
ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) വിക്കറ്റ് വേട്ടക്കാരനെയും റണ്‍വേട്ടക്കാരനെയും പ്രവചിച്ച് മുന്‍ ഓസ്ട്രേലിയന്‍ താരം ബ്രെറ്റ് ലീ(Brett Lee). ലോകകപ്പില്‍ മികച്ച നാലോ അഞ്ചോ ബാറ്റര്‍മാരും ബൗളര്‍മാരുമുള്ള ഇന്ത്യന്‍ ടീമാണ്(Team India) ഫേവറൈറ്റുകളെന്നും ബ്രെറ്റ് ലീ പറഞ്ഞു.
ടി20 ലോകകപ്പില്‍ റണ്‍വേട്ടയില്‍ മുന്നിലെത്തുക ഇന്ത്യയുടെ കെ എല്‍ രാഹുലും(KL Rahul) വിക്കറ്റ് വേട്ടയില്‍ ഒന്നാമനാകുക ഇന്ത്യയുടെ മുഹമ്മദ് ഷമിയുമാകുമെന്നും(Mohammed Shami) ബ്രെറ്റ് ലീ പറഞ്ഞു. കഴിഞ്ഞ ഏതാനും മാസങ്ങളിലെ പ്രകടനം വിലയിരുത്തിയാണ് താനിത് പറയുന്നതെന്നും ബ്രെറ്റ് ലീ വ്യക്തമാക്കി.
ഐപിഎല്ലില്‍ ഫൈനല്‍ പോരാട്ടം വരെ റണ്‍വേട്ടക്കാരനുള്ള ഓറഞ്ച് ക്യാപ് പഞ്ചാബ് കിംഗ്സ് നായകന്‍ കൂടിയായ കെ എല്‍ രാഹുലിനായിരുന്നു. ഫൈനലില്‍ റുതുരാജ് ഗെയ്‌ക്‌വാദും ഫാഫ് ഡൂപ്ലെസിയും രാഹുലിനെ മൂന്നാം സ്ഥാനത്തേക്ക് പിന്തള്ളി. 13 മത്സരങ്ങളില്‍ 62.60 ശരാശരിയില്‍ 626 റണ്‍സാണ് രാഹുല്‍ അടിച്ചെടുത്തത്. പഞ്ചാബ് ടീമിനായി കളിക്കുന്ന ഷമിയാകട്ടെ 14 കളികളില്‍ 19 വിക്കറ്റുമായി തിളങ്ങിയിരുന്നു.
ഓസ്ട്രേലിയക്ക് ടി20 ലോകകപ്പ് നേടാനുള്ള കഴിവുണ്ടെന്നും എന്നാല്‍ വലിയ ടൂര്‍ണെന്‍റുകളില്‍ എല്ലായ്പ്പോഴും തിളങ്ങാറുള്ള ഡേവിഡ് വാര്‍ണറുടെ പ്രകടനമാകും ഓസീസിന്‍റെ മുന്നേറ്റത്തില്‍ നിര്‍ണായകമാകുകയെന്നും ലീ പറഞ്ഞു. ഇന്ത്യയെയും ഇംഗ്ലണ്ടിനെയും ന്യൂസിലന്‍ഡിനെയും പോലുള്ള കരുത്തര്‍ മത്സരിക്കുന്ന ടൂര്‍ണമെന്‍റില്‍ കിരീടം നേടുക എന്നത് അത്ര എളുപ്പമല്ലെന്നും ഡേവിഡ് വാര്‍ണര്‍ ഫോമിലായാല്‍ ഓസ്ട്രേലിയക്ക് മികച്ച സാധ്യതയുണ്ടെന്നും ലീ പറഞ്ഞു. ഐപിഎല്ലിലും സന്നാഹ മത്സരങ്ങളിലും റണ്‍നേടാതിരുന്ന വാര്‍ണര്‍ ഏറ്റവും മികച്ച പ്രകടനങ്ങള്‍ ലോകകപ്പിനായി എടുത്തുവെച്ചിരിക്കുകയാണെന്നാണ് തനിക്ക് തോന്നുന്നതെന്നും ലീ പറഞ്ഞു.
ലോകകപ്പില്‍ ഗ്രൂപ്പ് ഒന്നില്‍ ഇംഗ്ലണ്ടിനും നിലവിലെ ചാമ്പ്യന്‍മാരായ വെസ്റ്റ് ഇന്‍ഡീസിനും ദക്ഷിണാഫ്രിക്കക്കും ഒപ്പമാണ് ഓസ്ട്രേലിയ.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!