T20 World Cup | 'ഇൻസൾട്ടാണ് ഏറ്റവും വലിയ ഇൻവെസ്റ്റ്‌മെന്‍റ് '; സൂപ്പര്‍ഹീറോകളായി വാര്‍ണറും മാര്‍ഷും

By Web TeamFirst Published Nov 15, 2021, 8:44 AM IST
Highlights

വെറുക്കപ്പെട്ടവനില്‍ നിന്ന് വീരനായകനിലേക്കുള്ള പരിണാമമായി ഡേവിഡ് വാര്‍ണര്‍ക്കും മിച്ചല്‍ മാര്‍ഷിനും ലോകകപ്പ് 
 

ദുബായ്: അധിക്ഷേപങ്ങള്‍ക്ക് ബാറ്റ് കൊണ്ട് മറുപടി നൽകിയ മിച്ചൽ മാര്‍ഷും(Mitchell Marsh) ഡേവിഡ് വാര്‍ണറും(David Warner) ആയിരുന്നു ടി20 ലോകകപ്പില്‍(T20 World Cup 2021 ) ന്യൂസിലന്‍ഡിനെതിരായ ഫൈനലില്‍(New Zealand vs Australia Final) ഓസ്‌ട്രേലിയയുടെ മിന്നും താരങ്ങള്‍. വെറുക്കപ്പെട്ടവനില്‍ നിന്ന് വീരനായകനിലേക്കുള്ള പരിണാമമായി ഇരുവര്‍ക്കും ഇക്കുറി ലോകകപ്പ്. 

മിക്കവര്‍ക്കും എന്നോട് വെറുപ്പാണ്- മാര്‍ഷ് മുമ്പ് പറഞ്ഞു

'ഓസ്‌ട്രേലിയയില്‍ മിക്കവര്‍ക്കും എന്നോട് വെറുപ്പാണ്. എന്നെങ്കിലും ഒരിക്കല്‍ ഞാന്‍ വിജയിക്കുമെന്നാണ് പ്രതീക്ഷ'- രണ്ട് വര്‍ഷങ്ങള്‍ക്ക് മുന്‍പുള്ള ആഷസ് പരമ്പരക്കിടെയായിരുന്നു മിച്ചൽ മാര്‍ഷിന്‍റെ ഈ അസാധാരണമായ തുറന്നുപറച്ചിൽ. 2010ലെ അണ്ടര്‍ 19 ലോകകപ്പില്‍ ഓസ്ട്രേലിയയെ കിരീടത്തിലേക്ക് നയിച്ച കൗമാരപ്രതിഭയിൽ ആരാധകര്‍ ഏറെ പ്രതീക്ഷവച്ചെങ്കിലും പരിക്കും മോശം ഫോമും വിടാതെ പിന്തുടര്‍ന്നതോടെ ജൂനിയര്‍ മാര്‍ഷ് ടീമിന് ബാധ്യതയായി. എന്നാൽ ഈ വര്‍ഷത്തെ ടി20 പരമ്പരകളില്‍ നിന്ന് പ്രമുഖതാരങ്ങള്‍ വിട്ടുനിന്നപ്പോള്‍ ലഭിച്ച അവസരം മാര്‍ഷ് പാഴാക്കിയില്ല. ലോകകപ്പില്‍ മൂന്നാമനായി ബാറ്റ് ചെയ്യണമെന്ന് വെസ്റ്റ് ഇന്‍ഡീസില്‍ വച്ചേ അറിഞ്ഞ താരം യുഎഇയിൽ പരിശീലകന്‍റെ പ്രതീക്ഷ കാത്തു.

ഫൈനലില്‍ നേരിട്ട ആദ്യ മൂന്ന് പന്തിൽ ഒരു സിക്‌സറും രണ്ട് ബൗണ്ടറിയും നേടിയ മാര്‍ഷ് കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസന്‍റെ കണക്കുകൂട്ടല്‍ തെറ്റിച്ചു. 1987ലെ ഏകദിന ലോകകപ്പിൽ 428 റൺസ് നേടി ഓസ്ട്രേലിയക്ക് കിരീടം സമ്മാനിച്ച ജെഫ് മാര്‍ഷിന്‍റെ വഴിയേ മകന്‍ മിച്ചലും വിശ്വകിരീടമെന്ന ചരിത്രനേട്ടത്തിലെത്തി. 

