T20 World Cup: രോഹിത്, രാഹുല്‍, ‍റിഷഭ്, ഹര്‍ദിക്; ദീപാവലി വെടിക്കെട്ടില്‍ ഇന്ത്യക്ക് ഹിമാലയന്‍ സ്‌കോര്‍

By Web TeamFirst Published Nov 3, 2021, 9:22 PM IST
Highlights

ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കോലിപ്പട രോഹിത് ശര്‍മ്മ-കെ എല്‍ രാഹുല്‍ ഓപ്പണിംഗ് കൂട്ടുകെട്ടിന്‍റെ കരുത്തിലാണ് റണ്‍മല കെട്ടാന്‍ തുടങ്ങിയത്

അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup 2021) കൂറ്റന്‍ ജയം അനിവാര്യമായ മത്സരത്തില്‍ അഫ്‌ഗാനിസ്ഥാനോട് ഹിമാലയന്‍ സ്‌കോര്‍ പടുത്തുയര്‍ത്തി ടീം ഇന്ത്യ. ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത കോലിപ്പട രോഹിത് ശര്‍മ്മ-കെ എല്‍ രാഹുല്‍(Rohit Sharma-KL Rahul) ഓപ്പണിംഗ് കൂട്ടുകെട്ടിന്‍റെ കരുത്തിലും ഹര്‍ദിക് പാണ്ഡ്യ-റിഷഭ് പന്ത്(Hardik Pandya-Rishabh Pant) ഫിനിഷിംഗിലും 20 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ 210 റണ്‍സ് നേടി. രോഹിത്തും രാഹുലും ഓപ്പണിംഗ് വിക്കറ്റില്‍ 140 റണ്‍സ് ചേര്‍ത്തപ്പോള്‍ പാണ്ഡ്യയും റിഷഭും മൂന്നാം വിക്കറ്റില്‍ പുറത്താകാതെ 63 റണ്‍സ് നേടി. 

രോഹിത്-രാഹുല്‍ ദീപാവലി വെടിക്കെട്ട് 

ഓപ്പണര്‍ സ്ഥാനത്ത് മടങ്ങിയെത്തിയ ഹിറ്റ്‌മാന്‍ രോഹിത് ശര്‍മ്മ തിരിച്ചുവരവ് ആഘോഷമാക്കി. അഞ്ചാം ഓവറില്‍ 50 റണ്‍സ് പിന്നിട്ട രോഹിത്-രാഹുല്‍ സഖ്യം പവര്‍പ്ലേയില്‍ വിക്കറ്റ് നഷ്‌‌ടമില്ലാതെ 53 റണ്‍സ് ചേര്‍ത്തു. 10 ഓവറില്‍ സ്‌കോര്‍ 85. പിന്നാലെ രോഹിത് 37 പന്തില്‍ അന്താരാഷ്‌ട്ര ടി20യില്‍ തന്‍റെ 23-ാം അര്‍ധ സെഞ്ചുറി തികച്ചു. രാഹുല്‍ 35 പന്തിലും അമ്പതിലെത്തി. ഫിഫ്റ്റിക്ക് പിന്നാലെ ഇരുവരും റാഷിദ് ഖാന്‍ ഉള്‍പ്പടെയുള്ള ബൗളര്‍മാരെ കടന്നാക്രമിച്ചതോടെ ഇന്ത്യന്‍ സ്‌കോര്‍ കുതിച്ചു. 15-ാം ഓവറില്‍ ജനതാണ് ഈ കൂട്ടുകെട്ട് പൊളിക്കുന്നത്. 47 പന്തില്‍ എട്ട് ഫോറും മൂന്ന് സിക്‌സറും സഹിതം 74 റണ്‍സെടുത്ത ഹിറ്റ്‌മാന്‍ നബിയുടെ കൈകളിലെത്തി. 

പിന്നാലെ പാണ്ഡ്യ റിഷഭ്

തകര്‍പ്പനടികളുമായി മുന്നേറിയിരുന്ന രാഹുലിനും പിന്നാലെ അഫ്‌ഗാന്‍റെ പിടിവീണു. 17-ാം ഓവറില്‍ ഗുല്‍ബാദിന്‍ രാഹുലിനെ ബൗള്‍ഡാക്കി. രാഹുല്‍ 48 പന്തില്‍ ആറ് ഫോറും രണ്ട് സിക്‌സറും ഉള്‍പ്പടെ 69 റണ്‍സ് നേടി. പിന്നീട് സിക്‌സര്‍ പൂരവുമായി ഇന്ത്യയെ 200 കടത്തുകയായിരുന്നു ഹര്‍ദിക് പാണ്ഡ്യയും റിഷഭ് പന്തും. ഹര്‍ദിക് 13 പന്തില്‍ 35 റണ്‍സും റിഷഭ് 13 പന്തില്‍ 27 റണ്‍സുമായി പുറത്താകാതെ നിന്നു. 

