ടി20 ലോകകപ്പ്: പന്തെറിയുന്നില്ലെങ്കില്‍ ഹര്‍ദിക് പാണ്ഡ്യക്ക് പകരക്കാരന്‍ വേണം: ബ്രെറ്റ് ലീ

By Web TeamFirst Published Oct 27, 2021, 2:05 PM IST
Highlights

ഹര്‍ദിക് പാണ്ഡ്യ പന്തെറിയാന്‍ ആരംഭിക്കുകയും ഭുവനേശ്വര്‍ കുമാര്‍ പേസ് കണ്ടെത്തുകയും ചെയ്യണമെന്ന് ലീ

ദുബായ്: ടി20 ലോകകപ്പില്‍(T20 World Cup 2021) ടീം ഇന്ത്യക്ക്(Team India) സെമിയില്‍ എത്താന്‍ കെല്‍പുണ്ടെങ്കിലും ഏറ്റവും മികച്ച പ്രകടനം കാഴ്‌ചവെക്കണമെങ്കില്‍ ഹര്‍ദിക് പാണ്ഡ്യ(Hardik Pandya) പന്തെറിയാന്‍ ആരംഭിക്കുകയും ഭുവനേശ്വര്‍ കുമാര്‍(Bhuvneshwar Kumar) പേസ് വര്‍ധിപ്പിക്കുകയും ചെയ്യണമെന്ന് ഓസീസ് മുന്‍ സ്റ്റാര്‍ പേസര്‍ ബ്രെറ്റ് ലീ(Brett Lee). ഹര്‍ദിക് പന്തെറിയാന്‍ തയ്യാറായില്ലെങ്കില്‍ പകരക്കാരനെ ടീം ഇന്ത്യ കണ്ടെത്തണമെന്നും വാര്‍ത്താ ഏജന്‍സിയായ പിടിഐക്ക് നല്‍കിയ അഭിമുഖത്തില്‍ ലീ കൂട്ടിച്ചേര്‍ത്തു. 

'ഹര്‍ദിക് പാണ്ഡ്യ പന്തെറിയുന്നുണ്ടെങ്കില്‍ ടീം ഇന്ത്യ ഇരട്ടി കരുത്തരാകും. അദേഹം പൂര്‍ണ ആരോഗ്യവാനല്ലെങ്കില്‍ മറ്റ് താരങ്ങളെ കണ്ടെത്തേണ്ടിയിരിക്കുന്നു. ടീമില്‍ സ്‌പെഷ്യലിസ്റ്റ് ഓള്‍റൗണ്ടറായി കളിക്കേണ്ട താരമാണ് പാണ്ഡ്യ. പാണ്ഡ്യ പന്തെറിയണം. നല്ല കഴിവുണ്ട് അദേഹത്തിന്. ഡെത്ത് ഓവറുകളില്‍ നന്നായി പന്തെറിയാനാകും. യോര്‍ക്കറുകറുകളും നല്ല ബൗണ്‍സറുകളും എറിയാനാകും. പേസില്‍ നല്ല വ്യത്യാസം വരുത്താന്‍ സാധിക്കും. ഇന്ത്യന്‍ ടീമിന് കൂടുതല്‍ ഊര്‍ജം നല്‍കാന്‍ കെല്‍പുള്ള താരമാണ് പാണ്ഡ്യ'. 

ടി20 ലോകകപ്പ്: ഡേവിഡ് വീസ്, ദക്ഷിണാഫ്രിക്കയില്‍ നിന്നെത്തി നമീബിയക്ക് ചരിത്രനേട്ടം സമ്മാനിച്ച ഹീറോ

ഭുവിക്കൊരു ഉപദേശം

'ഇരു വശത്തേക്കും പന്ത് സ്വിങ് ചെയ്യാന്‍ കഴിവുള്ള താരമാണ് ഭുവനേശ്വര്‍ കുമാര്‍. ഇത് ഏറെ ബൗളര്‍മാര്‍ക്ക് കഴിയുന്ന കാര്യമല്ല. യുഎഇയിലെ വിക്കറ്റുകളില്‍ മികവ് കാട്ടാന്‍ ഭുവി 140 കിലോമീറ്റര്‍ വേഗത്തിനടുത്ത് പന്തെറിയണം. ഭുവി വേഗത്തില്‍ പന്തെറിയുകയും വേരിയേഷനുകള്‍ കണ്ടെത്തുകയും വേണം'- എന്നുമാണ് ബ്രെറ്റ് ലീയുടെ വാക്കുകള്‍. 

ലോകകപ്പ് തുടങ്ങുന്നതിന് മുമ്പേ ഹര്‍ദിക് പാണ്ഡ്യയുടെ ഫിറ്റ്‌നസ് വലിയ ചര്‍ച്ചയായിരുന്നു. പുറംവേദനയെ തുടര്‍ന്ന് നടത്തിയ ശസ്‌ത്രക്രിയക്ക് ശേഷം പാണ്ഡ്യ സ്വതസിദ്ധമായ ഫോമിലേക്ക് തിരിച്ചെത്തിയിട്ടില്ല. എന്നിട്ടും അദേഹത്തിന് ലോകകപ്പിനുള്ള 15 അംഗ ടീമില്‍ ഇടം നല്‍കുകയായിരുന്നു. ലോകകപ്പിന് തൊട്ടുമുമ്പ് നടന്ന ഐപിഎല്ലില്‍ ഒരു പന്ത് പോലും പാണ്ഡ്യ എറിഞ്ഞിരുന്നില്ല. ഇപ്പോള്‍ സ്‌പെഷ്യലിസ്റ്റ് ബാറ്റ്സ്‌മാനായാണ് പാണ്ഡ്യ ഇന്ത്യന്‍ ടീമില്‍ കളിക്കുന്നത്. 

ടി20 ലോകകപ്പ്: മുട്ടിലിരുന്ന് പ്രതിഷേധിക്കാതെ ക്വിന്‍റൺ ഡി കോക്ക്; വിവാദം കത്തിക്കാതെ ബവൂമ, അഭിനന്ദനപ്രവാഹം

കിവികള്‍ക്കെതിരെ പാണ്ഡ്യ കളിക്കുമോ? 

ലോകകപ്പില്‍ പാകിസ്ഥാനെതിരായ ആദ്യ മത്സരത്തിനിടെ ചുമലിന് പരിക്കേറ്റ ഹര്‍ദിക് പാണ്ഡ്യ സുഖംപ്രാപിച്ച് വരികയാണ്. താരത്തിന്‍റെ ആരോഗ്യനില ടീം മാനേജ്‌മെന്‍റ് നിരീക്ഷിക്കുന്നുണ്ട്. ഒക്‌ടോബര്‍ 31ന് ന്യൂസിലന്‍ഡിനെതിരായ മത്സരത്തില്‍ ഹര്‍ദിക് കളിക്കാന്‍ സാധ്യതയേറി. ആദ്യ മത്സരത്തില്‍ പാകിസ്ഥാനോട് കോലിപ്പട 10 വിക്കറ്റിന്‍റെ തോല്‍വി വഴങ്ങിയിരുന്നു. 

ടി20 ലോകകപ്പ്: ന്യൂസിലൻഡിന്‍റെ തോല്‍വി ആശ്വാസമായത് ടീം ഇന്ത്യക്ക്; കിവീസിനെതിരായ പോര് 'ക്വാർട്ടർ ഫൈനൽ'

click me!