മുറിവേറ്റ വാര്‍ണര്‍ കൂടുതല്‍ അപകടകാരി

ഐപിഎല്ലില്‍ സൺറൈസേഴ്‌സ് ഹൈദരാബാദിനെ കിരീടത്തിലേക്ക് നയിച്ച ഏക നായകനായിട്ടും ഡേവിഡ് വാര്‍ണറെ അപമാനിക്കുകയായിരുന്നു ഇക്കഴിഞ്ഞ സീസണില്‍ ഹൈദരാബാദ് ടീം. ഹോട്ടൽ മുറിയിൽ തുടരാന്‍ വാര്‍ണറോട് ആവശ്യപ്പെട്ട ടീം മാനേജ്മെന്‍റ് ഗ്രൗണ്ടിലേക്ക് വരുന്നതിൽ നിന്ന് പോലും ഓസീസ് താരത്തെ വിലക്കി. മുറിവേറ്റ മനസുമായി ലോകകപ്പിനെത്തിയ വാര്‍ണര്‍ ഹൈദരാബാദ് നായകന്‍ കൂടിയായ വില്യംസന്‍റെ കിരീട പ്രതീക്ഷ തകര്‍ത്ത് മധുരപ്രതികാരം ചെയ്‌തു. 

അനായാസം സിക്‌സറുകള്‍ പാറിപ്പറന്നിരുന്ന ഇടംകൈയ്യുടെ കരുത്ത് ചോര്‍ന്നു എന്ന് വിമര്‍ശിച്ചവരെ ബാറ്റ് കൊണ്ട് തിരുത്തിയിരിക്കുകയാണ് ഡേവിഡ് വാര്‍ണര്‍. രണ്ട് മാസത്തിനുള്ളില്‍ നടക്കുന്ന താരലേലത്തിലൂടെ വാര്‍ണര്‍ ഏതെങ്കിലും ഐപിഎൽ ടീമിന്‍റെ നായകനായാലും അത്ഭുതം വേണ്ട. 'ക്ലാസ് ഈ പെര്‍മനന്‍റ്' എന്ന വാക്കുകള്‍ ഒരിക്കല്‍ കൂടി അടിവരയിടുന്നതായി ഓസീസ് ഓപ്പണറുടെ പ്രകടനം. 

വാര്‍ണറും മാര്‍ഷും സൂപ്പര്‍ഹീറോകള്‍

ടി20 ലോകകപ്പ് ഫൈനലില്‍ അയല്‍ക്കാരായ ന്യൂസിലന്‍ഡിന്‍റെ സ്വപ്‌നങ്ങള്‍ എട്ട് വിക്കറ്റിന് തകര്‍ത്താണ് ഓസ്‌ട്രേലിയ കുട്ടിക്രിക്കറ്റിന്‍റെ പുതിയ രാജാക്കന്‍മാരായത്. 173 റണ്‍സെന്ന വമ്പന്‍ വിജയലക്ഷ്യം ഓസീസ് രണ്ട് വിക്കറ്റ് മാത്രം നഷ്‌ടപ്പെടുത്തി ഏഴ് പന്ത് ബാക്കിനില്‍ക്കേ നേടുകയായിരുന്നു. ബൗളിംഗില്‍ മൂന്ന് വിക്കറ്റുമായി ജോഷ് ഹേസല്‍വുഡ് താരമായപ്പോള്‍ ഡേവിഡ് വാര്‍ണര്‍(38 പന്തില്‍ 53), മിച്ചല്‍ മാര്‍ഷ്(50 പന്തില്‍ 77*), എന്നിവര്‍ ബാറ്റിംഗില്‍ ഓസീസിന്‍റെ സൂപ്പര്‍ഹീറോകളായി. 

T20 World Cup | വാര്‍ണര്‍, മാര്‍ഷ്, മാക്‌സ്‌വെല്‍ ഷോ! കിവികളെ കൂട്ടിലടച്ച് കങ്കാരുക്കള്‍ക്ക് കന്നി ടി20 കിരീടം

click me!