നിലെ രഹസ്യം വ്യക്തമാക്കി വൈഭവ് സൂര്യവംശി