Asianet News MalayalamAsianet News Malayalam

ഓസീസിന് 5 സ്റ്റാര്‍ താമസം, ഇന്ത്യന്‍ ടീമിന് 4 സ്റ്റാര്‍; ഓസ്ട്രേലിയയില്‍ രോഹിത്തിനും കൂട്ടര്‍ക്കും അപമാനം 

ഐസിസിയുടെ ഔദ്യോഗിക വാംഅപ് മത്സരങ്ങള്‍ക്കായി ശനിയാഴ്‌ചയാണ് ഇന്ത്യന്‍ ടീം വിമാനമിറങ്ങിയത്

T20 World Cup 2022 Team India put up in 4 star hotel and Australia team get 5 star facilities in Brisbane
Author
First Published Oct 16, 2022, 11:22 AM IST

ബ്രിസ്‌ബേന്‍: ട്വന്‍റി 20 ലോകകപ്പിനായി ഓസ്ട്രേലിയയിലെത്തിയ ഇന്ത്യന്‍ ടീമിനെ കുറഞ്ഞ സൗകര്യങ്ങള്‍ ഒരുക്കി ഐസിസിയും ക്രിക്കറ്റ് ഓസ്ട്രേലിയയും അപമാനിച്ചു. ബ്രിസ്‌ബേനില്‍ വാംഅപ് മത്സരത്തിനായി എത്തിയ ഓസ്ട്രേലിയന്‍ ക്രിക്കറ്റ് ടീമിന് ഫൈവ് സ്റ്റാര്‍ ഹോട്ടലില്‍ താമസമൊരുക്കിയപ്പോള്‍ രോഹിത് ശര്‍മ്മയ്ക്കും സംഘത്തിനും ഫോര്‍ സ്റ്റാര്‍ സൗകര്യം മാത്രമാണ് ലഭിച്ചത് എന്നാണ് ഇന്‍സൈഡ്‌സ്പോര്‍ടിന്‍റെ റിപ്പോര്‍ട്ട്. 

പെര്‍ത്തിലെ വെസ്റ്റണ്‍ ഓസ്ട്രേലിയ ഇലവനെതിരായ പരിശീലന മത്സരങ്ങള്‍ക്ക് ശേഷം ബ്രിസ്‌ബേനില്‍ ഐസിസിയുടെ ഔദ്യോഗിക വാംഅപ് മത്സരങ്ങള്‍ക്കായി ശനിയാഴ്‌ചയാണ് ഇന്ത്യന്‍ ടീം വിമാനമിറങ്ങിയത്. ടി20 ലോകകപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിന് മെല്‍ബണിലേക്ക് തിരിക്കും മുമ്പ് ബ്രിസ്‌ബേനില്‍ ഓസ്ട്രേലിയക്കും ന്യൂസിലന്‍ഡിനും എതിരെ ഇന്ത്യക്ക് പരിശീലന മത്സരങ്ങളുണ്ട്. ഗാബയില്‍ ഓസ്‌ട്രേലിയക്കെതിരായ വാംഅപ് മത്സരം നാളെ നടക്കുമ്പോള്‍ 19-ാം തിയതിയാണ് ന്യൂസിലന്‍ഡിനെതിരായ കളി. 

വാംഅപ് മത്സരങ്ങള്‍ക്കായി ബ്രിസ്‌ബേനിലെത്തിയ ഇന്ത്യന്‍ ടീമിനെ കുറഞ്ഞ സൗകര്യങ്ങളൊരുക്കി ഐസിസി അപമാനിക്കുകയായിരുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയുമായി ചേര്‍ന്ന് ഐസിസിയാണ് ടീമുകള്‍ക്കുള്ള താമസസൗകര്യങ്ങള്‍ ഒരുക്കിയിരിക്കുന്നത്. ആതിഥേയ രാജ്യത്തെ ടീമിന് പ്രത്യേക പരിഗണനയും സന്ദര്‍ശക ടീമിന് വിവേചനവും സാധാരണയായി താമസസൗകര്യം, യാത്ര തുടങ്ങിയ കാര്യങ്ങളിലുണ്ടാവാറില്ല. എങ്കിലും ബ്രിസ്‌ബേനില്‍ സൗകര്യങ്ങളൊരുക്കുന്നതില്‍ ഐസിസിക്കും ക്രിക്കറ്റ് ഓസ്ട്രേലിയക്കും പിഴവുകളുണ്ടായി എന്നാണ് വിമര്‍ശനം. 

ഓസീസ് താരങ്ങള്‍ താമസിക്കുന്ന അതേ ഹോട്ടലിലാണ് പാകിസ്ഥാന്‍ താരങ്ങള്‍ക്ക് സൗകര്യം ഒരുക്കിയിരിക്കുന്നത് എന്നത് ശ്രദ്ധേയമാണ്. ഓസീസിനെതിരായ വാംഅപ് മത്സരത്തിന് മുന്നോടിയായി രോഹിത്തും കൂട്ടരും ഇന്ന് പരിശീലന മത്സരത്തിന് ഇറങ്ങും. ജസ്പ്രീത് ബുമ്രക്ക് പകരക്കാരനായി അവസാന നിമിഷം സ്ക്വാഡിലെത്തിയ മുഹമ്മദ് ഷമിയാണ് പരിശീലനത്തിലെ ശ്രദ്ധാകേന്ദ്രം. ഇന്നത്തെ പരിശീലനത്തിന് ശേഷം മാത്രമേ ഷമി നാളെ ഓസീസിനെതിരെ ഇറങ്ങുമോ എന്ന കാര്യത്തില്‍ ടീം മാനേജ്‌മെന്‍റ് തീരുമാനം കൈക്കൊള്ളുകയുള്ളൂ. 

ടി20 ലോകകപ്പിനുള്ള ഇന്ത്യന്‍ സ്‌ക്വാഡ്: രോഹിത് ശര്‍മ്മ(ക്യാപ്റ്റന്‍), കെ എല്‍ രാഹുല്‍(വൈസ് ക്യാപ്റ്റന്‍), വിരാട് കോലി, സൂര്യകുമാര്‍ യാദവ്, ദീപക് ഹൂഡ, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ദിനേശ് കാര്‍ത്തിക്(വിക്കറ്റ് കീപ്പര്‍), ഹാര്‍ദിക് പാണ്ഡ്യ, രവിചന്ദ്രന്‍ അശ്വിന്‍, യുസ്‌വേന്ദ്ര ചാഹല്‍, അക്‌സര്‍ പട്ടേല്‍, ഭുവനേശ്വര്‍ കുമാര്‍, ഹര്‍ഷല്‍ പട്ടേല്‍, അര്‍ഷ്‌ദീപ് സിംഗ്, മുഹമ്മദ് ഷമി. 

ഷഹീന്‍ അഫ്രീദിയെ എങ്ങനെ നേരിടണം, ഇന്ത്യന്‍ ടീമിന് ഉപദേശവുമായി ഗംഭീര്‍; വെല്ലുവിളി മറ്റ് രണ്ടുപേരെന്ന് പത്താന്‍

Latest Videos
Follow Us:
Download App:
  • android
  • ios