
ദുബായ്: ടി20 ലോകകപ്പിന്(T20 World Cup) മുന്നോടിയായുള്ള സന്നാഹ മത്സരത്തില്‍ ഇംഗ്ലണ്ടിനെതിരെ(England) ഇന്ത്യക്ക്(India) 189 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ ഇംഗ്ലണ്ട് മൊയീന്‍ അലിയുടെയും(Moeen Ali) ജോണി ബെയര്‍സ്റ്റോയുടെയും(Jonny Bairstow) ലിയാം ലിവിംഗ്സ്റ്റണിന്‍റെയും(Liam Livingstone) വെിക്കെട്ട് ഇന്നിംഗ്സുകളുടെ കരുത്തില്‍ 20 ഓവറില്‍ അഞ്ച് വിക്കറ്റ് നഷ്ടത്തില്‍ 188 റണ്‍സടിച്ചു. ഇന്ത്യക്കായി മുഹമ്മദ് ഷമി മൂന്ന് വിക്കറ്റെടുത്തു.
ഭേദപ്പെട്ട തുടക്കം, ബ്രേക്ക് ത്രൂ സമ്മാനിച്ച് ഷമി
ഓപ്പണിംഗ് വിക്കറ്റില്‍ ക്യാപ്റ്റന്‍ ജോസ് ബട്‌ലറും ജേസണ്‍ റോയിയും ചേര്‍ന്ന് ഇംഗ്ലണ്ടിന് ഭേദപ്പെട്ട തുടക്കം നല്‍കി. ഭുവനേശ്വര്‍ കുമാറിനെയും ജസ്പ്രീത് ബുമ്രയെയും ആത്മവിശ്വാസത്തോടെ നേരിട്ട ബട്‌ലറും റോയിയും ചേര്‍ന്ന് ഇംഗ്ലണ്ടിനെ നാലാം ഓവറില്‍ 36 റണ്‍സിലെത്തിച്ചു. എന്നാല്‍ നാലാം ഓവറില്‍ ബട്‌ലറെ(13 പന്തില്‍ 18) ക്ലീന്‍ ബൗള്‍ഡാക്കിയ ഷമി ഇന്ത്യക്ക് ആദ്യ ബ്രേക്ക് ത്രൂ സമ്മാനിച്ചു. പവര്‍ പ്ലേയിലെ അവസാന ഓവറില്‍ ജേസണ്‍ റോയിയെ(13 പന്തില്‍ 17) ബുമ്രയുടെ കൈകളിലെത്തിച്ച് ഷമി ഇംഗ്ലണ്ട് കുതിപ്പിന് തടയിട്ടു.
തകര്‍ത്തടിച്ച് ബെയര്‍സ്റ്റോ, കൂട്ടിന് ലിവിംഗ്സറ്റണും അലിയും
ഡേവിഡ് മലനുമൊത്ത് ബെയര്‍സ്റ്റോ ഇംഗ്ലണ്ട് സ്കോര്‍ 77 ല്‍ എത്തിച്ചെങ്കിലും മലനെ(18 പന്തില്‍ 18) മടക്കി രാഹുല്‍ ചാഹര്‍ ഇംഗ്ലണ്ടിന് അടുത്ത പ്രഹരമേല്‍പ്പിച്ചു. എന്നാല്‍ മലന് പകരം ക്രീസിലെത്തിയ ലിയാം ലിവിംഗ്സ്റ്റണ്‍(20 പന്തില്‍ 30) ബെയര്‍സ്റ്റോക്ക് ഒപ്പം തകര്‍ത്തടിച്ചതോടെ ഇംഗ്ലണ്ട് സ്കോര്‍ കുതിച്ചു. പതിമൂന്നാം ഓവറില്‍ 100 കടന്ന ഇംഗ്ലണ്ട് പതിനാലാം ഓവറില്‍ രാഹുല്‍ ചാഹറിനെതിരെ 17 റണ്‍സടിച്ച് ടോപ് ഗിയറിലായി. പതിനഞ്ചാം ഓവറില്‍ ഷമി ലിവിംഗ്സ്റ്റണെ വീഴ്ത്തിയെങ്കിലും പിന്നീടെത്തിയ മൊയീന്‍ അലിയും മോശമാക്കിയില്ല.
അര്‍ധസെഞ്ചുറിക്ക് ഒരു റണ്‍സകലെ ജോണി ബെയര്‍സ്റ്റോയെ ബൗള്‍ഡാക്കി ബുമ്ര ഇംഗ്ലണ്ടിനെ പിടിച്ചുകെട്ടാന്‍ നോക്കിയെങ്കിലും അവസാന ഓവറില്‍ ഭുവനേശ്വര്‍ കുമാറിനെതിരെ 21 റണ്‍സടിച്ചുകൂട്ടി അലി ഇംഗ്ലണ്ടിനെ മികച്ച സ്കോറിലേക്ക് നയിച്ചു. ഭുവനേശ്വര്‍ കുമാര്‍ നാലോവറില്‍ 54 റണ്‍സ് വിട്ടുകൊടുത്തപ്പോള്‍ രാഹുല്‍ ചാഹര്‍ നാലോവറില്‍ 43 റണ്‍സ് വഴങ്ങി. ബുമ്ര നാലോവറില്‍ 26 റണ്‍സിന് ഒരു വിക്കറ്റെടുത്തപ്പോള്‍ അശ്വിന്‍ നാലോവറില്‍ 23 റണ്‍സ് മാത്രമെ വഴങ്ങിയുള്ളു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!