ഫിഞ്ചും വാര്‍ണറും മടങ്ങി, ദക്ഷിണാഫ്രിക്കക്കെതിരെ ഓസീസിന് ബാറ്റിംഗ് തകര്‍ച്ച

By Web TeamFirst Published Oct 23, 2021, 5:56 PM IST
Highlights

കാഗിസോ റബാദ എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് ഓസീസ് നേടിയത്. നോര്‍ട്യയുടെ രണ്ടാം ഓവറില്‍ ഓസീസിന് ഫിഞ്ചിനെ നഷ്ടമായി. എന്നാല്‍ റബാദയുടെ മൂന്നാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് വാര്‍ണര്‍ ഓസീസ് സ്കോര്‍ രണ്ടക്കം കടത്തി.

അബുദാബി: ടി20 ലോകകപ്പില്‍ (ICC T20 World Cup 2021) സൂപ്പര്‍ 12 ഘട്ടത്തിലെ ആദ്യ പോരാട്ടത്തില്‍ ദക്ഷിണാഫ്രിക്ക(South Africa)  ഉയര്‍ത്തിയ 119 റണ്‍സ് വിജയലക്ഷ്യം പിന്തുടരുന്ന ഓസ്ട്രേലിയക്ക്(Australia) തകര്‍ച്ചയോടെ തുടക്കം. ഏഴോവര്‍ പിന്നിടുമ്പോള്‍ ഓസീസ് രണ്ട് വിക്കറ്റ് നഷ്ടത്തില്‍ 33 റണ്‍സെന്ന നിലയിലാണ്. റണ്‍സൊന്നുമെടുക്കാതെ ക്യാപ്റ്റന്‍ ആരോണ്‍ ഫിഞ്ചും(Aaron Finch) 14 റണ്‍സെടുത്ത ഡേവിഡ് വാര്‍ണറുമാണ്(David Warner) പുറത്തായത്. ആന്‍റിച്ച് നോര്‍ട്യക്കും(Anrich Nortje) കാഗിസോ റബാദക്കുമാണ്(Kagiso Rabada) വിക്കറ്റ്. 9 റണ്‍സോടെ സ്റ്റീവ് സ്മിത്തും 8 റണ്‍സുമായി മിച്ചല്‍ മാര്‍ഷും ക്രീസില്‍.

Who else but Kagiso Rabada? https://t.co/AOIz3tWqoI

— T20 World Cup (@T20WorldCup)

തകര്‍ച്ചയോടെ തുടക്കം

കാഗിസോ റബാദ എറിഞ്ഞ പവര്‍ പ്ലേയിലെ ആദ്യ ഓവറില്‍ രണ്ട് റണ്‍സ് മാത്രമാണ് ഓസീസ് നേടിയത്. നോര്‍ട്യയുടെ രണ്ടാം ഓവറില്‍ ഓസീസിന് ഫിഞ്ചിനെ നഷ്ടമായി. എന്നാല്‍ റബാദയുടെ മൂന്നാം ഓവറില്‍ രണ്ട് ബൗണ്ടറിയടിച്ച് വാര്‍ണര്‍ ഓസീസ് സ്കോര്‍ രണ്ടക്കം കടത്തി. നോര്‍ട്യയുടെ രണ്ടാം ഓവറിലെ ആദ്യ പന്ത് ബൗണ്ടറി കടത്തി മിച്ചല്‍ മാര്‍ഷ് നല്ല തുടക്കമിട്ടെങ്കിലും പിന്നീടൊന്നും ചെയ്യാന്‍ മാര്‍ഷിനായില്ല. റബാദ എറിഞ്ഞ പവര്‍ പ്ലേയിലെ അഞ്ചാം ഓവറില്‍ ബൗണ്ടറിയടിച്ച് തുടങ്ങിയ വാര്‍ണര്‍ക്ക് പക്ഷെ അധികം ആയുസുണ്ടായില്ല. മൂന്നാം പന്തില്‍ ഷോര്‍ട്ട് പോയന്‍റില്‍ ഹെന്‍‌റിച്ച് ക്ലാസന് ക്യാച്ച് നല്‍കി വാര്‍ണര്‍(14) മടങ്ങി.

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പ്രോട്ടിസീനെ 20 ഓവറില്‍ 9 വിക്കറ്റിന് 118 റണ്‍സ് എന്ന നിലയില്‍ ഓസീസ് മെരുക്കി. എയ്‌ഡന്‍ മാര്‍ക്രം(Aiden Markram) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോററായപ്പോള്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ജോഷ് ഹേസല്‍വുഡ്(Josh Hazlewood), ആദം സാംപ(Adam Zampa), മിച്ചല്‍ സ്റ്റാര്‍ക്ക്(Mitchell Starc) എന്നിവരുടെ ബൗളിംഗാണ് ഓസീസിനെ തുണച്ചത്.

രണ്ടാം ഓവറില്‍ നായകന്‍ തെംബ ബവൂമയെ(12) മാക്‌സ്‌വെല്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറിലെയും നാലാം ഓവറിലേയും ആദ്യ പന്തുകളില്‍ റാസ്സി വാന്‍ ഡര്‍ ഡസ്സന്‍(2), ക്വിന്‍റണ്‍ ഡി കോക്ക്(7) എന്നിവരെ മടക്കി ഹേസല്‍വുഡ് ഇരട്ട പ്രഹരം നല്‍കി.  എട്ടാം ഓവറില്‍  ഹെന്‍‌റിച്ച് ക്ലാസനെ(13) കമ്മിന്‍സും 14-ാം ഓവറില്‍ ഡേവിഡ് മില്ലറിനെയും(16), ഡ്വെയ്ന്‍ പ്രിട്ടോറിയൂസിനേയും(1) സാംപയും മടക്കിയതോടെ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് നനഞ്ഞ പടക്കമായി. തൊട്ടടുത്ത ഓവറില്‍ കേശവ് മഹാരാജ് അക്കൗണ്ട് തുറക്കും മുമ്പ് റണ്ണൗട്ടായി. എയ്ഡന്‍ മാര്‍ക്രം(40) ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും ടീം സ്‌കോര്‍ 100 കടക്കും മുമ്പ് 18-ാം ഓവറിലെ ആദ്യ പന്തില്‍ സ്റ്റാര്‍ക്ക് മടക്ക ടിക്കറ്റ് നല്‍കി.

20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 118/9 എന്ന സ്‌കോറില്‍ ദക്ഷിണാഫ്രിക്ക ഒതുങ്ങി. സ്റ്റാര്‍ക്കിന്‍റെ അവസാന ഓവറില്‍ ആന്‍‌റിച്ച് നോര്‍ട്യ(2) വീണു. കാഗിസോ റബാഡയും(19*), തംബ്രൈസ് ഷംസിയും(0*) പുറത്താകാതെ നിന്നു. ഹേസല്‍വുഡിന്‍റെയും സാംപയുടെയും സ്റ്റാര്‍ക്കിന്‍റേയും രണ്ട് വിക്കറ്റുകള്‍ക്ക് പുറമെ മാക്‌സ്‌വെല്ലും കമ്മിന്‍സും ഓരോ വിക്കറ്റ് നേടി.

click me!