
മൊഹാലി: സയ്യിദ് മുഷ്താഖ് അലി ട്രോഫിയില്‍ കേരളത്തിനെതിരെ സര്‍വ്വീസസ് പൊരുതുന്നു. ആദ്യം ബാറ്റ് ചെയ്ത സര്‍വ്വീസസ്, കേരളത്തിന്‍റെ മിന്നും ബൗളിംഗ് മുന്നില്‍ പതറി. നിശ്ചിത ഓവറില്‍ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 148 റണ്‍സ് എടുക്കാന്‍ മാത്രമേ സര്‍വ്വീസസിന് സാധിച്ചിരുന്നൂള്ളു. കേരളത്തിന് വേണ്ടി വൈശാഖ് ചന്ദ്രന്‍ 28 റണ്‍സ് വഴങ്ങി മൂന്ന് വിക്കറ്റുകള്‍ വീഴ്ത്തി. കെ എം ആസിഫ് രണ്ട് വിക്കറ്റുകളും പേരിലെഴുതി.
സര്‍വ്വീസസിന് വേണ്ടി 35 പന്തില്‍ 39 റണ്‍സ് എടുത്ത അനാഷുള്‍ ഗുപ്ത, 27 പന്തില്‍ 22 റണ്‍സെടുത്ത രവി ചൗഹാന്‍ എന്നിവര്‍ക്ക് മാത്രമേ ഭേദപ്പെട്ട പ്രകടനം കാഴ്ചവയ്ക്കാന്‍ സാധിച്ചുള്ളൂ. മറുപടി ബാറ്റിംഗിന് ഇറങ്ങിയ കേരളത്തിനെ സര്‍വീസസ് വരിഞ്ഞു മുറുക്കി. ഒടുവില്‍ റിപ്പോര്‍ട്ട് ലഭിക്കുമ്പോള്‍ കേരളം നാല് വിക്കറ്റ് നഷ്ടത്തില്‍ 69 റണ്‍സ് എന്ന നിലയിലാണ്. 13 ഓവറുകള്‍ പിന്നിട്ടു കഴിഞ്ഞു. നായകനും ടീമിന്‍റെ പ്രതീക്ഷയുമായ സഞ്ജു സാംസണും സച്ചിന്‍ ബേബിയുമാണ് ക്രീസിലുള്ളത്.
അതേസമയം, സയ്യിദ് മുഷ്താഖ് അലി ട്രോഫി ഗ്രൂപ്പ് സിയില്‍ നിലവില്‍ മൂന്ന് വിജയങ്ങളുമായി കേരളമാണ് ഒന്നാം സ്ഥാനത്ത് നില്‍ക്കുന്നത്. ഒന്നാം സ്ഥാനത്തുള്ള കേരളത്തിന് ഇപ്പോള്‍ 12 പോയിന്റുണ്ട്. കരുത്തരായ കര്‍ണാടകയെ കൂടാതെ അരുണാചലിനെയും ഹരിയാനെയുമാണ് കേരളം തോല്‍പ്പിച്ചത്. ആദ്യ മൂന്ന് മത്സരങ്ങളില്‍ വിജയം നേടാന്‍ ആയതിന്‍റെ ആത്മവിശ്വാസവുമായാണ് കേരളം ഇന്ന് സര്‍വ്വീസസിന് എതിരെ പോരിനിറങ്ങിയത്. ഇനി മഹാരാഷ്ട്ര, ജമ്മു കശ്മീര്‍, മഹാരാഷ്ട്ര എന്നിവരോടാണ് കേരളത്തിന് ഇനി മത്സരമുള്ളത്.
കഴിഞ്ഞ മത്സരത്തില്‍ ഹരിയാനക്കെതിരെ മൂന്ന് വിക്കറ്റിന്റെ വിജയമാണ് കേരളം സ്വന്തമാക്കിയത്. 132 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന കേരളം 19 ഓവറില്‍ ഏഴ് വിക്കറ്റ് നഷ്ടത്തില്‍ ലക്ഷ്യം മറികടന്നു. മധ്യനിര താരങ്ങള്‍ നിരാശപ്പെടുത്തിയപ്പോള്‍ അബ്ദുള്‍ ബാസിതിന്റെ (15 പന്തില്‍ പുറത്താവാതെ 27) ഇന്നിംഗ്‌സാണ് കേരളത്തിന് തുണയായത്. നേരത്തെ ജയന്ത് യാദവ് (39), സുമിത് കുമാര്‍ (30) എന്നിവരുടെ ഇന്നിംഗ്‌സാണ് ഹരിയാനയെ പൊരുതാവുന്ന സ്‌കോറിലേക്ക് നയിച്ചത്.