
ബംഗളൂരു: വെസ്റ്റ് ഇന്‍ഡീസിനെതിരെ ടി20 പരമ്പരയ്‌ക്കൊരുങ്ങവെ ഇന്ത്യയുടെ മലയാളി താരം സഞ്ജു സാംസണെ കാത്ത് തകര്‍പ്പന്‍ റെക്കോര്‍ഡ്. ടി20യില്‍ 6000 റണ്‍സെന്ന നേട്ടമാണ് സഞ്ജുവിനെ കാത്തിരിക്കുന്നത്. ഐപിഎല്ലില്ലും ആഭ്യന്തര ക്രിക്കറ്റിലും ഇന്ത്യന്‍ ടീമിനുമായി 5979 റണ്‍സാണ് സഞ്ജു നേടിയിട്ടുള്ളത്. 21 റണ്‍സ് കൂടി നേടിയാല്‍ മാന്ത്രിക സംഖ്യയിലെത്താന്‍ സഞ്ജുവിന് കഴിയും.
ഇതിന് മുമ്പ് 12 ഇന്ത്യന്‍ താരങ്ങളാണ് നേട്ടത്തിലെത്തിയിട്ടുള്ളത്. ഇന്ത്യന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ, മുന്‍ നായകന്‍ വിരാട് കോലി, ശിഖര്‍ ധവാന്‍, സുരേഷ് റെയ്‌ന, റോബിന്‍ ഉത്തപ്പ, എം എസ് ധോണി, ദിനേഷ് കാര്‍ത്തിക്, കെ എല്‍ രാഹുല്‍, മനീഷ് പാണ്ഡെ, സൂര്യകുമാര്‍ യാദവ്, ഗൗതം ഗംഭീര്‍, അമ്പാട്ടി റായിഡു എന്നിവരാണ് നേട്ടത്തിലെത്തിയ മറ്റുഇന്ത്യന്‍ താരങ്ങള്‍. യുവതാരങ്ങളാരും തന്നെ പട്ടികയിലില്ല.
ഐപിഎല്ലില്‍ രാജസ്ഥാന്‍ റോയല്‍സ്, ഡല്‍ഹി ഡെയര്‍ഡെവിള്‍സ് (ഇപ്പോള്‍ ഡല്‍ഹി കാപിറ്റല്‍സ്), ഇന്ത്യന്‍ ദേശീയ ടീം, കേരളം എന്നീ ടീമുകള്‍ക്കൊപ്പമാണ് സഞ്ജു ടി20 കളിച്ചിട്ടുളളത്. ഇതുവരെ 241 ടി20 മത്സരങ്ങള്‍ സഞ്ജു കളിച്ചു. മൂന്ന് സെഞ്ചുറിയും 38 അര്‍ധ സെഞ്ചുറിയും സ്വന്തമാക്കിയ സഞ്ജുവിന്റെ ഉയര്‍ന്ന സ്‌കോര്‍ 119 ആണ്. 28.60 ശരാശരിയുള്ള സഞ്ജുവിന്റെ സ്‌ട്രൈക്ക് റേറ്റ് 133.07 -ാണ്. 2011ലാണ് സഞ്ജു ആദ്യ ടി20 മത്സരം കളിക്കുന്നത്. 2015ല്‍ സിംബാബ്‌വെയ്‌ക്കെതിരെ ദേശീയ കുപ്പായത്തിലും അരങ്ങേറി.
ആഗസ്റ്റ് മൂന്നിനാണ് ഇന്ത്യയുടെ വിന്‍ഡീസ് പര്യടനത്തിലെ ടി-20 പരമ്പര ആരംഭിക്കുന്നത്. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പരയാണ് ഇന്ത്യ കരിബീയന്‍ മണ്ണില്‍ കളിക്കുക. ജൂലൈ 27ന് ആരംഭിക്കുന്ന ഏകദിന പരമ്പരയ്ക്കും സഞ്ജുവുണ്ട്.
വെസ്റ്റ് ഇന്‍ഡീസിനെതിരായ ടി20 പരമ്പരക്കുള്ള ഇന്ത്യന്‍ ടീം: ഇഷാന്‍ കിഷന്‍, ശുഭ്മാന്‍ ഗില്‍, യശസ്വി ജയ്സ്വാള്‍, തിലക് വര്‍മ്മ, സൂര്യ കുമാര്‍ യാദവ് , സഞ്ജു സാംസണ്‍, ഹാര്‍ദിക് പാണ്ഡ്യ, അക്‌സര്‍ പട്ടേല്‍, യുസ്വേന്ദ്ര ചാഹല്‍, കുല്‍ദീപ് യാദവ്, രവി ബിഷ്‌ണോയ്, അര്‍ഷ്ദീപ് സിംഗ്, ഉമ്രാന്‍ മാലിക്, അവേഷ് ഖാന്‍, മുകേഷ് കുമാര്‍.