
സിഡ്നി: ടി20 ലോകകപ്പില്‍ പാക്കിസ്ഥാനെതിരായ നിര്‍ണായക പോരാട്ടത്തില്‍ നിറം മങ്ങിയതിന്‍റെ പേരിലുള്ള വിമര്‍ശനങ്ങളുടെ കെട്ടടങ്ങും മുമ്പെ നെതര്‍ലന്‍ഡ്സിനെതിരെയും നിരാശപ്പെടുത്തിയതോടെ ഓപ്പണര്‍ കെ എല്‍ രാഹുലിനെ എയറിലാക്കി ആരാധകര്‍. പാക്കിസ്ഥാനെതിരെ പേസിന് മുന്നില്‍ പതുങ്ങിയ രാഹുല്‍ നെതര്‍ലന്‍ഡ്സിനെതരെ ബൗണ്ടറി അടിച്ച് തുടങ്ങിയെങ്കിലും പക്ഷെ അധികനേരം മുന്നോട്ടു പോകാനായില്ല. 12 പന്തില്‍ ഒമ്പത് റണ്‍സ് മാത്രമെടുത്ത് വിക്കറ്റിന് മുന്നില്‍ കുടുങ്ങി രാഹുല്‍ മടങ്ങി.
റിവ്യു എടുക്കാനുള്ള ക്യാപ്റ്റന്‍ രോഹിത് ശര്‍മയുടെ ഉപദേശം കണക്കിലെടുക്കാതെ റിവ്യു എടുക്കാതെ രാഹുല്‍ ക്രീസ് വിട്ടു. പക്ഷെ റീപ്ലേകളില്‍ പന്ത് വിക്കറ്റില്‍ കൊളളില്ലെന്ന് വ്യക്തമായി. റിവ്യൂ എടുത്തിരുന്നെങ്കില്‍ രാഹുല്‍ പുറത്താകില്ലാിരുന്നു. പാക്കിസ്ഥാനെതിരെ നാലു റണ്ണെടുത്ത് മടങ്ങിയപ്പോഴെ രാഹുലിനെതിരെ വിമര്‍ശനവുമായി എത്തിയ ആരാധകര്‍ തുടര്‍ച്ചയായ രണ്ടാം മത്സരത്തിലും നിരാശപ്പെടുത്തിയതോടെ ഇന്ത്യന്‍ വൈസ് ക്യാപ്റ്റനെ എയറിലാക്കുകയും ചെയ്തു.
ഐപിഎല്ലില്‍ ഓറഞ്ച് ക്യാപ്പിനായി ബാറ്റ് ചെയ്യുന്ന ബാറ്ററെന്ന് സ്ഥിരം വിമര്‍ശനമേറ്റുവാങ്ങുന്ന രാഹുല്‍ ഇത്തവണ നെതര്‍ലന്‍ഡ്സിന്‍റെ ഓറഞ്ച് പടക്കു മുന്നില്‍ പോലും തിളങ്ങാതിരുന്നതാണ് ആരാധകരെ പ്രകോപിപ്പിച്ചത്. ലോകകപ്പിലെ ദുര്‍ബലരായ എതിരാളികള്‍ക്കെതിരെ പോലും 75 സ്ട്രൈക്ക് റേറ്റില്‍ ബാറ്റു ചെയ്യുന്ന രാഹുലിനെ ടീമില്‍ നിന്ന് പുറത്താക്കണമെന്നാണ് ആരാധകര്‍ ആവശ്യപ്പെടുന്നത്.
കഴിഞ്ഞ അഞ്ച് ടി20 ഇന്നിംഗ്സുളില്‍ രണ്ട് അര്‍ധസെഞ്ചുറികള്‍ നേടിയെങ്കിലും രാഹുല്‍ മൂന്ന് തവണ രണ്ടക്കം കടന്നില്ല. 1, 51*,57*, 4, 9 എന്നിങ്ങനെയാണ് രാഹുലിന്‍റെ കഴിഞ്ഞ അഞ്ച് മത്സരങ്ങളിലെ പ്രകടനങ്ങള്‍. നെതര്‍ലന്‍ഡ്സിനെതിരെ വമ്പന്‍ സ്കോര്‍ നേടി രാഹുല്‍ വിമര്‍ശകരുടെ വായടപ്പിക്കുമെന്ന് കരുതിയെങ്കിലും വിമര്‍ശകരെ പോലും പറ്റിച്ചാണ് രാഹുല്‍ ഇന്നും കുറഞ്ഞ സ്കോറിന് പുറത്തായതെന്ന് ആരാധകര്‍ പറയുന്നു.
ഏഷ്യാനെറ്റ് ന്യൂസ് മലയാളത്തിലൂടെ Cricket News അറിയൂ. നിങ്ങളുടെ പ്രിയ ക്രിക്കറ്റ്ടീ മുകളുടെ പ്രകടനങ്ങൾ, ആവേശകരമായ നിമിഷങ്ങൾ, മത്സരം കഴിഞ്ഞുള്ള വിശകലനങ്ങൾ — എല്ലാം ഇപ്പോൾ Asianet News Malayalam മലയാളത്തിൽ തന്നെ!