ടി20 ലോകകപ്പ്: ഓസീസിനെ അടിച്ചുപറത്തി ജോസ് ബട്‌ലര്‍; ഇംഗ്ലണ്ടിന് തുടര്‍ച്ചയായ മൂന്നാം ജയം

Published : Oct 30, 2021, 10:41 PM ISTUpdated : Oct 30, 2021, 10:44 PM IST
ടി20 ലോകകപ്പ്: ഓസീസിനെ അടിച്ചുപറത്തി ജോസ് ബട്‌ലര്‍; ഇംഗ്ലണ്ടിന് തുടര്‍ച്ചയായ മൂന്നാം ജയം

Synopsis

ഓപ്പണിംഗ് വിക്കറ്റില്‍ ജേസണ്‍ റോയിയും ജോസ് ബട്‌ലറും ചേര്‍ന്ന് ഓസീസ് ബൗളര്‍മാരെ അടിച്ചുപറത്തി. പവര്‍ പ്ലേ പിന്നിട്ടപ്പോള്‍ ഓസീസ് 65 റണ്‍സിലെത്തിയപ്പോഴെ ഓസീസിന്‍റെ വിധിയെഴുതി കഴിഞ്ഞിരുന്നു.

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12 (Super 12)പോരാട്ടത്തില്‍ ഓസ്ട്രേലിയയെ( Australia) എട്ടു വിക്കറ്റിന് കീഴടക്കി ഇംഗ്ലണ്ട് തുടര്‍ച്ചയായ മൂന്നാം ജയം കുറിച്ചു. ആദ്യം ബാറ്റ് ചെയ്ത് ഓസീസ് ഉയര്‍ത്തിയ 125 റണ്‍സ് വിജയലക്ഷ്യം ജോസ് ബട്‌ലറുടെ(Jos Buttler) വെടിക്കെട്ട് അര്‍ധസെഞ്ചുറി മികവില്‍ 11.4 ഓവറില്‍ രണ്ട് വിക്കറ്റ് നഷ്ടത്തില്‍ ഇംഗ്ലണ്ട് മറികടന്നു. 32 പന്തില്‍ 71 റണ്‍സുമായി പുറത്താകാതെ നിന്ന ബട്‌ലറാണ് ഇംഗ്ലണ്ടിന്‍റെ ടോപ് സ്കോറര്‍.

ജയത്തോടെ ഇംഗ്ലണ്ട് സെമിയിലേക്ക് ഒരുപടി കൂടി അടുത്തു. മൂന്ന് മത്സരങ്ങളില്‍ രണ്ടാം തോല്‍വി വഴങ്ങിയ ഓസീസിന്‍റെ സെമി സാധ്യതകള്‍ക്ക് മങ്ങലേല്‍ക്കുകയും ചെയ്തു. സ്കോര്‍ ഓസ്ട്രേലിയ 20 ഓവറില്‍ 125ന് ഓള്‍ ഔട്ട്, ഇംഗ്ലണ്ട് 11.4 ഓവറില്‍ 126-2.

വെടിക്കെട്ടിന് തിരികൊളുത്തി റോയ്, ആളിക്കത്തിച്ച് ബട്‌ലര്‍

ഓപ്പണിംഗ് വിക്കറ്റില്‍ ജേസണ്‍ റോയിയും ജോസ് ബട്‌ലറും ചേര്‍ന്ന് ഓസീസ് ബൗളര്‍മാരെ അടിച്ചുപറത്തി. പവര്‍ പ്ലേ പിന്നിട്ടപ്പോള്‍ ഇംഗ്ലണ്ട് 65 റണ്‍സിലെത്തിയപ്പോഴെ ഓസീസിന്‍റെ വിധിയെഴുതി കഴിഞ്ഞിരുന്നു. 22 റണ്‍സെടുത്ത റോയിയെ മടക്കി സാംപയും പിന്നാലെ ഡേവിഡ് മലനെ(8) വീഴ്ത്തി അഗറും ഓസീസിന് ചെറിയൊരു പ്രതീക്ഷ നല്‍കിയെങ്കിലും ബട്‌ലര്‍ക്ക് കൂട്ടായി എത്തിയ ജോണി ബെയര്‍സ്റ്റോ(11 പന്തില്‍ 16*) അത് അടിച്ചുപറത്തി.

32 പന്തില്‍ അഞ്ച് സിക്സും അഞ്ച് ഫോറും പറത്തിയാണ് ബട്‌ലര്‍ 71 റണ്‍സെടുത്തത്. 25 പന്തില്‍ അര്‍ധസെഞ്ചുറിയിലെത്തിയ ബട്‌ലര്‍ ഓസീസിന് അവസരങ്ങളൊന്നും നല്‍കാതെ ഇംഗ്ലണ്ടിന്‍റെ വിജയം സമ്പൂര്‍ണമാക്കി. ഓസീസിനായി മിച്ചല്‍ സ്റ്റാര്‍ക്ക് മൂന്നോവറില്‍ 37 റണ്‍സ് വഴങ്ങിയപ്പോള്‍ ആദം സാംപ മൂന്നോവറില്‍ 37 റണ്‍സ് വിട്ടുകൊടുത്ത് ഒരു വിക്കറ്റെടുത്തു.

