ഫീല്‍ഡിലാണെങ്കില്‍ നമ്മൾ കുറച്ച് സമ്മര്‍ദ്ദത്തിലാണെന്നൊക്കെ തോന്നിയാല്‍ ലാലേട്ടന്‍ ഓടിവന്ന് അടുത്തുവന്ന് സംസാരിക്കും. മോനെ എന്തൊക്കെയുണ്ട് കാര്യങ്ങള്‍ എന്നൊക്കെ ചോദിക്കും.
തിരുവനന്തപുരം: സെലിബ്രിറ്റി ക്രിക്കറ്റ് ലീഗില്‍ ഉണ്ണി മുകുന്ദന്‍റെ നേതൃത്വത്തിലുള്ള കേര സ്ട്രൈക്കേഴ്സ് സെമിയിലെത്തി മികവ് തുടരുകയാണ്. ഇതിനിടെ മോഹൻലാലിന്‍റെ നായകത്വത്തില്‍ സിസിഎല്ലില്‍ കളിച്ചപ്പോഴുണ്ടായൊരു രസകരമായ അനുഭവം പങ്കുവെക്കുകയാണ് നടൻ വിവേക് ഗോപന്‍. സിസിഎല്ലിന്‍റെ ആദ്യ സീസണിലൊക്കെ താന്‍ ശരിക്കും ഫ്ലോപ്പായിരുന്നുവെന്ന് വിവേക് ഗോപന്‍ പറഞ്ഞു. ഒരു മത്സരത്തില്‍ താന്‍ ടീമിനെ തോല്‍പ്പിച്ചിട്ടുവരെയുണ്ടെന്നും വിവേക് ഗോപന്‍ വ്യക്തമാക്കി.
സ്റ്റേറ്റ് ലെവലിലൊക്കെ കളിച്ചിട്ടുണ്ടെങ്കിലും ഇത്രയും വലിയ സ്റ്റേജില്‍ കളിക്കുന്നത് ആദ്യമായിട്ടായിരുന്നു. പ്രഫഷണല്‍ എക്സ്പീരിയന്‍സ് ഉള്ള ഒരേയൊരു കളിക്കാരന്‍ ഞാനായതിനാൽ എനിക്ക് കടുത്ത സമ്മര്‍ദ്ദമായി. ഞാന്‍ കളിച്ചില്ലെങ്കില്‍ അവരെന്ത് വിചാരിക്കും എന്നൊക്കെ വിചാരിച്ച് ഞാന്‍ എല്ലാ കളിയിലും ഫ്ലോപ്പായി. ആ സമയത്ത് ലാലേട്ടന്‍ എന്‍റെ കൂടെയുണ്ടായിരുന്നു. ഒരു മത്സരത്തിന് ഇറങ്ങുന്നതിന്, ലാലേട്ടന്‍ എന്‍റെ രണ്ട് ചുമലിലും ഇങ്ങനെ പിടിച്ചിട്ട് പറഞ്ഞു, മോനെ എന്‍റെ ഉള്ളിലുള്ള എല്ലാ പോസറ്റീവ് എനര്‍ജിയും ഞാന്‍ നിന്നിലേക്ക് പകര്‍ന്നു തരികയാണ്. ഞാനുമപ്പോള്‍ ലാലേട്ടന്‍റെ ചുമലില്‍ പിടിച്ചു നിന്നു. കണ്ണടച്ചോളാന്‍ അദ്ദേഹം പറഞ്ഞു. അതെന്നെ സഹായിച്ചു. ശ്രീശാന്തും ഉണ്ടായിരുന്നു ആ മത്സരം കാണാന്‍. ശ്രീശാന്ത് എന്നോട് വന്നു പറഞ്ഞു, എടാ നീ അണ്ടര്‍ 19 സ്റ്റേറ്റ് വരെ കളിച്ച വ്യക്തിയല്ലെ, നീ അവിടെ പോയി എന്ത് കാണിക്കാണ്, പോയി അടിച്ചു തകര്‍ക്കെടാ എന്ന്. ആ മത്സരത്തില്‍ ഞാന്‍ മികച്ച പ്രകടനം കാഴ്ചവെച്ചു. ഇത് ഞാന്‍ തന്നെയാണോ എന്ന് എനിക്ക് തോന്നിപ്പോയി. അത് ലാലേട്ടന്‍ നമ്മുടെ കൂടെ നിന്ന് നല്‍കിയ ആത്മവിശ്വാസമാണ്.
