
അബുദാബി: ടി20 ലോകകപ്പില്‍(ICC T20 World Cup 2021) സൂപ്പര്‍ 12 ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ദക്ഷിണാഫ്രിക്കയെ(South Africa) വെള്ളം കുടിപ്പിച്ച് ഓസ്‌ട്രേലിയ(Australia). ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ പ്രോട്ടീസിനെ 20 ഓവറില്‍ 9 വിക്കറ്റിന് 118 റണ്‍സ് എന്ന നിലയില്‍ ഓസീസ് മെരുക്കി. എയ്‌ഡന്‍ മാര്‍ക്രം(Aiden Markram) ദക്ഷിണാഫ്രിക്കയുടെ ടോപ് സ്‌കോററായപ്പോള്‍ രണ്ട് വിക്കറ്റ് വീതം വീഴ്‌ത്തിയ ജോഷ് ഹേസല്‍വുഡ്(Josh Hazlewood), ആദം സാംപ(Adam Zampa), മിച്ചല്‍ സ്റ്റാര്‍ക്ക്(Mitchell Starc) എന്നിവരുടെ ബൗളിംഗാണ് ഓസീസിനെ തുണച്ചത്.
ഹേസല്‍വുഡ് മാരകം
അബുദാബി ഷെയ്ഖ് സയ്യിദ് സ്‌റ്റേഡിയത്തില്‍ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ദക്ഷിണാഫ്രിക്ക തുടക്കത്തിലെ ഓസീസ് ഞെട്ടിച്ചു. എട്ട് ഓവറില്‍ 46-4 എന്ന നിലയിലായിരുന്നു പ്രോട്ടീസ്. രണ്ടാം ഓവറില്‍ നായകന്‍ തെംബ ബവൂമയെ(12) മാക്‌സ്‌വെല്‍ ബൗള്‍ഡാക്കി. തൊട്ടടുത്ത ഓവറിലെയും നാലാം ഓവറിലേയും ആദ്യ പന്തുകളില്‍ റാസ്സി വാന്‍ ഡര്‍ ഡസ്സന്‍(2), ക്വിന്‍റണ്‍ ഡി കോക്ക്(7) എന്നിവരെ മടക്കി ഹേസല്‍വുഡ് ഇരട്ട പ്രഹരം നല്‍കി.
മാര്‍ക്രം കാത്തു, അവസാനം റബാഡയും
എട്ടാം ഓവറില്‍ ഹെന്‍റിച്ച് ക്ലാസനെ(13) കമ്മിന്‍സും 14-ാം ഓവറില്‍ ഡേവിഡ് മില്ലറിനെയും(16), ഡ്വെയ്ന്‍ പ്രിട്ടോറിയൂസിനേയും(1) സാംപയും മടക്കിയതോടെ ദക്ഷിണാഫ്രിക്കന്‍ വെടിക്കെട്ട് നനഞ്ഞ പടക്കമായി. തൊട്ടടുത്ത ഓവറില്‍ കേശവ് മഹാരാജ് അക്കൗണ്ട് തുറക്കും മുമ്പ് റണ്ണൗട്ടായി. എയ്ഡന്‍ മാര്‍ക്രം(40) ഒരറ്റത്ത് പിടിച്ചുനിന്നെങ്കിലും ടീം സ്‌കോര്‍ 100 കടക്കും മുമ്പ് 18-ാം ഓവറിലെ ആദ്യ പന്തില്‍ സ്റ്റാര്‍ക്ക് മടക്ക ടിക്കറ്റ് നല്‍കി.
20 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ 118/9 എന്ന സ്‌കോറില്‍ ദക്ഷിണാഫ്രിക്ക ഒതുങ്ങി. സ്റ്റാര്‍ക്കിന്‍റെ അവസാന ഓവറില്‍ ആന്‍റിച്ച് നോര്‍ക്യ(2) വീണു. കാഗിസോ റബാഡയും(19*), തംബ്രൈസ് ഷംസിയും(0*) പുറത്താകാതെ നിന്നു. ഹേസല്‍വുഡിന്‍റെയും സാംപയുടെയും സ്റ്റാര്‍ക്കിന്‍റേയും രണ്ട് വിക്കറ്റുകള്‍ക്ക് പുറമെ മാക്‌സ്‌വെല്ലും കമ്മിന്‍സും ഓരോ വിക്കറ്റ് നേടി.
പ്ലേയിംഗ് ഇലവന്‍
ഓസ്‌ട്രേലിയന്‍ ടീം: ആരോണ്‍ ഫിഞ്ച്, ഡേവിഡ് വാര്‍ണര്‍, മിച്ചല്‍ മാര്‍ഷ്, ഗ്ലെന്‍ മാക്‌സ്‌വെല്‍, സ്റ്റീവന്‍ സ്മിത്ത്, മാര്‍കസ് സ്റ്റോയിനിസ്, മാത്യു വെയ്ഡ്, പാറ്റ് കമ്മിന്‍സ്, മിച്ചല്‍ സ്റ്റാര്‍ക്ക്, ആദം സാംപ, ജോഷ് ഹേസല്‍വുഡ്.
ദക്ഷിണാഫ്രിക്ക: ക്വിന്‍റണ്‍ ഡി കോക്ക്, തെംബ ബവൂമ, എയ്ഡന്‍ മാര്‍ക്രം, റാസ്സി വാന്‍ ഡര്‍ ഡസ്സന്‍, ഡേവിഡ് മില്ലര്‍, ഹെന്‍റിച്ച് ക്ലാസന്‍, ഡ്വെയ്ന്‍ പ്രിട്ടോറിയൂസ്, കേശവ് മഹാരാജ്, കാഗിസോ റബാഡ, ആന്‍റിച്ച് നോര്‍ക്യ, തംബ്രൈസ് ഷംസി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!