T20 World Cup| ടൈമല്‍ മില്‍സ് പരിക്കേറ്റ് പുറത്ത്, പകരക്കാരനെ പ്രഖ്യാപിച്ച് ഇംഗ്ലണ്ട്

By Web TeamFirst Published Nov 3, 2021, 8:24 PM IST
Highlights

ഇടം കൈയന്‍ പേസറായ ടൈമല്‍ മില്‍സിന് പകരമെത്തുന്നതും മറ്റൊരു ഇടംകൈയന്‍ പേസറായ റീസ് ടോപ്‌ലി ആണ്. മുമ്പ് പലതവണ പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ മില്‍സ് ലോകകപ്പിനുള്ള ടീമിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്.

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup) സൂപ്പര്‍ 12ല്‍(Super 12) നാലു ജയങ്ങളുമായി സെമി ഫൈനലില്‍ സ്ഥാനം ഉറപ്പിച്ച ഇംഗ്ലണ്ട്(England) ടീമിന് തിരിച്ചടിയായി സ്റ്റാര്‍ പേസര്‍ ടൈമല്‍ മില്‍സിന്‍റെ(Tymal Mills) പരിക്ക്. ശ്രീലങ്കക്കെതിരായ മത്സരത്തിനിടെ വലുതുടയിലേറ്റ പരിക്കിനെത്തുടര്‍ന്ന് മില്‍സിന് ലോകകപ്പിലെ തുടര്‍ന്നുള്ള മത്സരങ്ങളില്‍ കളിക്കാനാവില്ലെന്ന് ഇംഗ്ലണ്ട് ആന്‍ഡ് വെയില്‍ ക്രിക്കറ്റ് ബോര്‍ഡ്(ECB) വ്യക്തമാക്കി. മില്‍സിന് പകരം റീസ് ടോപ്‌ലിയെ(Reece Topley) ഇംഗ്ലണ്ട് പകരക്കാരനായി പ്രഖ്യാപിച്ചിട്ടുണ്ട്.

സൂപ്പര്‍ 12ല്‍ ശ്രീലങ്കക്കെതിരായ മത്സരത്തിനിടെ 1.3 ഓവര്‍ മാത്രമെറിഞ്ഞ മില്‍സ് പരിക്കിനെത്തുടര്‍ന്ന് ബൗള്‍ ചെയ്യാനാകാതെ ഗ്രൗണ്ട് വിട്ടിരുന്നു. പിന്നീട് ഓവര്‍ പൂര്‍ത്തിയാക്കാനായി മില്‍സ് ഗ്രൗണ്ടിലിറങ്ങിയതുമില്ല.ജോസ് ബട്‌ലറുടെ തകര്‍പ്പന്‍ സെഞ്ചുറിയുടെ കരുത്തില്‍ ശ്രീലങ്കയെ 26 റണ്‍സിന് കീഴടക്കിയാണ് ഇംഗ്ലണ്ട് സെമിയില്‍ സ്ഥാനം ഉറപ്പാക്കിയത്.

Also Read:അശ്വിനെ തഴയുന്നതിന് പിന്നില്‍ ദുരൂഹത; അന്വേഷിക്കണമെന്ന് വെംഗ്‌സര്‍ക്കാര്‍

ഇടം കൈയന്‍ പേസറായ ടൈമല്‍ മില്‍സിന് പകരമെത്തുന്നതും മറ്റൊരു ഇടംകൈയന്‍ പേസറായ റീസ് ടോപ്‌ലി ആണ്. മുമ്പ് പലതവണ പരിക്കിനെത്തുടര്‍ന്ന് ടീമില്‍ നിന്ന് പുറത്തായ മില്‍സ് ലോകകപ്പിനുള്ള ടീമിലൂടെയാണ് തിരിച്ചുവരവ് നടത്തിയത്. ടൂര്‍ണമെന്‍റില്‍ ഏഴ് വിക്കറ്റ് വീഴ്ത്തിയ മില്‍സ് ആദില്‍ റഷീദിനൊപ്പം ഇംഗ്ലണ്ടിനായുള്ള വിക്കറ്റ് വേട്ടയില്‍ ഒന്നാം സ്ഥാനത്താണ്.

A forced change to the England squad after an injury blow.https://t.co/CPx7ocf6At

— T20 World Cup (@T20WorldCup)

മികച്ച സ്ലോ ബോളുകളിലൂടെ ബാറ്ററെ വട്ടം കറക്കുന്ന മില്‍സ് സ്ലോഗ് ഓവറുകളിലും ഫലപ്രദമായി പന്തെറിഞ്ഞിരുന്നു. സൂപ്പര്‍ 12ലെ നാലു മത്സരങ്ങള്‍ പൂര്‍ത്തിയാക്കിയ ഇംഗ്ലണ്ട് ഗ്രൂപ്പ് ഒന്നില്‍ എട്ട് പോയന്‍റുമായി ഒന്നാം സ്ഥാനത്താണ്. മികച്ച നെറ്റ് റണ്‍റേറ്റുുള്ള(+3.183)ഇംഗ്ലണ്ടിനെ മറികടന്ന് മറ്റേതെങ്കിലും ടീമുകള്‍ ഒന്നാം സ്ഥാനത്തെത്തണമെങ്കില്‍ ഇനി അത്ഭുതങ്ങള്‍ സംഭവിക്കണം. ഓസ്ട്രേലിയയെയും ശ്രീലങ്കയെയും വെസ്റ്റ് ഇന്‍ഡീസിനെയും ബംഗ്ലാദേശിനെയും തോല്‍പ്പിച്ച ഇംഗ്ലണ്ടിന് ഇനി ദക്ഷിണാഫ്രിക്കയെ മാത്രമാണ് ഗ്രൂപ്പില്‍ നേരിടാനുള്ളത്.

click me!