മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരെ നവീന്‍ ഉള്‍ ഹഖ് മൂന്ന് ഓവറിനിടെ മടക്കിയതോടെ നമീബിയ തുടക്കത്തിലെ പതറി

അബുദാബി: ടി20 ലോകകപ്പില്‍(T20 World Cup 2021) നമീബിയയെ(Namibia) 62 റണ്‍സിന് തോല്‍പിച്ച് അഫ്‌ഗാനിസ്ഥാന്‍(Afghanistan). അഫ്‌ഗാന്‍ മുന്നോട്ടുവെച്ച 161 റണ്‍സ് വിജയലക്ഷ്യം പിന്തുടര്‍ന്ന നമീബിയക്ക് 20 ഓവറില്‍ ഒന്‍പത് വിക്കറ്റിന് 98 റണ്‍സെടുക്കാനേ കഴിഞ്ഞുള്ളൂ. ഹാമിദ് ഹസനും നവീന്‍ ഉള്‍ ഹഖും മൂന്ന് വീതവും ഗുല്‍ബാദിന്‍ നൈബ് രണ്ടും റാഷിദ് ഖാന്‍ ഒന്നും വിക്കറ്റ് നേടി. നവീനാണ് കളിയിലെ മികച്ച താരം. 

തീയായി അഫ്‌ഗാന്‍ ബൗളിംഗ്

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍മാരെ നവീന്‍ ഉള്‍ ഹഖ് മൂന്ന് ഓവറിനിടെ മടക്കിയതോടെ നമീബിയ തുടക്കത്തിലെ പതറി. ഓപ്പണര്‍മാരായ ക്രെയ്‌ഗ് വില്യംസ്(1), മൈക്കല്‍ വാന്‍ ലിങ്കന്‍(11), ജാന്‍ നിക്കോള്‍ ലോഫ്‌റ്റീ(14), സാനേ ഗ്രീന്‍(1) എന്നിവര്‍ പുറത്താകുമ്പോള്‍ 7.1 ഓവറില്‍ 36 റണ്‍സ് മാത്രമായിരുന്നു സ്‌കോര്‍ ബോര്‍ഡിലുണ്ടായിരുന്നത്. 10 ഓവര്‍ പൂര്‍ത്തിയാകുമ്പോള്‍ സ്‌കോര്‍ 55-4. 

11-ാം ഓവറില്‍ ഹാമിദ് ഹസന്‍ ഇരട്ട പ്രഹരം നല്‍കി. നായകന്‍ ഗെര്‍ഹാര്‍ഡ് എരാസ്‌‌മസ് 12നും ജെജെ സ്‌മിത് പൂജ്യത്തിനും പുറത്തായി. ജാന്‍ ഫ്രൈലിന്‍‌ക്ക്(6), പിക്കി യാ ഫ്രാന്‍സ്(3), ഡേവിഡ് വീസ്(26), റൂബന്‍(12*), ബെര്‍ണാഡ് സ്‌കോള്‍സ്(6*) എന്നിങ്ങനെയായിരുന്നു മറ്റ് താരങ്ങളുടെ സ്‌‌കോര്‍. 

അഫ്‌‌ഗാന് മിന്നും തുടക്കം

നേരത്തെ ടോസ് നേടി ആദ്യം ബാറ്റ് ചെയ്‌ത അഫ്‌ഗാന് തകര്‍പ്പന്‍ തുടക്കത്തിന് ശേഷം 20 ഓവറില്‍ അഞ്ച് വിക്കറ്റിന് 160 റണ്‍സെടുത്തു. 45 റണ്‍സെടുത്ത വിക്കറ്റ് കീപ്പര്‍ മുഹമ്മദ് ഷഹ്‌സാദാണ് ടോപ് സ്‌കോറര്‍. സഹ ഓപ്പണര്‍ ഹസ്രത്തുള്ള സസായി 33 ഉം അവസാന രാജ്യാന്തര മത്സരം കളിക്കുന്ന അസ്‌ഗാര്‍ അഫ്‌ഗാന്‍ 31 ഉം നായകന്‍ മുഹമ്മദ് നബി 32* ഉം റണ്‍സെടുത്തു. 

ഓപ്പണിംഗ് വിക്കറ്റില്‍ 6.4 ഓവറില്‍ 53 റണ്‍സ് ഓപ്പണര്‍മാരായ ഹസ്രത്തുള്ള സസായും മുഹമ്മദ് ഷഹ്‌സാദും ചേര്‍ത്തു. 27 പന്തില്‍ നാല് ഫോറും രണ്ട് സിക്‌സറുമുള്‍പ്പടെ 33 റണ്‍സെടുത്ത സസായിയാണ് ആദ്യം പുറത്തായത്. മൂന്നാമന്‍ റഹ്‌മത്തുള്ള ഗുര്‍ബാസിന്(4) തിളങ്ങാനായില്ല. എന്നാല്‍ ഒരിക്കല്‍ വിക്കറ്റ് കീപ്പര്‍ ബാറ്റര്‍ മുഹമ്മദ് ഷഹ്‌സാദ് തിളങ്ങി. 33 പന്തില്‍ മൂന്ന് ബൗണ്ടറിയും രണ്ട് സിക്‌സും നേടിയ ഷഹ്‌‌സാദ് 13-ാം ഓവറില്‍ മടങ്ങിയതോടെ അഫ്‌ഗാന്‍ പതറി. 

അസ്‌ഗാര്‍ അഫ്‌ഗാന് ആവേശ യാത്രയപ്പ്

നജീബുള്ള സദ്രാന്‍ ഏഴ് റണ്‍സില്‍ മടങ്ങിയപ്പോള്‍ അവസാന രാജ്യാന്തര മത്സരം കളിക്കുന്ന അസ്‌ഗാര്‍ അഫ്‌ഗാന്‍റെ ബാറ്റിംഗ് നിര്‍ണായകമായി. 23 പന്തില്‍ മൂന്ന് ഫോറും ഒരു സിക്‌സും സഹിതം 31 റണ്‍സ് അഫ്‌ഗാന്‍ മുന്‍ നായകന്‍ നേടി. ഇന്നിംഗ്‌സിന് ശേഷം ഗാര്‍ഡ് ഓഫ് ഓണര്‍ നല്‍കിയാണ് താരത്തെ യാത്രയാക്കിയത്. നായകന്‍ മുഹമ്മദ് നബി അവസാന ഓവറുകളില്‍ മികച്ചുനിന്നപ്പോള്‍ അഫ്‌ഗാനിസ്ഥാന്‍ 20 ഓവറില്‍ 160 റണ്‍സെടുത്തു. നബി 17 പന്തില്‍ 32 ഉം ഗുല്‍ബാദിന്‍ നൈബ് ഒരു റണ്ണുമായി പുറത്താകാതെ നിന്നു.

ടി20 ലോകകപ്പ്: കരച്ചിലടക്കാനാവാതെ അസ്‌ഗാര്‍ അഫ്‌ഗാന്‍; ഗാര്‍ഡ് ഓഫ് ഓണറോടെ യാത്രയപ്പ്-വീഡിയോ