
ലക്നൗ: മുഷ്താഖ് അലി ട്രോഫി ടി20 ടൂര്‍ണമെന്‍റിൽ കേരളത്തിന്‍റെ ക്വാര്‍ട്ടര്‍ പ്രതീക്ഷകള്‍ക്ക് തിരിച്ചടിയായി നിര്‍ണായ മത്സരത്തില്‍ ആന്ധ്രക്കെതിരെ വമ്പന്‍ തോല്‍വി. ആന്ധ്രക്കെതിരെ ആദ്യം ബാറ്റ് ചെയ്ത കേരളം 20 ഓവറില്‍ 119 റണ്‍സെടുത്തപ്പോള്‍ 120 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന ആന്ധ്ര 12 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യത്തിലെത്തി. 28 പന്തില്‍ 53 റണ്‍സെടുത്ത കെ എസ് ഭരതും 20 പന്തില്‍ 27 റണ്‍സെടുത്ത അശ്വിന്‍ ഹെബ്ബാറുമാണ് ആന്ധ്രയുടെ വിജയം അനായാസമാക്കിയത്. ഷെയ്ഖ് റഷീദും ക്യാപ്റ്റൻ റിക്കി ഭൂയിയും പുറത്താകാതെ നിന്നു. കേരളത്തിനായി ബിജു നാരായണനും വിഘ്നേഷ് പുത്തൂരും അബ്ദുള്‍ ബാസിതും ഓരോ വിക്കറ്റ് വീതം വീഴ്ത്തി. സ്കോര്‍ കേരളം 20 ഓവറില്‍ 119-7, ആന്ധ്ര 12 ഓവറില്‍ 123-3.
120 റണ്‍സ് വിജയലക്ഷ്യത്തിലേക്ക് ബാറ്റ് വീശിയ ആന്ധ്രക്ക് ഓപ്പണര്‍മാരായ ശ്രീകര്‍ ഭരതും അശ്വിന്‍ ഹെബ്ബാറും ചേര്‍ന്ന് 7.1 ഓവറില്‍ 71 റണ്‍സടിച്ച് മിന്നുന്ന തുടക്കം നല്‍കിയതോടെ കേരളത്തിന്‍റെ പ്രതീക്ഷ പൊലിഞ്ഞു. സ്കോര്‍ 71ല്‍ നില്‍ക്കെ അശ്വിന്‍ ഹെബ്ബാറിനെ ബിജു നാരായണൻ വിക്കറ്റിന് മുന്നില്‍ കുടുക്കി. പിന്നാലെ അര്‍ധസെഞ്ചുറി തികച്ച ശ്രീകര്‍ ഭരതിനെ വിഘ്നേഷ് പുത്തൂരും വിക്കറ്റിന് മുന്നില്‍ കുടുക്കി ഇരട്ടപ്രഹരമേല്‍പ്പിച്ചെങ്കിലും കേരളത്തിന് പൊരുതാനുളള സ്കോര്‍ ഇല്ലാതെ പോയി. വിജയത്തിനരികെ പൈല അവിനാശിനെ(12 പന്തില്‍ 20) അബ്ദുള്‍ ബാസിത് മടക്കിയെങ്കിലും റിക്കി ഭൂയിയും ഷെയ്ഖ് റഷീദും ചേര്‍ന്ന് വിജയം പൂര്‍ത്തിയാക്കി.
നേരത്തെ ആദ്യം ബാറ്റ് ചെയ്ത കേരള നിരയില്‍ രണ്ട് പേര്‍ മാത്രമാണ് രണ്ടക്കം കടന്നത്. ഒരറ്റത്ത് വിക്കറ്റുകള്‍ പൊഴിയുമ്പോഴും ഓപ്പണറായി ഇറങ്ങിയ ക്യാപ്റ്റൻ സഞ്ജു സാംസണ്‍ അവസാനം വരെ പുറത്താവാതെ നിന്ന് 56 പന്തില്‍ 73 റണ്‍സെടുത്ത് പൊരുതിയെങ്കിലും മറ്റാര്‍ക്കും പിന്തുണ നല്‍കാനായില്ല. രോഹന്‍ കുന്നുമ്മലിനെ(2) നാലാം ഓവരില്‍ നഷ്ടമായതിന് പിന്നാലെ കേരളത്തിന്‍റെ തകര്‍ച്ച തുടങ്ങി.
15 പന്തില്‍ ആറ് റണ്‍സെടുത്ത് മുഹമ്മദ് അസറുദ്ദീനും നാലു പന്തില്‍ അഞ്ച് റണ്‍സെടുത്ത കൃഷ്ണപ്രസാദും 9 പന്തില്‍ രണ്ട് റണ്‍സെടുത്ത് അബ്ദുള്‍ ബാസിതും 10 പന്തില്‍ 5 റണ്‍സെടുത്ത് സല്‍മാന്‍ നിസാറും മടങ്ങി. 12 പന്തില്‍ 13 റണ്‍സെടുത്ത എം ഡി നിധീഷാണ് സഞ്ജുവിന് പുറമെ കേരളനിരയില്‍ രണ്ടക്കം കടന്ന മറ്റൊരു ബാറ്റര്‍. ആന്ധ്രക്കായി സത്യനാരായണ രാജുവും സൗരഭ് കുമാറും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി.
ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക