ടി20 ലോകകപ്പ്: ഇന്ത്യന്‍ മോഹങ്ങള്‍ക്ക് ഇരുട്ടടി; വമ്പന്‍ ജയവുമായി ന്യൂസിലന്‍ഡ്

By Web TeamFirst Published Oct 31, 2021, 10:27 PM IST
Highlights

മറുപടി ബാറ്റിംഗില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ(20) നാലാം ഓവറില്‍ ബുമ്ര, ഠാക്കൂറിന്‍റെ കൈകളിലെത്തിച്ചിരുന്നു

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ടീം ഇന്ത്യയുടെ(Team India) സെമി മോഹങ്ങള്‍ക്ക് കിവീസിന്‍റെ(New Zealand Cricket Team) ഇരുട്ടടി. എട്ട് വിക്കറ്റിന്‍റെ തകര്‍പ്പന്‍ ജയം ന്യൂസിലന്‍ഡ് നേടി. നിര്‍ണായക മത്സരത്തില്‍ ഇന്ത്യ മുന്നോട്ടുവെച്ച 111 റണ്‍സ് വിജയലക്ഷ്യം അനായാസം 14.3 ഓവറില്‍ രണ്ട് വിക്കറ്റ് മാത്രം നഷ്‌ടത്തില്‍ ന്യൂസിലന്‍ഡ് സ്വന്തമാക്കി. ഡാരില്‍ മിച്ചല്‍- കെയ്‌ന്‍ വില്യംസണ്‍ സഖ്യമാണ് കിവികളെ ജയിപ്പിച്ചത്. 

A sparkling performance from New Zealand ✨ | | https://t.co/dJpWyk0E0j pic.twitter.com/OO7D1fSreV

— T20 World Cup (@T20WorldCup)

അനായാസം വില്യംസണ്‍-ഡാരില്‍

മറുപടി ബാറ്റിംഗില്‍ മാര്‍ട്ടിന്‍ ഗുപ്റ്റിലിനെ(20) നാലാം ഓവറില്‍ ബുമ്ര, ഠാക്കൂറിന്‍റെ കൈകളിലെത്തിച്ചിരുന്നു. എന്നാല്‍ രണ്ടാം വിക്കറ്റില്‍ ഡാരില്‍ മിച്ചല്‍-കെയ്‌ന്‍ വില്യംസണ്‍ സഖ്യം കിവികളെ പവര്‍പ്ലേയില്‍ 44ലെത്തിച്ചു. 10 ഓവറില്‍ ടീം സ്‌കോര്‍ 83. 13-ാം ഓവറില്‍ മിച്ചലിനെ(49) ബുമ്ര പുറത്താക്കിയതോടെയാണ് കൂട്ടുകെട്ട് പൊളിഞ്ഞത്. എങ്കിലും വില്യംസണും(33*), കോണ്‍വേയും(2*) ടീമിനെ നിഷ്‌പ്രയാസം ലക്ഷ്യത്തിലെത്തിച്ചു. 

നേരത്തെ ടോസ് നഷ്‌ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്‌ത കോലിപ്പടയ്‌ക്ക് 20 ഓവറില്‍ ഏഴ് വിക്കറ്റിന് 110 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. 19 പന്തില്‍ 26 റണ്‍സെടുത്ത രവീന്ദ്ര ജഡേജയാണ് ടോപ് സ്‌കോറര്‍. കിവികള്‍ക്കായി ബോള്‍ട്ട് മൂന്നും സോധി രണ്ടും മില്‍നെയും സൗത്തിയും ഓരോ വിക്കറ്റും നേടി.  