ടോസ് ഭാഗ്യമില്ലാത്ത കോലി

ടോസ് നേടിയ അഫ്‌‌‌ഗാന്‍ നായകന്‍ മുഹമ്മദ് നബി ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. അഫ്‌ഗാന്‍ നിരയില്‍ സ്‌പിന്നര്‍ മുജീബുര്‍ റഹ്മാന്‍ കളിക്കുന്നില്ല. അതേസമയം ഇന്ത്യന്‍ നിരയില്‍ രോഹിത് ശര്‍മ്മ ഓപ്പണര്‍ സ്ഥാനത്ത് തിരിച്ചെത്തിയത് ശ്രദ്ധേയമാണ്. രണ്ട് മാറ്റങ്ങളുമായാണ് കോലിപ്പട ഇറങ്ങിയത്. പരിക്ക് മാറി ബാറ്റര്‍ സൂര്യകുമാര്‍ യാദവും വരുണ്‍ ചക്രവര്‍ത്തിക്ക് പകരം വെറ്ററന്‍ സ്‌പിന്നര്‍ രവിചന്ദ്ര അശ്വിനും പ്ലേയിംഗ് ഇലവനില്‍ ഇടംപിടിച്ചു. ടൂര്‍ണമെന്‍റില്‍ ഇത്തവണത്തെ ആദ്യ മത്സരത്തിനാണ് അശ്വിന്‍ കുപ്പായമണിയുന്നത്. 

ഇന്ത്യ പ്ലേയിംഗ് ഇലവന്‍: കെ എല്‍ രാഹുല്‍, രോഹിത് ശര്‍മ്മ, വിരാട് കോലി(ക്യാപ്റ്റന്‍), സൂര്യകുമാര്‍ യാദവ്, റിഷഭ് പന്ത്(വിക്കറ്റ് കീപ്പര്‍), ഹര്‍ദിക് പാണ്ഡ്യ, രവീന്ദ്ര ജഡേജ, രവിചന്ദ്ര അശ്വിന്‍, ഷര്‍ദ്ദുല്‍ ഠാക്കൂര്‍, മുഹമ്മദ് ഷമി, ജസ്‌പ്രീത് ബുമ്ര. 

അഫ്‌ഗാനിസ്ഥാന്‍ പ്ലേയിംഗ് ഇലവന്‍: ഹസ്രത്തുള്ള സസായ്, മുഹമ്മദ് ഷഹ്‌സാദ്(വിക്കറ്റ് കീപ്പര്‍), റഹ്‌മത്തുള്ള ഗര്‍ബാസ്, നജീബുള്ള സദ്രാന്‍, മുഹമ്മദ് നബി(ക്യാപ്റ്റന്‍), ഗുല്‍ബാദിന്‍ നൈബ്, ഷറഫുദ്ദീന്‍ അഷ്‌റഫ്, റാഷിദ് ഖാന്‍, കരീം ജനാത്, നവീന്‍ ഉള്‍ ഹഖ്, ഹാമിദ് ഹസന്‍. 

വേണം വമ്പന്‍ ജയം; മറ്റൊരു വഴിയില്ല...

ആദ്യ രണ്ട് കളിയും തോറ്റ ഇന്ത്യക്ക് സെമി പ്രതീക്ഷ നിലനിർത്താൻ അഫ്‌ഗാനെതിരെ വമ്പൻ ജയം അനിവാര്യമാണ്. ഇന്ത്യ ലോകകപ്പിലെ ആദ്യ മത്സരങ്ങളില്‍ പാകിസ്ഥാനോട് 10 വിക്കറ്റിനും ന്യൂസിലന്‍ഡിനോട് എട്ട് വിക്കറ്റിനും തോല്‍വി വഴങ്ങിയിരുന്നു. ലോകകപ്പിൽ ഇന്ത്യയും അഫ്ഗാനിസ്ഥാനും ഏറ്റുമുട്ടുന്ന മൂന്നാമത്തെ മത്സരമാണ് ഇന്നത്തേത്. ആദ്യ രണ്ട് കളിയിലും ഇന്ത്യക്കായിരുന്നു ജയം. അബുദാബിയിലും ടോസ് നിര്‍ണായകമാകുമോ എന്ന ആകാംക്ഷ നിലനില്‍ക്കുന്നു. ഇവിടെ നടന്ന കഴിഞ്ഞ എട്ട് കളിയില്‍ ആറിലും ജയിച്ചത് രണ്ടാമത് ബാറ്റ് ചെയ്‌തവരാണ്.

T20 World Cup| ടൈമല്‍ മില്‍സ് പരിക്കേറ്റ് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

click me!