ടി20 ലോകകപ്പ്: ചരിത്രം തിരുത്തി ഷാക്കിബ് അൽ ഹസൻ, ലോകകപ്പിലെ എക്കാലത്തെയും മികച്ച വിക്കറ്റ് വേട്ടക്കാരന്‍

By Web TeamFirst Published Oct 25, 2021, 10:52 AM IST
Highlights

ലോകകപ്പ് ചരിത്രത്തില്‍ 39 വിക്കറ്റുകളുള്ള പാകിസ്ഥാന്‍റെ ഷാഹിദ് അഫ്രീദിയെയാണ് ഷാക്കിബ് മറികടന്നത്

ഷാര്‍ജ: ടി20 ലോകകപ്പുകളില്‍(T20 World Cup 2021) കൂടുതൽ വിക്കറ്റ് നേടിയതിന്‍റെ റെക്കോർഡ‍് സ്വന്തമാക്കി ബംഗ്ലാദേശ്(Bangladesh) ഓൾറൗണ്ടർ ഷാക്കിബ് അൽ ഹസൻ(Shakib Al Hasan). ആറ് ലോകകപ്പുകളിൽ നിന്ന് 41 വിക്കറ്റുകളായി ഷാക്കിബിന്‍റെ സമ്പാദ്യം. ശ്രീലങ്കക്കെതിരെ ഇന്നലെ നടന്ന മത്സരത്തില്‍ രണ്ട് വിക്കറ്റ് സ്വന്തമാക്കിയതോടെയാണ് ഷാക്കിബ് അൽ ഹസൻ നേട്ടത്തിലെത്തിയത്. പതും നിസങ്ക(Pathum Nissanka), ആവിഷ്‌ക ഫെർണാണ്ടോ(Avishka Fernando) എന്നിവരെ ബംഗ്ലാ ഓള്‍റൗണ്ടര്‍ ബൗള്‍ഡാക്കുകയായിരുന്നു. 

ലോകകപ്പ് ചരിത്രത്തില്‍ 39 വിക്കറ്റുകളുള്ള പാകിസ്ഥാന്‍റെ ഷാഹിദ് അഫ്രീദിയെയാണ് ഷാക്കിബ് മറികടന്നത്. 38 വിക്കറ്റുകളുമായി ശ്രീലങ്കയുടെ ലസിത് മലിംഗയാണ് പട്ടികയിൽ മൂന്നാമത്. രാജ്യാന്തര ടി20കളിൽ ഏറ്റവും കൂടുതൽ വിക്കറ്റും(117) ഷാക്കിബിന് തന്നെയാണ്.

Congratulations to . for becoming the highest wicket taker in T20Is (40 wickets) in T20 World Cup. pic.twitter.com/bonIuuCsBJ

— Bangladesh Cricket (@BCBtigers)

ഷാക്കിബ് തിളങ്ങിയിട്ടും തോല്‍വി

മത്സരത്തില്‍ ബംഗ്ലാദേശ് വച്ചുനീട്ടിയ 172 റണ്‍സ് വിജയലക്ഷ്യം മറികടന്ന് അഞ്ച് വിക്കറ്റിന്‍റെ ത്രസിപ്പിക്കുന്ന ജയം ശ്രീലങ്ക നേടി. ചരിത് അസലങ്ക(49 പന്തില്‍ 80*), ഭാനുക രജപക്‌സെ(31 പന്തില്‍ 53) എന്നിവരുടെ വെടിക്കെട്ടിലാണ് ലങ്കന്‍ ജയം. സ്‌കോര്‍ ബംഗ്ലാദേശ്: 171/4 (20), ശ്രീലങ്ക: 172-5 (18.5 Ov). അസലങ്കയാണ് മാന്‍ ഓഫ് ദ് മാച്ച്. 

ടി20 ലോകകപ്പ്: കൂനിന്‍മേല്‍ കുരുപോലെ വീണ്ടും പരിക്ക്; ഹർദിക് പാണ്ഡ്യയെ സ്‌കാനിംഗിന് വിധേയനാക്കി

ആദ്യം ബാറ്റ് ചെയ്ത ബംഗ്ലാദേശ് നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 171 എന്ന മികച്ച സ്‌കോര്‍ കണ്ടെത്തി. 52 പന്തില്‍ 62 റണ്‍സെടുത്ത ഓപ്പണര്‍ മുഹമ്മദ് നൈമും 37 പന്തില്‍ പുറത്താകാതെ 57 റണ്‍സെടുത്ത മുഷ്‌ഫീഖുര്‍ റഹീമുമാണ് ബംഗ്ലാ കടുവകളെ മികച്ച സ്‌കോറിലെത്തിച്ചത്. ലിറ്റണ്‍ ദാസ്(16), ഷാക്കിബ് അല്‍ ഹസന്‍(10), ആഫിഫ് ഹൊസൈന്‍(7), മഹമ്മദുള്ള(10*) എന്നിങ്ങനെയായിരുന്നു മറ്റ് ബാറ്റര്‍മാരുടെ സ്‌കോര്‍. ലങ്കയ്‌ക്കായി കരുണരത്‌നെയും ഫെര്‍ണാണ്ടോയും ലഹിരുവും ഓരോ വിക്കറ്റ് നേടി. 

മറുപടി ബാറ്റിംഗില്‍ ഓപ്പണര്‍ കുശാല്‍ പെരേരയെ ഇന്നിംഗ്‌സിലെ ആദ്യ പന്തില്‍ നഷ്‌ടമായെങ്കിലും ലങ്ക പതറിയില്ല. 86 റണ്‍സ് കൂട്ടുകെട്ടുമായി അസലങ്ക-രജപക്‌സെ സഖ്യം ലങ്കയെ വിജയത്തിന് അടുത്തെത്തിച്ചു. അസലങ്ക 80 റണ്‍സുമായി പുറത്താകാതെ നിന്നപ്പോള്‍ രജപക്‌സെ 53 റണ്‍സില്‍ മടങ്ങി. ഏഴ് പന്ത് ബാക്കിനില്‍ക്കേ അഞ്ച് വിക്കറ്റ് നഷ്‌‌ടത്തില്‍ ലങ്ക വിജയിച്ചു. നാസും അഹമ്മദും ഷാക്കിബ് അല്‍ ഹസനും രണ്ട് വീതവും മുഹമ്മദ് സൈഫുദ്ദീന്‍ ഒരു വിക്കറ്റും സ്വന്തമാക്കി. 

ടി20 ലോകകപ്പ്: അസലായി അസലങ്ക, രാജകീയം രജപക്‌സെ; ബംഗ്ലാ കടുവകളെ ചാരമാക്കി ലങ്ക തുടങ്ങി


 

click me!