
മുംബൈ: ടി20 ലോകകപ്പിൽ ഇന്ത്യയെ കിരീടം സമ്മാനിച്ചെങ്കിലും ക്യാപ്റ്റൻ സ്ഥാനത്ത് സൂര്യകുമാർ യാദവിന്‍റെ ഭാവി അനിശ്ചിതത്വത്തിലെന്ന് റിപ്പോര്‍ട്ട്. സൂര്യയുടെ ബാറ്റിംഗ് ഫോമിലെ ഇടിവാണ് ബിസിസിഐയെയും സെലക്ഷൻ കമ്മിറ്റിയെയും പുനർചിന്തയ്ക്ക് പ്രേരിപ്പിക്കുന്നത്. 2028-ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സും ലോകകപ്പും ലക്ഷ്യമിട്ടുള്ള ടീമിനെ വാർത്തെടുക്കാൻ ബിസിസിഐ ഒരുങ്ങുമ്പോൾ സൂര്യയുടെ സ്ഥാനം ചോദ്യചിഹ്നമാവുകയാണ്.
ലോകകപ്പ് ഫൈനലിൽ ന്യൂസിലൻഡിനെതിരെ പൂജ്യത്തിന് പുറത്തായതും സെമി ഫൈനലിൽ ഇംഗ്ലണ്ടിനെതിരെ 11 റൺസ് മാത്രം നേടിയതും സൂര്യയ്ക്ക് തിരിച്ചടിയായി. ആദ്യഗ്രൂപ്പ് മത്സരത്തില്‍ അമേരിക്കക്കെതിരെ തിളങ്ങിയതൊഴിച്ചാല ടൂർണമെന്‍റിലെ നിര്‍ണായക മത്സരങ്ങളിലൊന്നും 35കാരനായ സൂര്യക്ക് തിളങ്ങാനായില്ല. 2028ലെ ഒളിംപിക്സും ലോകകപ്പും വരുമ്പോള്‍ സൂര്യക്ക് പ്രായം 37 ആകും. ഈ സാഹചര്യത്തിലാണ് പുതിയ നായകനെ കണ്ടെത്തുന്ന കാര്യം ബിസിസിഐ ഗൗരവമായി ആലോചിക്കുന്നതെന്ന് വാര്‍ത്താ ഏജന്‍സിയായ പിടിഐ റിപ്പോര്‍ട്ട് ചെയ്തു. സൂര്യകുമാറിനെ മാറ്റിയാല്‍ മലയാളി താരം സഞ്ജു സാംസണെ അടക്കം ക്യാപ്റ്റൻ സ്ഥാനത്തേക്ക് പരിഗണിക്കാൻ സാധ്യതയുണ്ട്. ഏകദിന, ടെസ്റ്റ് ടീം നായകനായ ശുഭ്മാന്‍ ഗില്ലിനാണ് ബിസിസിഐ പ്രഥമ പരിഗണന നല്‍കുന്നതെങ്കിലും ടി20യില്‍ ഇന്ത്യക്കായി മികവ് കാട്ടാനാവാത്തതാണ് തിരിച്ചടിയാകുന്നത്.
വരാനിരിക്കുന്ന ഇംഗ്ലണ്ട്, അയർലൻഡ് പര്യടനങ്ങൾ സൂര്യകുമാറിന് നിർണായകമാണ്. ഈ പരമ്പരകളിലെ പ്രകടനം വിലയിരുത്തിയാകും 2028 വരെ സൂര്യയെ ക്യാപ്റ്റനായി തുടരാൻ അനുവദിക്കണോ എന്ന് ബിസിസിഐ തീരുമാനിക്കുക. സൂര്യയ്ക്ക് പകരം യുവതാരങ്ങളെ വളർത്തിയെടുക്കണമെന്ന അഭിപ്രായം അജിത് അഗാർക്കർ നയിക്കുന്ന സെലക്ഷൻ കമ്മിറ്റിക്കുണ്ട്.
എന്നാല്‍ കോച്ച് ഗൗതം ഗംഭീറിന്‍റെ പിന്തുണ സൂര്യകുമാറിനുണ്ട്. 2028വരെ പരിശീലക കരാര്‍ നീട്ടണമെന്ന് ഗംഭീര്‍ ബിസിസിഐയോട് അഭ്യര്‍ത്ഥിച്ചിട്ടുണ്ടെന്നും ക്യാപ്റ്റൻ സ്ഥാനത്ത് ഗംഭീറിന്‍റെ പിന്തുണ സൂര്യകുമാറിനാണെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. സൂര്യയുടെ പിന്‍ഗാമിയായി ഗില്ലിനെ പരിഗണിച്ചില്ലെങ്കില്‍ പിന്നീട് സാധ്യത ഹാര്‍ദിക് പാണ്ഡ്യക്കാണെങ്കിലും ഗംഭീറിന്‍റെ പിന്തുണ ഹാര്‍ദിക്കിനില്ല. ജസ്പ്രീത് ബുംറക്ക് പരിക്കാണ് വില്ലന്‍. ഈ സാഹചര്യത്തില്‍ സൂര്യകുമാറിനെ മാറ്റാന്‍ തീരുമാനിച്ചാല്‍ ഗംഭീറുമായി നല്ല ബന്ധം പുലര്‍ത്തുന്ന സഞ്ജുവിനെയും പരിഗണിച്ചേക്കുമെന്നാണ് കരുതന്നത്. എന്നാല്‍ നിലവില്‍ ഐപിഎല്‍ ടീമുകളുടെയൊന്നും ക്യാപ്റ്റനല്ലാത്തത് സഞ്ജുവിന് തിരിച്ചടിയാണ്.
ജൂൺ-ജൂലൈ മാസങ്ങളിൽ നടക്കുന്ന അയർലൻഡ്, ഇംഗ്ലണ്ട് പര്യടനങ്ങളാകും ഇന്ത്യൻ ടീമിലെ വൻ മാറ്റങ്ങൾക്ക് തുടക്കമിടുക. സിംബാബ്‌വെ പര്യടനത്തിലോ, ജപ്പാനിൽ നടക്കുന്ന ഏഷ്യൻ ഗെയിംസിലോ പതിനഞ്ചുകാരന്‍ വൈഭവ് സൂര്യവംശിയെ ഇന്ത്യൻ സീനിയര്‍ ടീമിന്‍റെ ഭാഗമാക്കാനും സാധ്യതയുണ്ടെന്ന് റിപ്പോര്‍ട്ടുകളുണ്ട്.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!