തലയറുത്ത് പേസര്‍മാര്‍, നടുവൊടിച്ച് സ്പിന്നര്‍മാര്‍

നേരത്തെ ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഓസിസിന്‍റെ മുന്‍നിരയെ തൂത്തെറിഞ്ഞത് ഓസീസ് പേസര്‍മാരായ ക്രിസ് ജോര്‍ദാനും ക്രിസ് വോക്സും ചേര്‍ന്നായിരുന്നു. കഴിഞ്ഞ മത്സരത്തില്‍ ഫോമിലേക്ക് മടങ്ങിയെത്തിയ ഡേവിഡ് വാര്‍ണര്‍ രണ്ടാം ഓവറില്‍ ഒരു റണ്ണുമായി മടങ്ങി. വോക്സിനായിരുന്നു വിക്കറ്റ്.

വണ്‍ഡൗണായി എത്തിയ മുന്‍ നായകന്‍ സ്റ്റീവ് സ്മിത്തിനെ(1) ക്രിസ് ജോര്‍ദാന്‍റെ പന്തില്‍ ക്രിസ് വോക്സ് മനോഹരമായി കൈയിലൊതുക്കി. പിന്നീടെത്തിയ ഗ്ലെന്‍ മാക്സ്‌വെല്ലിനെയും(6) വോക്സ് മടക്കി പേസര്‍മാര്‍ ഉഴുതുമറിച്ച പിച്ചില്‍ പിന്നെ കണ്ടത് സ്പിന്നര്‍മാരുടെ വിളവെടുപ്പായിരുന്നു. മാര്‍ക്കസ് സ്റ്റോയ്നിസിനെ(0) ആദില്‍ റഷീദ് മടക്കുമ്പോള്‍ ഓസീസ് സ്കോര്‍ ബോര്‍ഡില്‍ 21 റണ്‍സെ ഉണ്ടായിരുന്നുള്ളു.

 

മാത്യു വെയ്ഡും ഫിഞ്ചും ചേര്‍ന്ന് നടത്തിയ രക്ഷാപ്രവര്‍ത്തനം ഓസീസിനെ 50 കടക്കാന്‍ സഹായിച്ചു. എന്നാല്‍ ടീം സ്കോര്‍ 50 കടന്നതിന് പിന്നാലെ ലിവിംഗ്‌സ്റ്റണെ സിക്സിന് പറത്താനുള്ള ശ്രമത്തില്‍ മാത്യു വെയ്ഡ്(18) മടങ്ങി. 51-5ലേക്ക് വീണ ഓസീസിനെ ആറാം വിക്കറ്റില്‍ ആഷ്ടണ്‍ അഗറും ഫിഞ്ചും ചേര്‍ന്ന് 100ന് അടുത്തെത്തിച്ചു. അഗറിനെ(20) മടക്കി ടൈമല്‍ മില്‍സ് കൂട്ടുകെട്ട് പൊളിച്ചതോടെ ഓസീസ് വീണ്ടും തകര്‍ച്ചയിലായി.

ക്രിസ് ജോര്‍ദാന്‍റെ പന്തില്‍ ആരോണ്‍ ഫിഞ്ചിനെ ജോണി ബെയര്‍സ്റ്റോ തകര്‍പ്പന്‍ ക്യാച്ചിലൂടെ മടക്കി. നേരിട്ട ആദ്യ രണ്ട് പന്തും സിക്സിന് പറത്തി പാറ്റ് കമിന്‍സിനെ ജോര്‍ദന്‍ മനോഹരമായൊരു യോര്‍ക്കറില്‍ മടക്കി. അവസാന ഓവറില്‍ തകര്‍ത്തടിച്ച മിച്ചല്‍ സ്റ്റാര്‍ക്ക്(6 പന്തില്‍ 13) ഓസീസിന് 125 റണ്‍സിലെത്തിച്ചു.

ഇംഗ്ലണ്ടിനായി ക്രിസ് ജോര്‍ദന്‍ നാലോവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ക്രിസ് വോക്സ് നാലോവറില്‍ 23 റണ്‍സിന് രണ്ടും ആദില്‍ റഷീദ് നാലോവറില്‍ 19 റണ്‍സിനും ലിയാം ലിവിംഗ്‌സ്റ്റണ്‍ നാലോവറില്‍ 15 റണ്‍സിനും ഓരോ വിക്കറ്റെടുത്തു. ടൈമല്‍ മില്‍സ് നാലോവറില്‍ 45 റണ്‍സ് വിട്ടുകൊടുത്താണ് രണ്ട് വിക്കറ്റ് വീഴ്ത്തിയത്.

PREV

ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ  Cricket News അറിയൂ.  നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!

click me!

Recommended Stories

ജമീമ റോഡ്രിഗസിന് അര്‍ധ സെഞ്ചുറി; ശ്രീലങ്കയ്‌ക്കെതിരെ വനിതാ ടി20യില്‍ ഇന്ത്യക്ക് എട്ട് വിക്കറ്റ് ജയം
ശ്രീലങ്കയെ എറിഞ്ഞ് നിയന്ത്രിച്ചു; വനിതാ ടി20യില്‍ ഇന്ത്യക്ക് 122 റണ്‍സ് വിജയലക്ഷ്യം