തുടക്കം മുതല്‍ തകര്‍ച്ച

സൂര്യകുമാറിന് പരിക്കേറ്റതോടെ പകരക്കാരനായെത്തിയ ഇഷാന്‍ കിഷനെ കെ എല്‍ രാഹുലിനൊപ്പം അയച്ചാണ് ഇന്ത്യ ഇന്നിംഗ്‌സ് തുടങ്ങിയത്. എന്നാല്‍ ബോള്‍ട്ട് എറിഞ്ഞ മൂന്നാം ഓവറിലെ അഞ്ചാം പന്തില്‍ കിഷന്‍(4) മിച്ചലിന്‍റെ കൈകളിലെത്തി. മൂന്നാമന്‍ രോഹിത് ശര്‍മ്മയെ അവസാന പന്തില്‍ ബൗണ്ടറിയില്‍ മില്‍നെ നിലത്തിട്ടു. പവര്‍പ്ലേയിലെ അവസാന ഓവറില്‍ രാഹുലിന്(18) ടിം സൗത്തിയും യാത്രയപ്പൊരുക്കി. മിച്ചലിന് തന്നെയായിരുന്നു ഈ ക്യാച്ച്. 

നേരിട്ട ആദ്യ പന്തില്‍ ജീവന്‍ ലഭിച്ചത് മുതലാക്കാനാകാതെ പോയ രോഹിത് ശര്‍മ്മയേയും(14) നായകന്‍ വിരാട് കോലിയേയും(9) പുറത്താക്കി സോധി ഇന്ത്യക്കേറ്റ പ്രഹരത്തിന്‍റെ ആക്കം കൂട്ടി. ഇതോടെ 10.1 ഓവറില്‍ 48-4 എന്ന നിലയില്‍ പ്രതിസന്ധിയിലായി ഇന്ത്യ. കൂറ്റനടികള്‍ പ്രതീക്ഷിച്ച റിഷഭ് പന്തും(12) നിരാശ സമ്മാനിച്ചു. 15-ാം ഓവറില്‍ മില്‍നേയുടെ പന്തില്‍ ക്ലീന്‍ ബൗള്‍ഡാവുകയായിരുന്നു. 

100 കടന്നത് കഷ്‌ടിച്ച്

ആറാം വിക്കറ്റില്‍ ഹര്‍ദിക് പാണ്ഡ്യ-രവീന്ദ്ര ജഡേജ സഖ്യം ഒത്തുചേര്‍ന്നെങ്കിലും കൂറ്റനടികള്‍ പിറക്കാതിരുന്നത് ഇന്ത്യക്ക് തിരിച്ചടിയായി. 24 പന്തില്‍ 23 റണ്‍സുമായി ഹര്‍ദിക്, ബോള്‍ട്ടിന്‍റെ 19-ാം ഓവറിലെ ആദ്യ പന്തില്‍ പുറത്തായി. നാലാം പന്തില്‍ ഷര്‍ദുല്‍ ഠാക്കൂറും(0)  മടങ്ങി. സൗത്തിയുടെ അവസാന ഓവറിലാണ് ഇന്ത്യ 100 കാണുന്നത്. ജഡേജയും(26*), ഷമിയും(0*) പുറത്താകാതെ നിന്നു. 

ടോസ് ജയിച്ച് കിവീസ്

ടോസ് നേടിയ കിവീസ് നായകന്‍ കെയ്‌ന്‍ വില്യംസണ്‍ ബൗളിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. കിവീസ് നിരയില്‍ ടിം സീഫെര്‍ട്ടിന് പകരം ആദം മില്‍നെ ഇടംപിടിച്ചു. ഓള്‍റൗണ്ടര്‍ ഹര്‍ദിക് പാണ്ഡ്യയെ ഇന്ത്യ നിലനിര്‍ത്തിയപ്പോള്‍ സൂര്യകുമാര്‍ യാദവിന് പകരം ഇഷാന്‍ കിഷനെയും ഭുവിക്ക് പകരം ഷര്‍ദ്ദുല്‍ ഠാക്കൂറിനേയും ഉള്‍പ്പെടുത്തി. 

ടി20 ലോകകപ്പ്: നമീബിയയെ വീഴ്‌ത്തി അഫ്‌ഗാനിസ്ഥാന്‍; അസ്‌ഗാര്‍ അഫ്‌ഗാന് ജയത്തോടെ യാത്രയപ്പ്

click me!