ഫീല്‍ഡിലാണെങ്കില്‍ നമ്മൾ കുറച്ച് സമ്മര്‍ദ്ദത്തിലാണെന്നൊക്കെ തോന്നിയാല്‍ ലാലേട്ടന്‍ ഓടിവന്ന് അടുത്തുവന്ന് സംസാരിക്കും. മോനെ എന്തൊക്കെയുണ്ട് കാര്യങ്ങള്‍ എന്നൊക്കെ ചോദിക്കും. കര്‍ണാടകയുമായിട്ടൊരു മത്സരത്തിലെ രസകരമായ ഒരു കാര്യമാണ് എനിക്കിപ്പോഴും ഓര്‍മയുള്ളത്. ആ മത്സരത്തില്‍ കര്‍ണാടകക്കുവേണ്ടി ഇറങ്ങിയൊരു ബാറ്റര്‍ അടിച്ചു തകര്‍ക്കുകയാണ്. ആറ് ബോളെറിഞ്ഞാല്‍ ആറും സിക്സ് അടിക്കും എന്ന് പറഞ്ഞാണ് അയാള്‍ ക്രീസില്‍ നില്‍ക്കുന്നത്. ആ സമയത്താണ് ലാലേട്ടന്‍ എന്നെ പന്തെറിയാന്‍ വിളിക്കുന്നത്. എന്‍റെ ഓവറിലെ ആദ്യ മൂന്ന് പന്തും അയാള്‍ സിക്സ് അടിച്ചു. എന്നാല്‍ അവസാന മൂന്ന് പന്തില്‍ അടിച്ചില്ല. അപ്പോള്‍ ടീമില്‍ ആകെ കളിയറിയാവുന്ന ഒരു വ്യക്തി ഞാനാണ്. അതുകൊണ്ട് ലാലേട്ടന്‍ എന്‍റെയടുത്ത് വന്ന് ചോദിച്ചു. മോനെ പുള്ളി ഔട്ടാവുന്നില്ലല്ലോ നല്ല അടിയാണല്ലോ എന്തു ചെയ്യുമെന്ന്. ഞാന്‍ പറഞ്ഞു ലാലേട്ടാ നമുക്ക് സ്പിന്നറെ കൊണ്ട് പന്തെറിയിക്കാം, എന്തായാലും കിട്ടുമെന്ന്. അങ്ങനെ അടുത്ത ഓവര്‍ എറിയാനായി ലാലേട്ടന്‍ ബിനീഷ് കോടിയേരിയെ വിളിച്ചു.
ബിനീഷേട്ടന്‍റെ ആദ്യ പന്ത് തന്നെ അയാള്‍ സിക്സിന് തൂക്കി. അടുത്ത പന്തും സിക്സ് അടിച്ചു. ആ പന്ത് ഗ്യാലറിയില്‍ നിന്ന് തിരിച്ചുവരാനുള്ള സമയത്തിനിടെ ലാലേട്ടന്‍ എന്നെ ഒന്ന് ഒളികണ്ണിട്ട് നോക്കി. എന്നിട്ട് ഓടിഎന്‍റെ അടുത്ത് വന്നിട്ട് പറഞ്ഞു, 'മോനെ ഇപ്പോ കിട്ടും ഇപ്പോ കിട്ടും എന്ന് പറഞ്ഞത് ഇതാണോ, അവനും കിട്ടിയെന്ന്', അതുകേട്ട് ഗ്രൗണ്ടില്‍ നിന്ന ഞാന്‍ പൊട്ടിച്ചിരിച്ചുപോയി. ആ ഓവറിലെ അഞ്ചാം പന്തില്‍ ബിനീഷേട്ടന്‍ ആ കര്‍ണാടക താരത്തിന്‍റെ വിക്കറ്റെടുത്തു. വിക്കറ്റ് ആഘോഷിക്കുന്നതിനിടെ ബിനീഷേട്ടന്‍ ഞങ്ങളോട് ചോദിച്ചത് ഞാനവിടെ തല്ലുകൊണ്ട് വലയുമ്പോള്‍ നീ ലാലേട്ടനുമായി തമാശപറഞ്ഞ് നില്‍ക്കുകയാണോ എന്നായിരുന്നു. അപ്പോള്‍ ഞാൻ ഈ തമാശ പറഞ്ഞതോടെ ടീം മുഴുവന്‍ കൂട്ടച്ചിരിയിലായി-വിവേക് ഗോപന്‍ പറഞ്ഞു.
