
ഷാര്‍ജ: ടി20 ലോകകപ്പില്‍(T20 World Cup 2021) ന്യൂസിലന്‍ഡിന് എതിരെ നമീബിയക്ക്(New Zealand vs Namibia) 164 റണ്‍സ് വിജയലക്ഷ്യം. ഷാര്‍ജ ക്രിക്കറ്റ് സ്റ്റേഡിയത്തില്‍ ടോസ് നഷ്‌ടപ്പെട്ട് ബാറ്റിംഗിനിറങ്ങിയ കിവികള്‍(Kiwis) ഗ്ലെന്‍ ഫിലിപ്‌സ്, ജയിംസ് നീഷാം(Glenn Phillips-James Neesham) എന്നിവരുടെ അഞ്ചാം വിക്കറ്റ് കൂട്ടുകെട്ടില്‍ 20 ഓവറില്‍ നാല് വിക്കറ്റിന് 163 റണ്‍സെടുത്തു. ഫിലിപ്‌സ് 39* ഉം നീഷാം 35* ഉം റണ്‍സ് വീതമെടുത്തു. നായകന്‍ കെയ്‌ന്‍ വില്യംസണ്‍(Kane Williamson) 28 റണ്‍സ് നേടി. നമീബിയക്കായി എറാസ്മസും വീസും ബെര്‍ണാര്‍ഡും ഓരോ വിക്കറ്റ് നേടി.
വെടിക്കെട്ട് മറന്ന് ഗുപ്റ്റില്‍
കഴിഞ്ഞ മത്സരത്തില്‍ സ്‌കോട്‌ലന്‍ഡിനെതിരെ 56 പന്തില്‍ 93 റണ്‍സിന്‍റെ അതിവേഗ സ്‌കോറിംഗുമായി ആടിത്തിമിര്‍ത്ത ഓപ്പണര്‍ മാര്‍ട്ടിന്‍ ഗുപ്‌റ്റിലിനെ അഞ്ചാം ഓവറില്‍ മടക്കിയാണ് വീസ് തുടങ്ങിയത്. 18 പന്തില്‍ അത്രതന്നെ റണ്‍സായിരുന്നു സമ്പാദ്യം. ഇതോടെ പവര്‍പ്ലേ സ്‌കോര്‍ 43-1. തൊട്ടടുത്ത ഓവറില്‍ ഡാരില്‍ മിച്ചലും(15 പന്തില്‍ 19) വീണതോടെ കിവീസ് പ്രതീക്ഷകള്‍ നായകന്‍ കെയ്‌ന്‍ വില്യംസണിലായി. എന്നാല്‍ ദേവോണ്‍ കോണ്‍വേയുമൊത്തുള്ള വില്യംസണിന്‍റെ ചെറുത്തുനില്‍പ് 13-ാം ഓവറിലെ ആദ്യ പന്തില്‍ എറാസ്‌മസ് പൊളിച്ചതോടെ കഥ മാറി. 25 പന്തില്‍ രണ്ട് ബൗണ്ടറിയും ഒരു സിക്‌സറുമായി 28 റണ്‍സെടുത്ത വില്യംസണ്‍ ബൗള്‍ഡാവുകയായിരുന്നു.
നിര്‍ണായകം നീഷാം-ഫിലിപ്‌സ്
വൈകാതെ കോണ്‍വേയും(18 പന്തില്‍ 17) വീണു. 14 ഓവറില്‍ കിവീസ് സ്‌കോര്‍ 87-4 മാത്രമായിരുന്നു. അഞ്ചാം വിക്കറ്റിലെ ഗ്ലെന്‍ ഫിലിപ്‌സ്-ജയിംസ് നീഷാം സഖ്യത്തിന്‍റെ പോരാട്ടമാണ് ന്യൂസിലന്‍ഡിനെ ഭേദപ്പെട്ട സ്‌കോറിലേക്ക് നയിച്ചത്. അവസാന അഞ്ച് ഓവറില്‍ ഇരുവരും 72 റണ്‍സ് ചേര്‍ത്തു. ഫിലിപ്‌സ് 21 പന്തില്‍ 39 റണ്‍സും നീഷാം 23 പന്തില്‍ 35 റണ്‍സുമെടുത്ത് പുറത്താകാതെ നിന്നു.
ടോസ് നേടി നമീബിയ
ടോസ് നേടിയ നമീബിയന്‍ ക്യാപ്റ്റന്‍ ജെറാര്‍ഡ് എറാസ്മസ് ന്യൂസിലന്‍ഡിനെ ബാറ്റിംഗിനയക്കുകയായിരുന്നു. ഇന്ന് ജയിച്ച് സെമി സാധ്യതകള്‍ ഉറപ്പാക്കാന്‍ ന്യൂസിലന്‍ഡിന്‍റെ ശ്രമം. അതേസമയം രണ്ടാം ജയമാണ് കുഞ്ഞന്‍ ടീമായ നമീബിയ ലക്ഷ്യമിടുന്നത്.
സ്‌കോട്‌ലന്‍ഡിനെതിരെ കളിച്ച ടീമില്‍ നിന്ന് മാറ്റമൊന്നുമില്ലാതെയാണ് കെയ്ന്‍ വില്യംസണും സംഘവും ഇറങ്ങിയത്. നമീബിയ രണ്ട് മാറ്റങ്ങള്‍ വരുത്തി. ഈ മത്സരത്തിന് ശേഷം ന്യൂസിലന്‍ഡിന് ഒരു മത്സരം മാത്രമാണ് അവശേഷിക്കുന്നത്. ഇന്ന് ജയിച്ചാല്‍ അഫ്ഗാനെ മറികടന്ന് രണ്ടാം സ്ഥാനത്തെത്താനും ന്യൂസിലന്‍ഡിന് കഴിയും.
ന്യൂസിലന്‍ഡ്: മാര്‍ട്ടിന്‍ ഗപ്റ്റില്‍, ഡാരില്‍ മിച്ചല്‍, കെയ്ന്‍ വില്യംസണ്‍, ദേവോണ്‍ കോണ്‍വെ, ജയിംസ് നീഷാം, ഗ്ലെന്‍ ഫിലിപ്സ്, മിച്ചല്‍ സാന്‍റ്‌നര്‍, ആദം മില്‍നെ, ടിം സൗത്തി, ഇഷ് സോഥി, ട്രന്‍റ് ബോള്‍ട്ട്.
നമീബിയ: സ്റ്റീഫന്‍ ബാര്‍ഡ്, ക്രെയ്ഗ് വില്യംസ്, ജെറാര്‍ഡ് എറാസ്മസ്, ഡേവിഡ് വീസ്, ജെജെ സ്മിത്ത്, സെയ്ന്‍ ഗ്രീന്‍, മൈക്കല്‍ വാന്‍ ലിംഗന്‍, കാള്‍ ബിര്‍ക്കന്‍സ്റ്റോക്ക്, ജാന്‍ നിക്കോള്‍ ലോഫ്റ്റി-ഈറ്റണ്‍, റൂബന്‍ ട്രംപല്‍മാന്‍, ബെര്‍ണാര്‍ഡ് ഷോട്‌സ്.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!