
പെർത്തിലെ തീപാറുന്ന പിച്ചിൽ ദക്ഷിണാഫ്രിക്കൻ ബോളർമാരുടെ പേസാക്രമണത്തിന് മുന്നിൽ ഇന്ത്യയുടെ പേരുകേട്ട മുൻനിര ആയുധങ്ങളില്ലാതെ മുട്ടുമടക്കിയപ്പോൾ അവനിലായിരുന്നു ആരാധകരുടെ പ്രതീക്ഷ. ക്യാപ്റ്റൻ രോഹിത് ശർമയും കിങ് കോലിയും രാഹുലും ഹർദിക് പാണ്ഡ്യയും കൂടാരം കയറിയപ്പോൾ ആടിയുലയുന്ന കപ്പലിന് തുല്യമായി ഇന്ത്യയുടെ അവസ്ഥ. പിന്നീട് സൂര്യകുമാർ യാദവിലേക്കായി ആരാധകരുടെ കണ്ണുകൾ. സ്വന്തം സ്ട്രൈക്ക് റേറ്റ് താഴാതെ തകർച്ചയിൽ നിന്ന് കരളുറപ്പുള്ള നായകനായി അയാൾ ടീമിനെ ഒറ്റക്ക് കൈപിടിച്ചുയർത്തി. പ്രതീക്ഷ തെറ്റാതെ സ്കൈ എന്ന സൂര്യകുമാർ യാദവ് ഒറ്റക്ക് പോരാടിയപ്പോൾ ഇന്ത്യ പൊരുതാവുന്ന സ്കോറിലെത്തി.
26 റൺസിന് രണ്ട് വിക്കറ്റെന്ന നിലയിൽ ക്രീസിലെത്തിയ സൂര്യ, ടീം സ്കോർ 127 റൺസിലെത്തിയപ്പോഴാണ് പുറത്താകുന്നത്. 40 പന്തിൽ മൂന്ന് സിക്സും ആറ് ഫോറും സഹിതം 170 സ്ട്രൈക്ക് റേറ്റിൽ 68 റൺസാണ് നേടിയത്. ഇതിനിടെ ദിനേശ് കാർത്തികുമൊത്ത് 50 റൺസ് കൂട്ടുകെട്ടുണ്ടാക്കി. ഈ കൂട്ടുകെട്ടിൽ വെറും ആറ് റൺസാണ് കാർത്തിക് നേടിയത്. ബാക്കിയധികവും സൂര്യയുടെ ബാറ്റിൽ നിന്നായിരുന്നു. ഒടുവിൽ 19ാം ഓവറിലെ അവസാന പന്തിൽ അയാൾ പുറത്താകുമ്പോൾ 150 സ്കോർ നേടാമെന്ന പ്രതീക്ഷയും അസ്തമിച്ചു. വെയ്ൻ പാർണലിന്റെ പന്തിൽ കേശവ് മഹാരാജിന് ക്യാച്ച് നൽകിയാണ് സൂര്യ പുറത്താകുന്നത്. ഇതുവരെ മൂന്ന് മത്സരങ്ങളിൽ നിന്നായി 134 റൺസാണ് സൂര്യകുമാർ നേടിയത്.
മത്സരത്തില്‍ ഒമ്പത് വിക്കറ്റ് നഷ്ടത്തില്‍ 133 റണ്‍സാണ് ഇന്ത്യ നേടിയത്.. അര്‍ധ സെഞ്ച്വറി നേടിയ സൂര്യകുമാര്‍ യാദവാണ് ടോപ് സ്കോറര്‍. 15 റണ്‍സെടുത്ത രോഹിത് ശര്‍മ്മയും 12 റണ്‍സെടുത്ത വിരാട് കോലിയുമാണ് രണ്ടക്കം കടന്ന മറ്റു ബാറ്റര്‍മാര്‍. ദക്ഷിണാഫ്രിക്കക്ക് വേണ്ടി ലുങ്കി എന്‍ഗിഡി നാല് വിക്കറ്റും വെയ്ന്‍ പാര്‍ണല്‍ മൂന്ന് വിക്കറ്റും വീഴ്ത്തി.
നിര്‍ണായക മത്സരത്തില്‍ ലുങ്കി എന്‍ഗിഡിയെ ഇറക്കിയ ദക്ഷിണാഫ്രിക്കന്‍ തന്ത്രം എല്ലാത്തരത്തിലും തുടക്കത്തില്‍ വിജയിക്കുകയായിരുന്നു. വെയ്‌ന്‍ പാര്‍നലിന്‍റെ ആദ്യ ഓവറില്‍ ആറ് പന്തും കെ എല്‍ രാഹുല്‍ പാഴാക്കിയപ്പോള്‍ അഞ്ചാം ഓവറിലാണ് എന്‍ഗിഡി ആദ്യമായി പന്തെടുത്തത്. രണ്ടാം പന്തില്‍ രോഹിത് ശര്‍മ്മയും(14 പന്തില്‍ 15), ആറാം പന്തില്‍ കെ എല്‍ രാഹുലും(14 പന്തില്‍ 9) പുറത്തായി. സമ്മര്‍ദമേറിയ രോഹിത്തിന്‍റെ സിക്‌സര്‍ ശ്രമം പാളിയപ്പോള്‍ രാഹുല്‍ സ്ലിപ്പില്‍ ഏയ്‌ഡന്‍ മാര്‍ക്രമിന്‍റെ ക്യാച്ചില്‍ മടങ്ങി. ഏഴാം ഓവറില്‍ എന്‍ഗിഡി വീണ്ടും പന്തെടുത്തപ്പോള്‍ അഞ്ചാം പന്തില്‍ വിരാട് കോലി(11 പന്തില്‍ 12) റബാഡയുടെ ക്യാച്ചില്‍ വീണു.
തൊട്ടടുത്ത ഓവറില്‍ ആന്‍റിച് നോര്‍ക്യ, ദീപക് ഹൂഡയെ(3 പന്തില്‍ 0) പുറത്താക്കി. വിക്കറ്റ് കീപ്പര്‍ ഡികോക്കിനായിരുന്നു ക്യാച്ച്. തന്‍റെ മൂന്നാം ഓവറില്‍, അതായത് ഇന്ത്യന്‍ ഇന്നിംഗ്‌സിലെ 9-ാം ഓവറില്‍ എന്‍ഗിഡി ഹാര്‍ദിക് പാണ്ഡ്യയേയും(3 പന്തില്‍ 2) പറഞ്ഞയച്ചു.