മകളെ കണ്ടിട്ട് 135 ദിവസം, ബയോ ബബ്ബിളിള്‍ മനം മടുത്ത് ജയവര്‍ധനെ ലങ്കന്‍ ടീം ക്യാംപ് വിട്ടു

By Web TeamFirst Published Oct 22, 2021, 8:25 PM IST
Highlights

ജൂണ്‍ മുതല്‍ ക്വാറന്‍റീനിലും ബയോ ബബ്ബിളിലും കഴിയുന്ന താന്‍ മകളെ കണ്ടിട്ട് 135 ദിവസമായെന്നും ഇനിയും കാത്തിരിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ജയവര്‍ധനെ ടീം വിട്ടത്.

ദുബായ്: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12(Super 12) പോരാട്ടങ്ങള്‍ തുടങ്ങാന്‍ ഒരു ദിവസം മാത്രം ബാക്കിയിരിക്കെ ശ്രീലങ്കക്ക്(Sri Lanka) തിരിച്ചടിയായി ടീം കണ്‍സള്‍ട്ടന്‍റും മുന്‍ നായകനുമായ മഹേല ജയവര്‍ധനെയുടെ(Mahela Jayawardene) പിന്‍മാറ്റം. തുടര്‍ച്ചയായി ബയോ ബബ്ബിളില്‍ കഴിയുന്നതിന്‍റെ മാനസിക സമ്മര്‍ദ്ദം ചൂണ്ടിക്കാട്ടിയാണ് ജയവര്‍ധനെ ശ്രീലങ്കന്‍ ടീം ക്യാംപ് വിട്ടത്.

ജൂണ്‍ മുതല്‍ ക്വാറന്‍റീനിലും ബയോ ബബ്ബിളിലും കഴിയുന്ന താന്‍ മകളെ കണ്ടിട്ട് 135 ദിവസമായെന്നും ഇനിയും കാത്തിരിക്കാനാവില്ലെന്നും വ്യക്തമാക്കിയാണ് ജയവര്‍ധനെ ടീം വിട്ടത്. ടീം വിടുന്നതിന് മുമ്പ് സൂപ്പര്‍ 12 പോരാട്ടങ്ങള്‍ക്കും യോഗ്യതാ റൗണ്ടില്‍ സ്കോട്‌ലന്‍ഡിനെതിരായ അവസാന മത്സരത്തിനുമായി ടീമിനെ ഒരുക്കിയിട്ടുണ്ടെന്നും വേദികള്‍ക്ക് അനുസരിച്ച് ടീം കോംബിനേഷനില്‍ മാറ്റം വരുത്തുമെന്നും ജയവര്‍ധനെ വ്യക്തമാക്കി. സാങ്കേതിക വിദ്യയുടെ സഹായത്തോടെ തുടര്‍ന്നും ടീമിനാവശ്യമായ സഹായങ്ങള്‍ നല്‍കുമെന്നും ജയവര്‍ധനെ വ്യക്തമാക്കി.

യോഗ്യതാ റൗണ്ട് മത്സരങ്ങളില്‍ ശ്രീലങ്കന്‍ ടീമിന്‍റെ ബാറ്റിംഗ് ഓര്‍ഡറില്‍ ജയവര്‍ധനെ വരുത്തിയ മാറ്റങ്ങള്‍ ടീമിന് ഗുണകാരമായിരുന്നു. അവിഷ്കാ ഫെര്‍ണാണ്ടോയെ ബാറ്റിംഗ് ഓര്‍ഡറില്‍ നാലാം സ്ഥാനത്തിറക്കാനുള്ള തീരുമാനം ജയവര്‍ധനെയുടേതായിരുന്നു.

ഇംഗ്ലണ്ടില്‍ നടന്ന 100 ടൂര്‍ണമെന്‍റില്‍ സതേണ്‍ ബ്രെയ്‌വെയ്സ് ടീമിന്‍റെ കണ്‍സള്‍ട്ടന്‍റായിരുന്നു ജയവര്‍ധനെ. ആദ്യ സീസണില്‍ തന്നെ ടീമിനെ കിരീടനേട്ടത്തിലേക്ക് നയിക്കാനും ജയവര്‍ധനെക്കായി. ഇതിനുശേഷം ഐപിഎല്ലില്‍ മുംബൈ ഇന്ത്യന്‍സിന്‍റെ പരിശീലക ചുമതല ഏറ്റെടുത്ത ജയവര്‍ധനെ അവിടെയം ബയോ ബബ്ബിളില്‍ കഴിഞ്ഞു.

ഇതിനുശേഷമാണ് ശ്രീലങ്കന്‍ ടീമിന്‍റെ ബയോ ബബ്ബിളില്‍ എത്തിയത്. യോഗ്യതാ റൗണ്ടിലെ ആദ്യ രണ്ട് മത്സരങ്ങളും ജയിച്ച ശ്രീലങ്ക സൂപ്പര്‍ 12 പോരാട്ടത്തിന് യോഗ്യത ഉറപ്പാക്കിയിട്ടുണ്ട്.

click me!