
അബുദാബി: ടി20 ലോകകപ്പിലെ(T20 World Cup 2021) സൂപ്പര്‍ 12 പോരാട്ടത്തില്‍ സ്കോട്‌ലന്‍ഡിനെതിരെ(Scotland) നമീബിയ(Namibia)ക്ക് 110 റണ്‍സ് വിജയലക്ഷ്യം. ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ സ്കോട്‌ലന്‍ഡ് 20 ഓവറില്‍ വിക്കറ്റ് എട്ടു വിക്കറ്റ് നഷ്ടത്തില്‍ 109 റണ്‍സെടുത്തു. ഏഴാമനായി ക്രീസിലെത്തി 27 പന്തില്‍ 44 റണ്‍സെടുത്ത മൈക്കല്‍ ലീസ്കാണ്(Michael Leask) സ്കോട്‌ലന്‍ഡിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്. നമീബിയക്കായി റൂബെന്‍ ട്രെംപിള്‍മാന്‍(Ruben Trumpelmann) മൂന്ന് വിക്കറ്റെടുത്തു.
ആദ്യ ഓവറിലെ സ്കോട്‌ലന്‍ഡിനെ ഞെട്ടിച്ച് നമീബിയ
ടോസ് നഷ്ടമായി ക്രീസിലിറങ്ങിയ സ്കോട്‌ലന്‍ഡിനെ ആദ്യ ഓവറില്‍ തന്നെ നമീബിയ ഞെട്ടിച്ചു. ഇന്നിംഗ്സിലെ ആദ്യ പന്തില്‍ തന്നെ ജോര്‍ജ് മുന്‍സെയെ വീഴ്തത്തിയ ട്രെംപിള്‍മാന്‍ മൂന്നാം പന്തില്‍ കാളം മക്‌ലോയ്ഡിനെയും നാലാം പന്തില്‍ ക്യാപ്റ്റന്‍ റിച്ചാര്‍ഡ് ബെറിംഗ്ടണെയും വീഴ്ത്തി സ്കോട്‌ലന്‍ഡിനെ രണ്ട് റണ്‍സിന് മൂന്ന് വിക്കറ്റെന്ന പരിതാപകരമായ നിലയിലേക്ക് തള്ളിയിട്ടു. സ്കോര്‍ 18ല്‍ നില്‍ക്കെ ക്രെയ്ഗ് വാലസിനെ വീഴ്ത്തി വീസ് സ്കോട്‌ലന്‍ഡിനെ കൂട്ടത്തകര്‍ച്ചയിലാക്കി.
എന്നാല്‍ അഞ്ചാം വിക്കറ്റില്‍ മൈക്കല്‍ ലീസ്കും മാത്യു ക്രോസും(19) ചേര്‍ന്ന് സ്കോട്‌ലന്‍ഡിനെ 50 കടത്തി. പന്ത്രണ്ടാം ഓവറില്‍ സ്കോര്‍ 57ല്‍ നില്‍ക്കെ ക്രോസിനെ നഷ്ടമായ നമീബിയയെ ക്രിസ് ഗ്രീവ്സും ലീസ്കും ചേര്‍ന്ന് 100 കടത്തി. ലീസ്കിനെ സ്മിത് പുറത്താക്കിയശേഷം അവസാന ഓവറുകളില്‍ പിടിച്ചു നിന്ന ഗ്രീവ്സാണ് സ്കോട്‌ലന്‍ഡിനെ ഭേദപ്പെട്ട സ്കോറിലെത്തിച്ചത്.
നമീബിയക്കായി ട്രംപിള്‍മാന്‍ നാലോവറില്‍ 17 റണ്‍സിന് മൂന്ന് വിക്കറ്റെടുത്തപ്പോള്‍ ജാന്‍ ഫ്രൈലിങ്ക് നാലോവറില്‍ 10 റണ്‍സിന് രണ്ടു വിക്കറ്റെടുത്തു. അവസാന അഞ്ചോവറില്‍ 25 റണ്‍സാണ് സ്കോട്‌ലന്‍ഡ് കൂട്ടിച്ചേര്‍ത്തത്.
നേരത്തെ ടോസ് നേടിയ നമീബിയ ഫീല്‍ഡിംഗ് തെരഞ്ഞെടുക്കുകയായിരുന്നു. ഗ്രൂപ്പില്‍ നമീബിയയുടെ ആദ്യ മത്സരമാണിത്. സ്കോട്‌ലന്‍ഡാകട്ടെ ആദ്യ മത്സരത്തില്‍ അഫ്ഗാനിസ്ഥാനോട് കനത്ത തോല്‍വി വഴങ്ങിയിരുന്നു.ആദ്യ മത്സരം കളിച്ച ടീമില്‍ ഒരു മാറ്റവുമായാണ് സ്കോട്‌ലന്‍ഡ് ഇറങ്ങിയത്. പരിക്കേറ്റ കെയ്ല്‍ കോയ്റ്റസര്‍ക്ക് പകരം ക്രെയ്ഗ് വാലസ് സ്കോട്‌ലന്‍ഡിന്‍റെ അന്തിമ ഇലവനിലെത്തി.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!