സെൻട്രൽ സോണിലെ മത്സരങ്ങൾ മാർച്ച് ഒമ്പതിന് ആരംഭിക്കുമ്പോൾ മറ്റ് സോണുകളിലെ മത്സരങ്ങൾ അതാത് മേഖലകളിലെ കെ.സി.എ സ്റ്റേഡിയങ്ങളിൽ വെച്ച് നടക്കും.
കൊച്ചി: ലയൺസ് കേരള കോളേജ് പ്രീമിയർ ലീഗ് ടി20 ക്രിക്കറ്റ് ചാമ്പ്യൻഷിപ്പിന് മാർച്ച് ഒമ്പതിന് തുടക്കമാകുമെന്ന് ഭാരവാഹികൾ പത്രസമ്മേളനത്തിൽ അറിയിച്ചു. ലയൺസ് ഇന്‍റർനാഷണൽ മൾട്ടിപ്പിൾ ഡിസ്ട്രിക് 318-ന്‍റെ ആഭിമുഖ്യത്തിൽ സ്പോർട്സ് എക്സോട്ടിക്കയുടെ സഹകരണത്തോടെ സംഘടിപ്പിക്കുന്ന ടൂർണമെന്‍റിന്‍റെ ഉദ്ഘാടന മത്സരങ്ങൾ അങ്കമാലി ഫിസാറ്റ് കോളേജ് ഗ്രൗണ്ടിലും ബിസിജി ഗ്രൗണ്ടിലുമായാണ് നടക്കുന്നത്. കേരള ക്രിക്കറ്റ് അസോസിയേഷന്‍റെ യൂത്ത് ക്രിക്കറ്റ് ടാലന്‍റ് സെർച്ചിന്‍റെ ഭാഗമായി തുടർച്ചയായി ഏഴാമത്തെ വർഷം സംഘടിപ്പിക്കുന്ന ഈ മെഗാ ടൂർണമെന്‍റിൽ സംസ്ഥാനത്തെ 10 സർവ്വകലാശാലകളിൽ നിന്നായി 60-ഓളം കോളേജുകളും തൊള്ളായിരത്തിലധികം വിദ്യാർത്ഥികളും മാറ്റുരയ്ക്കും. സൗത്ത്, സെൻട്രൽ, നോർത്ത് എന്നിങ്ങനെ മൂന്ന് സോണുകളായാണ് മത്സരം നടക്കുന്നത്. 35 ദിവസം നീണ്ടു നിൽക്കുന്ന ടൂർണമെന്റിൽ ഓരോ സോണിലും 20 ടീമുകൾ വീതമാണുള്ളത്.
സെൻട്രൽ സോണിലെ മത്സരങ്ങൾ മാർച്ച് ഒമ്പതിന് ആരംഭിക്കുമ്പോൾ മറ്റ് സോണുകളിലെ മത്സരങ്ങൾ അതാത് മേഖലകളിലെ കെ.സി.എ സ്റ്റേഡിയങ്ങളിൽ വെച്ച് നടക്കും. അഞ്ച് വേദികളിലായാണ് മത്സരം ക്രമീകരിച്ചിരിക്കുന്നത് തെക്കൻ മേഖലാ മത്സരങ്ങൾ തിരുവനന്തപുരത്തും മധ്യമേഖലാ മത്സരങ്ങൾ തൊടുപുഴ, ആലപ്പുഴ എന്നിവടങ്ങളിലും നടക്കും.വടക്കൻ ജില്ലകൾ ഉൾപ്പെടുന്ന നോർത്ത് സോൺ മത്സരങ്ങൾക്ക് തലശ്ശേരിയും പെരിന്തൽമണ്ണയുമാണ് വേദിയാകുന്നത്. ഓരോ സോണിൽ നിന്നും മുന്നിലെത്തുന്ന ടീമുകൾ ആലപ്പുഴയിലും തൃപ്പൂണിത്തുറയിലും വെച്ച് നടക്കുന്ന 'സൂപ്പർ സിക്സ്' ഘട്ടത്തിലേക്ക് യോഗ്യത നേടും. ചാമ്പ്യൻഷിപ്പിലാകെ 80 മത്സരങ്ങളാണ് ക്രമീകരിച്ചിരിക്കുന്നത്. പകൽ-രാത്രി മത്സരങ്ങളുടെ മാതൃകയിൽ പിങ്ക് പന്തുകളാണ് ടൂർണമെൻ്റിൽ ഉപയോഗിക്കുന്നത് എന്നത് ശ്രദ്ധേയമാണ്.
യുവ പ്രതിഭകൾക്ക് തങ്ങളുടെ കഴിവ് തെളിയിക്കാൻ ലഭിക്കുന്ന മികച്ച വേദി കൂടിയാണിത്. കഴിഞ്ഞ ആറ് സീസണുകളിലും ആറ് വ്യത്യസ്ത ചാമ്പ്യൻമാരെ സമ്മാനിച്ച ഈ ടൂർണമെന്‍റിന്‍റെ രണ്ടാം ഘട്ടം മുതൽ മികച്ച കളിക്കാരെ കണ്ടെത്താൻ കേരള ക്രിക്കറ്റ് ലീഗിലെ വിവിധ ഫ്രാഞ്ചൈസികൾ നേരിട്ടെത്തും. കോളേജ് വിദ്യാർത്ഥികൾക്ക് ഇന്ത്യൻ പ്രീമിയർ ലീഗ് (ഐ.പി.എൽ), ദേശീയ തലങ്ങൾ തുടങ്ങിയ പ്രൊഫഷണൽ ക്രിക്കറ്റിലേക്ക് ചുവടുവെക്കാനുള്ള വലിയ അവസരമാണ് ഇതിലൂടെ ഒരുങ്ങുന്നത്. മദ്യത്തിനും മയക്കുമരുന്നിനും എതിരെ യുവതലമുറയെ അണിനിരത്തുക എന്ന വലിയ സാമൂഹിക ലക്ഷ്യത്തോടെയാണ് ലയൺസ് ക്ലബ് ഇന്‍റർനാഷണൽ ഈ ടൂർണമെന്‍റിന് രണ്ടാം തവണ നേതൃത്വം നൽകുന്നത്.
പത്രസമ്മേളനത്തിൽ ലയൺസ് മൾട്ടിപ്പിൾ ഇന്‍റർനാഷണൽ ഭാരവാഹികളായ രാജൻ നമ്പൂതിരി, ഷൈൻ കുമാർ, ജെയിംസ് പോൾ വളപ്പില ,ഗോപകുമാർ മേനോൻ, സ്പോർട്സ് എക്സോട്ടിക്ക ഡയറക്ടർമാരായ രാജു മാത്യു, ജ്യോതിഷ് പ്രകാശ് എന്നിവർ പങ്കെടുത്തു.
