പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തില്‍ സഞ്ജുവിന്‍റെ പേര് പറഞ്ഞാണ് രാഹുല്‍ ഗാന്ധി സംസാരിച്ചു തുടങ്ങിയത്.

തിരുവനന്തപുരം: ടി20 ലോകകപ്പില്‍ ഇന്ത്യയെ ഫൈനലിലെത്തിക്കുന്നതില്‍ നിര്‍ണായക സംഭാവന നല്‍കിയ മലയാളി താരം സഞ്ജു സാംസണെ പുകഴ്ത്തി കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി. പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ നയിക്കുന്ന പുതുയുഗ യാത്രയുടെ സമാപന സമ്മേളനത്തില്‍ സഞ്ജുവിന്‍റെ പേര് പറഞ്ഞാണ് രാഹുല്‍ ഗാന്ധി സംസാരിച്ചു തുടങ്ങിയത്. ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ ക്വാര്‍ട്ടര്‍ ഫൈനലിലും(സൂപ്പര്‍ 8 മത്സരം) സെമി ഫൈനലിലും മികച്ച പ്രകടനം നടത്തിയ സഞ്ജുവാണ് ഇന്ത്യയെ ഫൈനലിലെത്തിച്ചതെന്നും അദ്ദേഹം തിരുവനന്തപുരത്തുകാരനാണെവന്നും രാഹുല്‍ പറഞ്ഞപ്പോള്‍ സദസില്‍ നിന്ന് വൻ കരഘോഷമുയര്‍ന്നു.

എന്നാല്‍ രാഹുലിന്‍റെ പ്രസംഗം പരിഭാഷപ്പെടുത്തിയ എം.പി. അബ്ദുസമദ് സമദാനിക്ക് പരിഭാഷ പിഴച്ചു. സമദാനി പറഞ്ഞത്, ലോകകപ്പില്‍ പങ്കെടുത്ത ക്രിക്കറ്റ് ടീമിലെ അംഗങ്ങളായിട്ടുള്ള സഹോദരങ്ങളെ, അവരുടെ മഹത്തായ പ്രകടനത്തെ, ആ പ്രകടനം കാണുന്നതില്‍ എനിക്ക് അനല്‍പമായ സന്തോഷമുണ്ട് ഞാനവരെയെല്ലാവരെയും പ്രത്യേകം അഭിനന്ദിക്കുകയാണ് എന്നായിരുന്നു. ഇതുകേട്ട രാഹുല്‍ സമദാനിയെ നോക്കി സഞ്ജു സാംസണ്‍ എന്ന് അവര്‍ത്തിച്ചു പറഞ്ഞു. ഇതുകേട്ട സമദാനിയാകട്ടെ സാംസണ്‍, സാംസണ്‍.. സഞ്ജു സാംസണെ ഈ സന്ദർഭത്തില്‍ പ്രത്യേകം അഭിനന്ദിക്കുകയാണ് എന്ന് പരിഭാഷപ്പെടുത്തി. സഞ്ജു ലോകത്തില്‍ തന്നെ അറിയപ്പെടുന്ന ക്രിക്കറ്റ് താരമാണെന്നും അതുകൊണ്ട് തന്നെ സഞ്ജുവിന്‍റെ പേരില്‍ കേരളത്തിലെ ജനങ്ങളെ പ്രത്യേകം അഭിനന്ദിക്കുന്നുവെന്നും രാഹുല്‍ പറഞ്ഞു. കേരളത്തില്‍ മാത്രമല്ല വിദേശത്തും ദശലക്ഷക്കണക്കിന് ആളുകള്‍ക്ക് സഞ്ജുവിനെ ഇഷ്ടമാണ്. സഞ്ജു നമ്മുടെ രാജ്യത്തിന്‍റെ അഭിമാനമാണെന്ന് രാഹുല്‍ പറഞ്ഞപ്പോള്‍ സമദാനി നല്‍കിയ പരിഭാഷ ഇങ്ങനെയായിരുന്നു.

View post on Instagram

സഞ്ജു സാംസണെ പ്രത്യേകമായി അഭിനന്ദിക്കുന്നതോടൊപ്പം അദ്ദേഹത്തെപ്പോലെയുള്ള അസംഖ്യം പേരെ നല്ല ക്രിക്കറ്റര്‍മാരായി സ്പോര്‍ട്സ് രംഗത്ത് ശോഭിച്ചുകൊണ്ടിരിക്കുന്ന ബഹുമാന്യരായ നമ്മുടെ സന്താനങ്ങള്‍ സ്പോര്‍ട്സില്‍ രാജ്യത്തിന്‍റെ അഭിമാനമുയര്‍ത്താന്‍ വേണ്ടി പ്രവര്‍ത്തിച്ചുകൊണ്ടിരിക്കുന്ന എല്ലാ താരങ്ങളെയും സഞ്ജു സാംസണിന്‍റെ പേരില്‍ ഞാൻ പ്രത്യേകം അഭിനന്ദിക്കുന്നു എന്നായിരുന്നു.

ടി20 ലോകകപ്പില്‍ വെസ്റ്റ് ഇന്‍ഡീസിനെതിരായ വെര്‍ച്വല്‍ ക്വാര്‍ട്ടര്‍ ഫൈനലില്‍ 50 പന്തില്‍ 97 റണ്‍സുമായി പുറത്താകാതെ നിന്ന് ടീമിന്‍റെ വിജയശില്‍പിയായ സഞ്ജു സെമിയില്‍ ഇംഗ്ലണ്ടിനെതിരെ 42 പന്തില്‍ 89 റണ്‍സുമായി ഒരിക്കല്‍ കൂടി ഇന്ത്യയുടെ ടോപ് സ്കോററും കളിയിലെ താരവുമായിരുന്നു.

ഏഷ്യാനെറ്റ് ന്യൂസ് ലൈവ് കാണാന്‍ ഇവിടെ ക്ലിക് ചെയ്യുക